നിതീനിഷേധത്തിന്റേയും അവഗണനയുടേയും വരമ്പുകള്‍ താണ്ടി അര്‍ഹതപ്പെട്ട സ്ഥാനം കേവലം 22 പന്തുകൾക്കൊണ്ട്, ഒരു രാവുകൊണ്ട് സഞ്ജു സാംസണ്‍ തിരികെ പിടിച്ചിരിക്കുന്നു

ഇതിഹാസങ്ങള്‍ പെരുങ്കളിയാട്ടം അവസാനിപ്പിച്ചിറങ്ങിയപ്പോള്‍ ഇന്ത്യൻ ക്രിക്കറ്റില്‍ അയാള്‍ക്കൊരു കസേര ലഭിച്ചു. വീണുകിട്ടയതോ ദാനം കിട്ടിയതോ വെച്ചുനീട്ടിയതോ ആയിരുന്നില്ല അത്. ഹൈദരാബാദും ഡര്‍ബനും ജോഹന്നാസ്ബര്‍ഗും ഒറ്റയ്ക്ക് കീഴടക്കി വെട്ടിപ്പിടിച്ചതായിരുന്നു. സ്വപ്നം കണ്ടതെല്ലാം മുന്നില്‍ തെളിഞ്ഞപ്പോള്‍ കിരീടവും ചെങ്കോലുമായി ഒരുവൻ വന്നു. അവനുവേണ്ടി വാദിക്കാൻ ഗോ‍ഡ്‌ഫാദര്‍മാര്‍ അണിനിരന്നു. നേടിയെതെല്ലാം മറന്ന് ഒരു അരികത്തേക്ക് മാറി നില്‍ക്കണം, കാണിയെപ്പോലെ, അതായിരുന്നു തീരുമാനം.

പുതിയ രാജകുമാരനെ അംഗീകരിക്കാൻ രാജ്യം മടിച്ചു. അങ്ങനെ 100 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഒരു അവസരം അയാളെ തേടിയെത്തി. വണ്‍ ലാസ്റ്റ് ചാൻസ്. സ്വന്തം വിധിയെഴുതാൻ ഒരുരാത്രി. അഹമ്മദാബാദായിരുന്നു വേദി. പരാജയപ്പെട്ടാല്‍, ഓരത്ത് തന്നെ നില്‍ക്കേണ്ടി വരും. എത്രകാലമെന്ന് ഉറപ്പില്ല. ഓരോ പന്തുകളും ജീവന്മരണപ്പോരാട്ടത്തിന് തുല്യമായിരുന്നു. സമ്മര്‍ദം പൊടിഞ്ഞിറങ്ങിയ രാത്രിയെ അയാള്‍ ജയിച്ചു. 22 പന്തുകള്‍ 37 റണ്‍സ്. നാല് ഫോര്‍ രണ്ട് സിക്സ്. 168 സ്ട്രൈക്ക് റേറ്റ്. സ്റ്റമ്പിന് പിന്നില്‍ ചോരാത്ത കൈകള്‍.

ദാനം കിട്ടിയ 15 ഇന്നിങ്സുകള്‍ക്കൊടുവില്‍ ഇന്ത്യൻ ക്രിക്കറ്റിന്റെ സിംഹാസനത്തില്‍ നിന്ന് രാജകുമാരനെ താഴെയിറക്കാൻ തീരുമാനം വന്നിരിക്കുന്നു. നിതീനിഷേധത്തിന്റേയും അവഗണനയുടേയും വരമ്പുകള്‍ താണ്ടി അര്‍ഹതപ്പെട്ട സ്ഥാനം 22 പന്തുകൾക്കൊണ്ട് അവൻ തിരികെ പിടിച്ചിരിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ സമവാക്യങ്ങളെ തിരിത്തുയെഴുതിയ പുല്ലുവിളക്കാരൻ. ട്വന്റി 20യുടെ വിശ്വകിരീടപ്പോരിന് ഇന്ത്യക്കായി അയാള്‍ ക്രീസിലെത്തും, അഭിഷേക് ശര്‍മയ്ക്കൊപ്പം ഓപ്പണറായി, വിക്കറ്റ് കീപ്പറായി. സഞ്ജു വിശ്വനാഥ് സാംസണ്‍.

ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപനത്തിലെ നിര്‍ണായകമായ തീരുമാനം അതായിരുന്നു. ഉപനായകൻ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയെന്നത്. ട്വന്റി 20ക്ക് മൂന്ന് ഘട്ടമാണുള്ളത്. പവര്‍പ്ലെ, ശേഷം ഏഴ് മുതല്‍ 15 ഓവര്‍ വരെ. പിന്നീട് 16 മുതല്‍ 20 വരെയുള്ള അവസാനഘട്ടം. പവര്‍പ്ലേ നേടുക എന്നത് പ്രധാനമാണ്. പവര്‍പ്ലേയില്‍ ഇന്ത്യക്ക് ഏറ്റവുമധികം മുൻതൂക്കം നേടിക്കൊടുത്ത കോമ്പിനേഷൻ അഭിഷേകിന്റേയും സഞ്ജുവിന്റേയുമായിരുന്നു. ഇതായിരുന്നു സൂര്യകുമാറിന് നല്‍കാനുള്ള വിശദീകരണം. ഇതുതന്നെയായിരുന്നു ഗില്ലിന്റെ വരവിന് പിന്നാലെ ഉയര്‍ന്ന് വിമര്‍ശനങ്ങളുടെയെല്ലാം ആധാരവും.

