
ഒടുവില് കാലം മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിനോട് പറയുന്നു, അയാള്ക്ക് പകരക്കാരനെ കണ്ടെത്തുക എളുപ്പമല്ല എന്ന്, നിങ്ങളുടെ തീരുമാനം തെറ്റായിരുന്നുവെന്ന്. ക്രിക്കറ്റ് ദൈവത്തിന് പോലും കിരീടനിമിഷം നിഷേധിക്കപ്പെട്ട മുംബൈയുടെ ഭൂതകാലം ഒര്മയില്ലെ. എംഎസ് ധോണി ചെന്നൈ സൂപ്പര് കിങ്സിനായി മൈതാനങ്ങള് വെട്ടിപ്പിടിക്കുമ്പോള് മുംബൈയുടെ ട്രോഫി ക്യാബിനറ്റ് ശൂന്യമായിരുന്നു. പക്ഷേ, അതേ ധോണിപ്പടയെ പലകുറി വേട്ടയാടി അയാള് ശൂന്യതയില് നിന്നൊരു സാമ്രാജ്യം പടുത്തുയര്ത്തി. രോഹിത് ഗുരുനാഥ് ശര്മ, മുംബൈ ച രാജ.
പക്ഷേ, ഹാര്ദിക്ക് പാണ്ഡ്യയില് ഭാവി കെട്ടിപ്പടുക്കാൻ ഒരുങ്ങിയപ്പോള്, പെട്ടെന്നൊരു സായാഹ്നത്തില് രോഹിതിനെ മുംബൈ മാനേജ്മെന്റിന് വെട്ടേണ്ടി വന്നു. മൂന്ന് സീസണുകള്ക്കപ്പുറം ആ തീരുമാനത്തിലെ പിഴവ് പോയിന്റ് പട്ടികയുടെ അടിത്തട്ടില് നിന്ന് അറിയുമ്പോള് രോഹിതിലേക്ക് തന്നെ അവര് തിരിച്ചുപോവുകയാണോ, അങ്ങനെയെങ്കില് അത് ശരിയായ തീരുമാനമായിരിക്കുമോ.
കീറോണ് പൊള്ളാര്ഡിന്റെ പടിയിറക്കം, ഹാര്ദിക്കിനെ തിരികെയെത്തിക്കുക എന്ന മുംബൈയുടെ ലക്ഷ്യത്തിന് പിന്നിലെ പ്രധാനം കാരണം. ആവശ്യപ്പെട്ട നായകസ്ഥാനം നല്കാതെ ആ ഡീല് സാധ്യമാകില്ലായിരുന്നു. അര്ഹരായവര് പലരും നില്ക്കെയുള്ള ഹാര്ദിക്കിന്റെ ഡിമാൻഡിന് മുംബൈ വഴങ്ങിയതില് ടീമിനുള്ളില് അന്നേ ഭിന്നാഭിപ്രായങ്ങള് ഉയര്ന്നിരുന്നു. അത് മൈതാനത്ത് പ്രകടവുമായി. മൂന്ന് സീസണുകള്, രണ്ടിലും പോയിന്റ് പട്ടികയുടെ അങ്ങേത്തലയ്ക്കത്ത്. ഇനി തനിക്കാവില്ല എന്ന ശരീരഭാഷ കഴിഞ്ഞ സീസണിന്റെ അവസാനം ഹാര്ദിക്ക് പ്രകടിപ്പിച്ചിരുന്നു.
എന്നാല്, അതിന് പരിഹാരം കാണേണ്ടത് രോഹിതിലൂടെയാണോ എന്ന് ചോദിച്ചാല് അല്ലായെന്നാണ് ഉത്തരം. രോഹിത് തന്റെ കരിയറിന്റെ സായാഹ്നത്തിലാണ്. 2027 ഏകദിന ലോകകപ്പ് കിരീടം ഉയര്ത്തി നവംബര് 19ന്റെ മുറിവ് ഉണക്കുക, കരിയര് പൂര്ണതയിലെത്തിക്കുക. അത് മാത്രമാണ് അയാളുടെ ലക്ഷ്യം. 39 പിന്നിട്ട രോഹിത് തന്റെ ശരീരത്തിനോടും മനസിനോടും പ്രായത്തിനോടും ചുറ്റും ഉയരുന്ന സമ്മര്ദങ്ങളോടും പോരാടിയാണ് ഇന്ത്യൻ ജഴ്സിയില് തുടരുന്നത്. വിട്ടുകൊടുക്കാൻ അയാള്ക്കാകില്ല എന്ന് ചുരുക്കം.
കഴിഞ്ഞ ഐപിഎല്ലിനിടെയാണ് രോഹിതിന് ഹാംസ്ട്രിങ് ഇഞ്ചുറി സംഭവിക്കുന്നത്. ടൂര്ണമെന്റിന്റെ രണ്ടാം പാദത്തില് പല മത്സരങ്ങളും രോഹിതിന് നഷ്ടമാകുക മാത്രമല്ല ഇംപാക്റ്റ് പ്ലെയറായാണ് ടീമില് തുടര്ന്നതും. ഈ ഇഞ്ചുറിയുടെ പശ്ചാത്തലത്തില് രോഹിത് വളരെ കരുതലോടെയാണ് മൈതാനത്ത് തുടരുന്നത്. സമീപകാലത്തെ രോഹിതിന്റെ ശൈലി പരിശോധിച്ചാല് അത് വ്യക്തമാകും. അനാവശ്യമായി സ്ട്രെയിൻ ചെയ്ത് റണ്സ് ഓടിയെടുക്കാൻ രോഹിത് തയാറാകാറില്ല, കംഫര്ട്ടബിളായി ത്രിബിളും ഡബിളും ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കിലെ അതിന് ഒരുങ്ങു.
