
മൈതാനത്ത് പന്തുരുളുന്നതിനോടൊപ്പം സഞ്ചരിക്കുന്ന ചില സത്യങ്ങളുണ്ട്. സമൂഹത്തില്‍ തുടരുന്ന വിവേചനങ്ങളുടെ അധിക്ഷേപങ്ങളുടെ അപമാനങ്ങളുടെ അധ്യായങ്ങളില്‍ നിന്ന് കാല്‍പന്തും മുക്തമല്ല. അവിടെ നിറവും വംശവും ജനിച്ച് വീണ മണ്ണുമെല്ലാം ഇന്നും ചോദ്യം ചെയ്യപ്പെടുന്നുവെന്നത് യാഥാര്‍ത്ഥ്യവുമാണ്.
കറുത്തവര്‍ഗക്കാരുടെ ചെവികള്‍ ഫുട്ബോള്‍ മൈതാനങ്ങളിലും അവര്‍ക്ക് ചുറ്റുമിരിക്കുന്ന പതിനായിരങ്ങളുടെ നാവില്‍ നിന്നും അധിക്ഷേപവാക്കുകള്‍ കേട്ടുതുടങ്ങിയിട്ട് കാലമെത്രയായി. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബില്‍ കളിക്കുമ്പോഴും ഏറ്റവും മൂല്യമുള്ള താരങ്ങളായിട്ടും കിലിയൻ എംബാപയ്ക്കൊ വിനീഷ്യസ് ജൂനിയറിനൊ ഇവിടെ മുക്തിലഭിച്ചിട്ടില്ല.
വര്‍ണവെറിയുടെ നാവുകള്‍ക്ക് മുന്നില്‍ മത്സരങ്ങള്‍ പോലും നിര്‍ത്തിവെക്കേണ്ടതായി വന്നിട്ടുണ്ട്, താരങ്ങള്‍ അമര്‍ഷം പൂണ്ടും കരഞ്ഞുകൊണ്ടും കളം വിട്ടിട്ടുണ്ട്. പക്ഷേ, ചെറുത്തുനില്‍പ്പുകളുണ്ടായിട്ടുണ്ട്, അതുകൊണ്ടാണ് ഫുട്ബോള്‍ പലപ്പോഴും രാഷ്ട്രീയവേദിയായി മാറുന്നത് പോലും. അത്തരം ചെറുത്തുനില്‍പ്പുകളും നിശബ്ദമാകുന്ന സാഹചര്യമുണ്ടാകുമ്പോള്‍ എന്ത് ചെയ്യുമെന്നതാണ് ആശങ്ക.
പറഞ്ഞുവരുന്നത് അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പിലെ ചില സംഭവികാസങ്ങളെക്കുറിച്ചാണ്. വംശീയതയ്ക്ക് എതിരായുള്ള ഫിഫയുടെ ഒരു നീക്കങ്ങളും ക്ലബ്ബ് ലോകകപ്പ് വേദികളില്‍ ആദ്യ വാരം പ്രത്യക്ഷപ്പെടുന്നില്ല. അതിനി ഉണ്ടാവുകയുമില്ലെന്നാണ് അറിയാനും കഴിയുന്നത്. ഈ നീക്കത്തിന് പിന്നാലെ വ്യാപകമായ വിമര്‍ശനമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്, അതിന് ചില കാരണങ്ങളുമുണ്ട്.
വംശീയത ഫുട്ബോള്‍ മൈതാനങ്ങളില്‍ നിന്ന് തുടച്ചുനീക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പലകുറി ആവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. വംശീയ അധിക്ഷേപങ്ങളുണ്ടാകുന്ന പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കുന്നിതിനേയും ഇൻഫാന്റീനൊ പിന്തുണച്ചിട്ടുണ്ട്. വിവേചനങ്ങള്‍ക്കെതിരായ അവബോധം വളര്‍ത്തുന്നതിനായുള്ള നീക്കങ്ങളുണ്ടാകുമെന്ന ഉറപ്പും നല്‍കി.
2024ല്‍ ഫിഫയുടെ 74-ാം സമ്മേളനത്തിലാണ് നോ റേസിസം ജെസ്റ്റര്‍ അവതരിപ്പിച്ചതും. ക്രോസ്‌ഡ് ആംസാണ് ഇതിന്റെ സിമ്പലായി തിരഞ്ഞെടുത്തതും. ഫിഫ വേദികളിലെല്ലാം റേസിസത്തിനെതിരായ പ്രതീകങ്ങളുണ്ടാകുമെന്ന ഒരു വാക്കുകൂടിയൊപ്പമുണ്ടായിരുന്നു. ക്ലബ്ബ് ലോകകപ്പിന് മുന്നോടിയായി ചില പ്രൊമോകള്‍ തയാറാക്കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്, എന്നാല്‍ ഒന്നും ഇതുവരെ വേദികളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടില്ല.
ഇതിന് പിന്നില്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ഇടപെടലാണെന്നാണ് വ്യാപകമായി നിലനില്‍ക്കുന്ന വിമര്‍ശനം. ജിയാനി ട്രംപ് ഭരണകൂടവുമായി അടുത്തുനില്‍ക്കുന്ന വ്യക്തിയാണ്. ട്രംപിന്റെ വിക്ടറി റാലിയുടെ ഭാഗമായിരുന്നു ജിയാനിയും. ട്രംപിന്റെ രാഷ്ട്രീയ നിലപാടുകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതാണ് ഈ നീക്കത്തിന് പിന്നിലെന്ന ചോദ്യങ്ങളോട് പ്രതികരിക്കാൻ ഫിഫ ഇതുവരെ തയാറായിട്ടില്ല.
