ആര്‍സിബിയുടെ പുതിയ മസാജര്‍ നവനീത ഗൗതം പറയുന്നു; 20 ആങ്ങളമാര്‍ എനിക്കുചുറ്റും നില്‍ക്കുന്നതുപോലെയാണത്

By Web TeamFirst Published Oct 28, 2019, 6:41 PM IST
Highlights

നവനീത ആദ്യമായല്ല ഒരു ക്രിക്കറ്റ് ടീമിന്റെ മസാജ് തെറാപിസ്റ്റാവുന്നത്. ഗ്ലോബല്‍ ടി20 ടൂര്‍ണമെന്റില്‍ ടൊറാന്റോ നാഷണല്‍സിന്റെയും ബാസ്‌കറ്റ് ബോളില്‍ ഏഷ്യാ കപ്പ് കളിച്ച ഇന്ത്യന്‍ വനിതാ ടീമിന്റെയും മസാജ് തെറാപിസ്റ്റായിരുന്നു നവനീത.

ബംഗലൂരു: ഐപിഎല്‍ സീസണ്‍ തുടങ്ങാലും താരലേലത്തിനും ഇനിയും മാസങ്ങളുണ്ടെങ്കിലും ഇത്തവണ അതിനൊക്കെ മുമ്പെ വാര്‍ത്ത സൃഷ്ടിച്ചത് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആയിരുന്നു. ടീമിന്റെ മസാജ് തെറാപിസ്റ്റായി നവനീത ഗൗതം എന്ന യുവതിയെ നിയമിച്ചായിരുന്നു ബംഗലൂരു ആരാധകരെ അമ്പരപ്പിച്ചത്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ വനിതാ സപ്പോര്‍ട്ട് സ്റ്റാഫുകളെ ടീമുകള്‍ നിയോഗിക്കുന്നത് അപൂര്‍വമാണ്.

മുന്‍ ഐപിഎല്‍ ടീമായ ഡെക്കാന്‍ ചാര്‍ജേഴ്സ് മസാജ് തെറാപിസ്റ്റുകളായി ആഷ്‌ലിയ ജോയ്സിനെയും പാട്രിക്ക ജെന്‍കിന്‍സിനെയും നിയോഗിച്ചത് മാത്രമാണ് ഇതിനൊരു അപവാദം. കാനഡയില്‍ ജോലി ചെയ്യുന്ന നവനീത ബാംഗ്ലൂരിന്റെ മസാജ് തെറാപിസ്റ്റായി വരുന്നുവെന്ന വാര്‍ത്ത വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു.

ഒരു വനിതയെ പുരുഷ ടീമിന്റെ മസാജ് തെറാപിസ്റ്റായി നിയോഗിക്കുന്നതിനെതിരെ ആയിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ അതൊന്നും കാര്യമാക്കുന്നില്ലെന്ന്  പറയുകയാണ് നവനീത. ഇഎസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലാണ് നവനീത് മനസുതുറന്നത്.

തനിക്ക് ചുറ്റും എപ്പോഴും 20 ആങ്ങളമാര്‍ നില്‍ക്കുന്നതായാണ് ആര്‍സിബിക്കൊപ്പമുള്ള ജോലിയെന്ന് നവനീത പറയുന്നു. പതുക്കെയാണെങ്കിലും കായികരംഗത്തും മാറ്റം വരുന്നുണ്ട്.  നമ്മുടെ ജോലിയില്‍ കളിക്കാര്‍ക്കും മറ്റ് അംഗങ്ങള്‍ക്കും വിശ്വാസമുള്ളിടത്തോളം കാലം സ്ത്രീയോ പുരുഷനോ എന്നത് വിഷയമല്ലെന്നും നവനീത വ്യക്തമാക്കി.

നവനീത ആദ്യമായല്ല ഒരു ക്രിക്കറ്റ് ടീമിന്റെ മസാജ് തെറാപിസ്റ്റാവുന്നത്. ഗ്ലോബല്‍ ടി20 ടൂര്‍ണമെന്റില്‍ ടൊറാന്റോ നാഷണല്‍സിന്റെയും ബാസ്‌കറ്റ് ബോളില്‍ ഏഷ്യാ കപ്പ് കളിച്ച ഇന്ത്യന്‍ വനിതാ ടീമിന്റെയും മസാജ് തെറാപിസ്റ്റായിരുന്നു നവനീത.

click me!