ടെസ്റ്റ്, ടി20 ഫോര്മറ്റുകളില് നിന്ന് വിരമിച്ചതിനാലും ഏകദിനത്തില് മാത്രം തുടരുന്നതുകൊണ്ടും ഓരോ പരമ്പരയ്ക്ക് ശേഷവും രോഹിതിന് അനിവാര്യമായ വിശ്രമം നിലവില് ലഭിക്കുന്നുണ്ട്. അതുകൊണ്ട് ഓവര് കുക്ക്ഡാകുന്ന രീതിയിലേക്ക് താരത്തിന്റെ ശരീരം മാറുന്നില്ല. എന്നാല്, ഐപിഎല് ക്യാപ്റ്റൻസിയിലേക്ക് എത്തിയാല് രോഹിതിന്റെ വര്ക്ക് ലോഡ് വര്ധിക്കും. 40 ഓവറുകള് വരെ മൈതാനത്ത് തുടരേണ്ട സാഹചര്യമുണ്ടായേക്കാം. മാസങ്ങളുടെ ഇടവേളയില് മൂന്ന് ഏകദിന മത്സരങ്ങള് കളിക്കുന്നതുപോലെയായിരിക്കില്ല രണ്ട് മാസം നീണ്ട ഐപിഎല്.
ദിവസങ്ങളുടെ ഇടവേളകള് പോലും മത്സരങ്ങള് തമ്മിലുണ്ടാകില്ല. 14 മുതല് 17 വരെ മത്സരങ്ങള് കളിക്കേണ്ടതായും വരും. ഇഞ്ചുറി ഹിസ്റ്ററിയുള്ള രോഹിതിനെ സംബന്ധിച്ച് അല്പ്പം റിസ്ക്കിയായിരിക്കും ഇത്, പ്രത്യേകിച്ചും ഐപിഎല്ലിന് ശേഷം ലോകകപ്പിലേക്ക് അധികദൂരമില്ല. ഗുരുതരമായ പരിക്കുകള് സംഭവിച്ചാല് കഴിഞ്ഞ രണ്ട് വര്ഷത്തോളമായി താരം നടത്തുന്ന കഠിനാധ്വാനത്തിന് ഫലമില്ലാതാകുകയും ചെയ്യും. വിരാട് കോലിയെ സംബന്ധിച്ച് നിലവില് ഇഞ്ചുറി കണ്സേണ്സ് ഇല്ലാത്തതിനാല് ഇത്രത്തോളം ആശങ്കപ്പെടേണ്ടതില്ല.
യഥാര്ത്ഥത്തില് മുംബൈ ഭാവി മുൻനിര്ത്തി തന്നെയാണ് ഇപ്പോള് തീരുമാനമെടുക്കേണ്ടത്. രോഹിത് എത്രനാള് ഐപിഎല് കളിക്കുമെന്നതിലും വ്യക്തതയില്ല. സൂര്യകുമാര് യാദവ്, തിലക് വര്മ, ജസ്പ്രിത് ബുമ്ര, മിച്ചല് സാന്റനര് എന്നിങ്ങനെ നാല് ഓപ്ഷനുകള് മുംബൈക്കുണ്ട്. സൂര്യ ഇന്ത്യൻ ടീമില് നിന്നും ആഭ്യന്തര ക്രിക്കറ്റില് മുംബൈയുടെ പദ്ധതികളില്പ്പോലും നിലവിലില്ല. ബുമ്രയാണെങ്കില് ഇഞ്ചുറി പ്രോണും. ബാക്കിയുള്ളത് തിലകും സാന്റനറുമാണ്.
എസ്റ്റാബ്ലിഷ്ഡായുള്ള നായകനാണ് സാന്റനര്. കഴിഞ്ഞ ടി20 ലോകകപ്പില് ന്യൂസിലൻഡിനെ ഫൈനല് വരെ എത്തിക്കാൻ സാന്റനറിനായിരുന്നു. എന്നിരുന്നാലും ഇവിടെ തിലകിന് മുൻതൂക്കം ലഭിക്കാനാണ് സാധ്യത. പ്രത്യേകിച്ചും ഇന്ത്യയുടെ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനാണ് തിലക്. രോഹിതിന്റേയും സൂര്യയുടേയും പ്രിയപ്പെട്ടവൻ, മുംബൈയുടെ സ്റ്റാര് ബോയ്. പരിചയസമ്പന്നരുടെ സാന്നിധ്യത്തില് തിലകിന് വളരാനും സാധിക്കും. റൈറ്റ് ചോയിസും അത് തന്നെയായിരിക്കും. അല്ലെങ്കില് ഹാര്ദിക്കിനെ ട്രേഡ് ചെയ്ത് മറ്റൊരാളെ എത്തിക്കേണ്ടതായി വരും.