ഓപ്പണറായി മൂന്ന് സെഞ്ചുറികള്‍ നേടിയ ഒരു താരം. അതില്‍ രണ്ടെണ്ണം ബാറ്റര്‍മാരുടെ ശവപ്പറമ്പുകളായി കാലം അടയാളപ്പെടുത്തിയിട്ടുള്ള ദക്ഷണാഫ്രിക്കൻ മണ്ണില്‍. ഡര്‍ബനിലും ജോഹന്നാസ്ബര്‍ഗിലും. സമാനതകളില്ലാത്ത പ്രകടനം, ഫോര്‍മാറ്റില്‍ നിലവില്‍ കളിക്കുന്ന ഇന്ത്യൻ താരങ്ങളില്‍ കൂടുതല്‍ സെഞ്ചുറിയുള്ളത് സൂര്യകുമാറിന് മാത്രം. എന്നിട്ടും തഴയുകയായിരുന്നു. ഈ നേട്ടങ്ങള്‍ മാറ്റി നിര്‍ത്താം. ഗില്ലിന്റേയും സഞ്ജുവിന്റേയും ഓപ്പണറായുള്ള പ്രകടനം.

സഞ്ജു 18 ഇന്നിങ്സുകളില്‍ നിന്ന് 559 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 180നടുത്ത്. ഗില്‍ 36 ഇന്നിങ്സുകളില്‍ നിന്ന് 869 റണ്‍സ്, കരിയര്‍ സ്ട്രൈക്ക് റേറ്റ് 138. 2025ലെ കണക്കെടുത്താല്‍ ഗില്ലിന്റെ സ്ട്രൈക്ക് റേറ്റ് 137 ആണ്. ഒരു അര്‍ദ്ധ സെഞ്ചുറി പോലുമില്ല 15 ഇന്നിങ്സുകളില്‍ നിന്ന്. ഗില്‍ തുടരെ പരാജയപ്പെടുമ്പോഴും സഞ്ജുവിന്റെ സ്ഥാനം ഡഗൗട്ടില്‍ മാത്രമായിരുന്നു. പവര്‍പ്ലേകള്‍ ഇന്ത്യ കൈവിടുകയും അഭിഷേകി അഗ്രസീവില്‍ നിന്ന് അള്‍ട്രാ അഗ്രസീവിലേക്ക് മാറുകയും ചെയ്യേണ്ടതായി വന്നു. കാരണം, ഗില്ലിന്റെ കുറഞ്ഞ സ്ട്രൈക്ക് റേറ്റ് നല്‍കിയ സമ്മര്‍ദം ചെറുതായിരുന്നില്ല.

പിന്നാലെ വന്നവരുടെ പ്രകടനങ്ങളിലെല്ലാം അത് നിഴലിക്കുകയും ചെയ്തു. ഇതിഹാസങ്ങള്‍പ്പോലും സഞ്ജുവിനോടുള്ള അവഗണനയെ നിരന്തരം ചോദ്യം ചെയ്തു. എന്നും എല്ലാ മത്സരങ്ങളിലും നേരിടുന്ന ഓരോ പന്തിലും വിലയിരുത്തപ്പെട്ടുകൊണ്ടേയിരുന്നു. ഇന്ത്യൻ ക്രിക്കറ്റില്‍ മറ്റാര്‍ക്കുമില്ലാത്ത അരക്ഷിതാവസ്ഥ. മൂന്നിലും അഞ്ചിലും എന്തിന് എട്ടാം നമ്പറില്‍ പോലും അവസരം ലഭിക്കാത്ത സാഹചര്യമുണ്ടായി. വിക്കറ്റ് കീപ്പര്‍ സ്ഥാനം ജിതേഷിന് നല്‍കേണ്ടിയും വന്നു. പക്ഷേ, അഹമ്മദാബാദ് എല്ലാം തിരുത്തിയെഴുതുകയായിരുന്നു.

ഗില്ലിന് പുറമെ ജിതേഷ് ശര്‍മയും ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടു. സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലെ ടോപ് സ്കോറിറിന്റെ തിളക്കം ഇഷാൻ കിഷനെ ഇന്ത്യൻ ടീമില്‍ തിരിച്ചെത്തിച്ചു. ഒപ്പം റിങ്കു സിങ്ങിനേയും. മെറിറ്റിന് മുകളിലല്ല ആരുമെന്ന് കാലം തെളിയിച്ചു. ഗില്ലിനെ തഴഞ്ഞ് സഞ്ജുവിന്റെ കൈ പിടിക്കാൻ സൂര്യകുമാര്‍ തയാറാകുമ്പോള്‍, ട്വന്റി 20യില്‍ ഇന്ത്യയുടെ സഞ്ചാരം ശരിയായ വഴിയിലെന്ന് ഉറപ്പിക്കാം. കരിയറിലാദ്യമായി ലോകകപ്പില്‍ ക്രിസീലെത്തും സഞ്ജു. ഇനിയാണ് കളി. സഞ്ജു, ഇറ്റ്സ് ടൈം.