ബഹിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ല; പാക്കിസ്ഥാന് മുന്നില്‍ ഇനിയെന്ത്?

Published : Feb 05, 2026, 03:13 PM IST
India vs Pakistan

Synopsis

മത്സരബഹിഷ്കരണവുമായി ബന്ധപ്പെട്ട് ഐസിസി നിയമങ്ങള്‍ പറയുന്നതെന്താണ്, നടപടികളില്‍ നിന്ന് ഒഴിവാകാൻ പാക്കിസ്ഥാന് മുന്നില്‍ വഴികളുണ്ടോ? ഫോഴ്‌സ് മഷൂർ ക്ലോസ് ഉപയോഗിക്കുമോ?

രണ്ട് രാവുകള്‍ക്കപ്പുറം ട്വന്റി 20 ലോകകപ്പിന് കൊടിയേറും. ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പാക്കിസ്ഥാൻ. ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പാക്കിസ്ഥാന്റെ തീരുമാനം. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഇത് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍, ഐസിസിക്ക് മുന്നില്‍ ഈ കാരണം ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാൻ മാത്രം പോന്നതാണോയെന്നാണ് ചോദ്യം. ഐസിസി നിയമങ്ങള്‍ പറയുന്നതെന്താണ്, നടപടികളില്‍ നിന്ന് ഒഴിവാകാൻ പാക്കിസ്ഥാന് മുന്നില്‍ വഴികളുണ്ടോ? ഫോഴ്‌സ് മഷൂർ ക്ലോസ് ഉപയോഗിക്കുമോ?

ഒന്ന് വാക്ക് ഓവർ റൂളാണ്. പാക്കിസ്ഥാൻ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍ ഇന്ത്യക്ക് വാക്ക് ഓവര്‍ ലഭിക്കും. ഇതിനായി ഇന്ത്യൻ ടീം മത്സരം നടക്കുന്ന വേദിയിലെത്തണം. നായകൻ സൂര്യകുമാര്‍ യാദവ് ടോസിന് തയാറാകുകയും പാക്കിസ്ഥാൻ ക്യാപ്റ്റൻ സല്‍മാൻ അലി അഗ സാന്നിധ്യം അറിയിക്കാതിരിക്കുകയും ചെയ്താല്‍ മാച്ച് റഫറി ഔദ്യോഗികമായി പോയിന്റ് ഇന്ത്യക്ക് നല്‍കും.

പക്ഷേ, ഇവിടെ പാക്കിസ്ഥാന് കനത്ത തിരിച്ചടിയുണ്ടാകും. പാക്കിസ്ഥാൻ 20 ഓവര്‍ കളിച്ചതായാണ് ഈ സാഹചര്യത്തില്‍ പരിഗണിക്കുക. റണ്‍സ് പൂജ്യവും. ഇത് നെറ്റ് റണ്‍റേറ്റിനെ കാര്യമായി ബാധിക്കുകയും ടൂര്‍ണമെന്റിലെ അടുത്ത ഘട്ടത്തിലേക്കുള്ള യാത്ര കടുപ്പമാക്കുകയും ചെയ്യും.

മറ്റൊന്ന് മത്സരത്തില്‍ നിന്ന് വിട്ടുനിന്നാലുണ്ടാകുന്ന സാമ്പത്തിക നടപടികളാണ്, പിഴയും ഇതില്‍ ഉള്‍പ്പെടുന്നു. ടൂര്‍ണമെന്റിലെ തന്നെ വാണിജ്യപരമായി ഏറ്റവും വലിയ മത്സരമാണ് ഇന്ത്യ-പാക്കിസ്ഥാൻ. ബ്രോഡ്‌കാസ്റ്റിങ് കമ്പനികള്‍ക്ക് പാക്കിസ്ഥാന്റെ ബഹിഷ്കരണം മൂലമുണ്ടാകുക വലിയ സാമ്പത്തിക നഷ്ടമാണ്. ഈ നഷ്ടം നികത്താൻ ബ്രോഡ്‌കാസ്റ്റിങ് കമ്പനികള്‍ക്ക് ഐസിസിയോട് ആവശ്യപ്പെടാം. ഇങ്ങനെ സംഭവിച്ചാല്‍ ഐസിസി ഇത് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന് തന്നെ കൈമാറിയേക്കും. ഇതിന് പുറമെ വാര്‍ഷിക വരുമാന വിഹിതവും തടഞ്ഞുവെച്ചേക്കും. പാക്കിസ്ഥാൻ ക്രിക്കറ്റിനെ അസ്ഥിരപ്പെടുത്താൻ കെല്‍പ്പുള്ളതായിരിക്കും ഈ നടപടികള്‍.