രാഷ്ട്രീയത്തില്‍ ഫിഫയ്ക്ക് നിഷ്‌പക്ഷ നിലപാടാണെന്നാണ് ഫിഫ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ട്രംപ് ഭരണകൂടത്തിന് കീഴില്‍ വംശീയതയ്ക്ക് എതിരായ ക്യാമ്പയിനുകള്‍ അപ്രതീക്ഷമാകുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സൂപ്പര്‍ ബൗളില്‍ പൊതുവരെ പ്രദര്‍ശിപ്പിക്കാറുള്ള എൻഡ് റേസിസം ക്യാമ്പയിൻ ഉണ്ടായിരുന്നില്ല. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആദ്യമയാണ് ഇത് സംഭവിച്ചത്.
വര്‍ണവിവേചനത്തിന്റെ അതിര്‍വരമ്പുകള്‍ കടന്ന് മേജര്‍ ലീഗ് ബേസ്ബോളില്‍ ഇടം നേടിയ മുൻ സൈനികൻ ജാക്കി റോബിൻസണെക്കുറിച്ചുള്ള ലേഖനങ്ങള്‍ അമേരിക്കയുടെ പ്രതിരോധ വകുപ്പിന്റെ സൈറ്റില്‍ നിന്ന് നീക്കിയിരുന്നു. എന്നാല്‍, പ്രതീഷേധമുണ്ടായതോടെ വീണ്ടും ലേഖനം പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ക്ലബ്ബ് ലോകകപ്പിലെ സംഭവവികാസങ്ങളെ വിലയിരുത്തപ്പെടുന്നതും.
ഓസ്ട്രേലിയ ആതിഥേയത്വം വഹിച്ച 2023 വനിത ഫുട്ബോള്‍ ലോകകപ്പിലുള്‍പ്പടെ വലിയ ക്യാമ്പയിനുകള്‍ ഫിഫ നടപ്പാക്കിയിരുന്നു. ലിംഗസമത്വത്തിനായി ഒന്നിക്കുക, തുല്യതയ്ക്കായി ഒന്നിക്കുക, എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനായി ഒന്നിക്കുക, വിശപ്പ് തുടച്ചുനീക്കുന്നതിനായി ഒന്നിക്കുക...തുടങ്ങി നിരവധി. ഇത് സ്റ്റേഡിയത്തിലെ എല്‍ഇഡി ബോര്‍ഡുകളിലും പരസ്യങ്ങളിലുമെല്ലാം പ്രതിഫലിക്കുകയും ചെയ്തു.
എന്നാല്‍, ഇത് അമേരിക്കയില്‍ ആവര്‍ത്തിക്കാൻ ഫിഫയ്ക്ക് സാധിക്കാതെ പോവുകയാണ്. ഖത്തര്‍ ലോകകപ്പില്‍ സമാനമായി ചില സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. വണ്‍ ലൗ ആംബാൻഡുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ലൈംഗീക ന്യൂനപക്ഷങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി റെയിൻബൊ ആംബാൻഡ് ധരിക്കാനുള്ള ടീമുകളുടെ നീക്കത്തെ ഫിഫ തടഞ്ഞിരുന്നു. ഇതിനെതിരെ മൈതാനത്ത് ടീമുകളുടെ ഭാഗത്തുനിന്ന് തുറന്ന പ്രതിഷേധവും ഉണ്ടായി.
ഗള്‍ഫ് രാജ്യത്തിന്റെ നിയമങ്ങള്‍ വിരുദ്ധമായതിനാലായിരുന്നു ഫിഫയുടെ നീക്കം. പക്ഷേ, ഫിഫയുടെ മറ്റ് ക്യാമ്പയിനുകള്‍ക്ക് തുടര്‍ച്ചയുണ്ടായി. നിലവിലെ ഫിഫയുടെ തീരുമാനം 2026 ഫുട്ബോള്‍ ലോകകപ്പിലും ആവര്‍ത്തിക്കുമെന്നും കരുതപ്പെടുന്നു. കാനഡയും മെക്സിക്കോയും അമേരിക്കയുമാണ് ടൂര്‍ണമെന്റിന്റെ ആതിഥേയത്വം വഹിക്കുന്നത്. എത്തരത്തിലായിരിക്കും ഫിഫയുടെ നീക്കമെന്നതില്‍ വ്യക്തതയില്ല ഇതുവരെ.
ഇത്തരം ക്യാമ്പയിനുകളും ചെറുത്തുനില്‍പ്പുകളും അപ്രത്യക്ഷമാകുമ്പോള്‍ അത് അധിക്ഷേപങ്ങള്‍ക്കുള്ള നിശബ്ദമായ അനുമതിയും കൂടിയാകും. വിവേചനങ്ങളുടെ പുതിയ അധ്യായങ്ങള്‍ തുറക്കപ്പെടാനുള്ള വേദി സൃഷ്ടിക്കുന്നതിന് തുല്യമാകും. ജോര്‍ജ് ഫ്ലോയിഡിനെപ്പോലുള്ള അനേകരുടെ ജീവനുകള്‍ക്ക് ഉത്തരമില്ലാതെ തുടരും...വിനീഷ്യസുമാരുടെ കണ്ണീരുകള്‍ ഇനിയും പൊഴിയും...