Review 2021 : ടെന്നിസിൽ ജോകോവിച്ചിന്‍റെ 2021, കാണാതായ പെംഗ് ഷൂയി, താരോദയമായി എമ്മ റാഡുക്കാനു

Published : Dec 30, 2021, 10:43 AM ISTUpdated : Dec 30, 2021, 10:48 AM IST
Review 2021 : ടെന്നിസിൽ ജോകോവിച്ചിന്‍റെ 2021, കാണാതായ പെംഗ് ഷൂയി, താരോദയമായി എമ്മ റാഡുക്കാനു

Synopsis

ഫ്രഞ്ച് ഓപ്പൺ സെമിയിൽ നൊവാക് ജോകോവിച്ചിന് മുന്നിൽ കളിമൺകോർട്ടിലെ രാജാവായ റാഫേൽ നദാലിന് പിടിച്ചുനിൽക്കാനായില്ല

പാരീസ്: ടെന്നിസിൽ നൊവാക് ജോകോവിച്ചിന്‍റെ വർഷമായിരുന്നു 2021. ചൈനീസ് വനിതാ ടെന്നിസ് താരം പെംഗ് ഷൂയിയുടെ തിരോധാനമായിരുന്നു മറ്റൊന്ന്. വനിതകളിൽ പുതിയ താരോദയവും കണ്ടു. ഈ വർഷത്തെ പ്രധാന ടെന്നിസ് സംഭവങ്ങളിലേക്ക് ഒരിക്കൽക്കൂടി.

ടെന്നിസിൽ ഈ വർഷത്തെ ഏറ്റവും മികച്ചപോരാട്ടം, ഫ്രഞ്ച് ഓപ്പൺ സെമിയിൽ നൊവാക് ജോകോവിച്ചിന് മുന്നിൽ കളിമൺകോർട്ടിലെ രാജാവായ റാഫേൽ നദാലിന് പിടിച്ചുനിൽക്കാനായില്ല. പതിനാലാം കിരീടം ലക്ഷ്യമിട്ട നദാലിനെ സെർബിയൻ താരം വീഴ്ത്തിയത് നേരിട്ടുള്ള സെറ്റുകൾക്ക്. സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തോൽപിച്ച് ജോകോവിച്ച് തന്‍റെ രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടം സ്വന്തമാക്കുകയും ചെയ്‌തു.

വിംബിൾഡണിലും ഓസ്ട്രേലിയൻ ഓപ്പണിലും ജോകോവിച്ചിന്‍റെ ജൈത്രയാത്ര കണ്ടു. എന്നാൽ ജോകോവിച്ചിന്‍റെ കലണ്ടർ സ്ലാം സ്വപ്‌നം പൂവണിഞ്ഞില്ല. യു എസ് ഓപ്പണിൽ ജോകോവിച്ച് അവസാന കടമ്പയിൽ വീണു. ജോകോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ച ഡാനിൽ മെദ്‍വദേവിന് ആദ്യ ഗ്രാൻസ്ലാം കിരീടം കരസ്ഥമാവുകയായിരുന്നു. ടോക്കിയോ ഒളിംപിക്‌സ് സെമി ഫൈനലിൽ അലക്‌സാണ്ടർ സ്വരേവ് സെർബിയൻ താരത്തിന്‍റെ വഴിയടച്ചു. ഒളിംപിക്‌സ് സ്വർണവും സ്വരേവിന് സ്വന്തം.

യുഎസ് ഓപ്പണിൽ വിസ്‌മയമായത് റുമാനിയൻതാരം എമ്മ റാഡുക്കാനുവാണ്. ടൂർണമെന്‍റ് തുടങ്ങുമ്പോൾ യോഗ്യതാ റൗണ്ടിലൂടെ എത്തിയ എമ്മയെ ആരുമറിയുമായിരുന്നില്ല. ഫൈനലിൽ മറ്റൊരു കൗമാര പ്രതിഭയായ ലൈല ഫെർണാണ്ടസിനെ വീഴ്ത്തിയ എമ്മയ്ക്ക് സ്വപ്നസാഫല്യം. നാലുതവണ ഗ്രാൻസ്ലാം ചാമ്പ്യനായ നയോമി ഒസാക്ക 2021ൽ വാർത്തകളിൽ നിറഞ്ഞത് കളിക്കളത്തിന് പുറത്തെ തീരുമാനങ്ങളിലൂടെയായിരുന്നു. മാനസിക സമ്മർദം ചൂണ്ടിക്കാട്ടി വാർത്താസമ്മേളനങ്ങൾ ഒഴിവാക്കിയ ഒസാക്ക ഫ്രഞ്ച് ഓപ്പൺ ബഹിഷ്‌കരിച്ചു.

കരിയറിന്‍റെ അവസാന പടവുകളിലൂടെ നീങ്ങുന്ന റോജർ ഫെഡറർ മിക്കപ്പോഴും അസാന്നിധ്യത്തിലൂടെ ശ്രദ്ധേയനായി. കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേനായ സ്വിസ് ഇതിഹാസം സീസണിൽ കളിച്ചത് 13 മത്സരങ്ങൾ മാത്രം. നാൽപതാം വയസിലും റാക്കറ്റ് വീശുന്ന സെറീന വില്യംസിന്‍റെ ഇരുപത്തിനാലാം ഗ്രാൻസ്ലാം കിരീടത്തിനായുള്ള കാത്തിരിപ്പ് നീളുന്നു.

ചൈനീസ് മുൻ ഉപപ്രധാനമന്ത്രിക്കെതിരെ ലൈംഗികാതിക്രമ അരോപണം ഉന്നയിച്ച വനിതാ താരം പെംഗ് ഷൂയിയുടെ തിരോധാനമായിരുന്നു ടെന്നിസ് ലോകത്തെ മറ്റൊരു പ്രധാന സംഭവം. ജോകോവിച്ചും സെറിനയുമടക്കമുള്ള താരങ്ങളും ഡബ്ലിയുടിഎയുമെല്ലാം പ്രതിഷേധവുമായി രംഗത്ത് എത്തിയപ്പോഴാണ് പെംഗ് ഷൂയിയെ വീണ്ടും ലോകം കണ്ടത്. ടെന്നിസില്‍ സംഭവബഹുലമായ ഒരു വര്‍ഷമാണ് കോര്‍ട്ടിന് പിന്നിലേക്ക് മറയുന്നത്. 

PREV
click me!

Recommended Stories

ന്യൂസിലൻഡ് പരമ്പര അവസാന ലാപ്പ്; സഞ്ജുവിന്റെ കംബാക്ക് മുതല്‍ സൂര്യയുടെ ആശങ്ക വരെ
വിരമിക്കല്‍ ഒരുപാട് അകലെയല്ല! രവീന്ദ്ര ജഡേജയുടെ ഏകദിന കരിയര്‍ അവസാനത്തിലേക്കോ?