മൂന്നാമത്തേത് സര്‍ക്കാ‍ര്‍ ഇടപെടലുമായി ബന്ധപ്പെട്ട ക്ലോസാണ്. ഐസിസിയുടെ ഭരണഘടന പ്രകാരം ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്നാണ്. സര്‍ക്കാരുകളുടെ ഇടപെടലുകള്‍ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പിന്തുടരുന്നത് ഐസിസിയുടെ ഉപരോധങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്നാണ് നിലവില്‍ പാക്കിസ്ഥാൻ ബോര്‍ഡ് കരുതുന്നത്. ഫോഴ്‌സ് മഷൂർ ക്ലോസ് ഉപയോഗിക്കാനുള്ള സാധ്യതയുമുണ്ട്.

ഏര്‍പ്പെട്ടിരിക്കുന്ന കരാര്‍ പൂര്‍ത്തിയാക്കാൻ കഴിയാതെ പോകുന്ന അപ്രതീക്ഷിത സാഹചര്യങ്ങളെയാണ് ഈ ക്ലോസ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് പ്രകൃതി ദുരന്തങ്ങള്‍, ഭീകരാക്രമണങ്ങള്‍ തുടങ്ങിയ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങള്‍. സര്‍ക്കാരിന്റെ നിര്‍ദേശത്തെ അപ്രതീക്ഷിത സാഹചര്യമായി ഐസിസിക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നതായിരിക്കും പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കം. ഇത് എത്രത്തോളം വിജയിക്കുമെന്നതാണ് നോക്കിക്കാണേണ്ടത്.

അടുത്തിടെയാണ് അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. ഇന്ത്യക്ക് എതിരെ കളിക്കേണ്ടതില്ല എന്ന നിലപാട് പാക് സര്‍ക്കാര്‍ സ്വീകരിച്ച സാഹചര്യത്തില്‍ തന്നെയാണ് മത്സരം നടന്നതും. അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കാമെങ്കില്‍ എന്തുകൊണ്ട് ട്വന്റി 20 ലോകകപ്പില്‍ മത്സരിച്ചുകൂടായെന്ന ചോദ്യം ഉയരുന്നു. ഇതിനുപുറമെ ഇന്ത്യയും പാക്കിസ്ഥാനും ന്യൂട്രലായുള്ള വേദികളില്‍ മാത്രമെ കളിക്കൂവെന്നതില്‍ കരാര്‍ ഒപ്പിട്ടിട്ടുള്ളതാണ്. അതിനാല്‍ ഇന്ത്യ പാക് മത്സരങ്ങളെല്ലാം ലോകകപ്പില്‍ നടക്കുന്നത് ശ്രീലങ്കയില്‍ വെച്ചുമാണ്.

ചരിത്രത്തില്‍ ഓസ്ട്രേലിയ, വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകള്‍ മത്സരങ്ങള്‍ ബഹിഷ്കരിച്ച ചരിത്രമുണ്ട്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഇവയെല്ലാം തന്നെ സംഭവിച്ചത്. എന്നാല്‍, ശ്രീലങ്കയില്‍ നിലവില്‍ സുരക്ഷാ പ്രശ്നങ്ങളും നിലനില്‍ക്കുന്നില്ല. മറ്റ് മത്സരങ്ങള്‍ ലങ്കയില്‍ കളിക്കാനും പാക്കിസ്ഥാൻ തയാറുമാണ്. ഈ പശ്ചാത്തലത്തില്‍ പാക് സര്‍ക്കാരിന്റെ ഇടപെടല്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഐസിസിയുടെ ഭരണഘടനാ ലംഘനമായായിരിക്കും ഈ നീക്കത്തെ കണക്കാക്കുക.

PREV
Read more Articles on
click me!

Recommended Stories

അഫ്‌ഗാനിസ്ഥാന് ഒരു പന്തില്‍ ഒൻപത് റണ്‍സ് ലഭിച്ചോ; എംസിസി നിയമം പറയുന്നത്
ഇംഗ്ലണ്ടിലെ ആരാധകരുടെ മടുപ്പുമാറ്റാൻ ഒരു ഐഡിയ! ട്വന്റി 20യുടെ പിറവി ഇങ്ങനെ