ഇന്ത്യക്ക് മുഹമ്മദ് ഷമിയെ ആവശ്യമുണ്ട്! ഫോമിലായിട്ടും മുഖം തിരിച്ച് സെലക്ടർമാർ

Published : Oct 13, 2026, 12:51 PM IST
Mohammed Shami

Synopsis

ഷമിക്ക് ഇന്ത്യൻ ജഴ്‌സി നിഷേധിക്കപ്പെടുന്നതിന് കാരണം ഫോമാണോ, അതോ ഫിറ്റ്‌നസോ? ഇത് രണ്ടുമല്ല എന്ന് തെളിഞ്ഞിട്ട് കാലം ഏറെയായി. അത് ഒരിക്കല്‍ക്കൂടി ഷമി തന്നെ വിളിച്ചുപറഞ്ഞു, പന്തുകൊണ്ട്

ചെയ്യുന്നവ‍ര്‍ എന്തെങ്കിലുമൊക്കെ ചെയ്യട്ടെ, എന്റെ ജോലി കളിക്കുക എന്നത് മാത്രമാണ്! ദീര്‍ഘകാലമായി ഇന്ത്യൻ ടീമില്‍ തഴപ്പെട്ടുകൊണ്ടേയിരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യയുടെ ഇതിഹാസ പേസര്‍ മുഹമ്മദ് ഷമിക്ക് ഇത്രമാത്രെ പ്രതികരിക്കാൻ ഉണ്ടായിരുന്നുള്ളു.

ഷമിക്ക് ഇന്ത്യൻ ജഴ്‌സി നിഷേധിക്കപ്പെടുന്നതിന് കാരണം ഫോമാണോ, അതോ ഫിറ്റ്‌നസോ? ഇത് രണ്ടുമല്ല എന്ന് തെളിഞ്ഞിട്ട് കാലം ഏറെയായി. അത് ഒരിക്കല്‍ക്കൂടി ഷമി തന്നെ വിളിച്ചുപറഞ്ഞു, പന്തുകൊണ്ട്, രഞ്ജി ട്രോഫിയില്‍. കല്യാണിയിലെ ബംഗാള്‍ ക്രിക്കറ്റ് അക്കാദമിയുടെ മൈതാനത്ത് ഡല്‍ഹിക്കെതിരായ ആദ്യ മത്സരത്തില്‍ 17.3 ഓവറില്‍ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍. ബംഗാള്‍ നിരയിലെ ടോപ് വിക്കറ്റ് ടേക്കറും 36 വയസുകാരനായ ഷമി തന്നെയാണ്.

മൂന്ന് ഓവർ വീതമുള്ള നാല് സ്പെല്ലുകളും, അഞ്ച് ഓവര്‍ നീണ്ട ഒരു സ്പെല്ലുമാണ് ഷമി എറിഞ്ഞത്. അഭിമന്യു ഈശ്വരൻ പന്ത് കൈമാറിയപ്പോഴെല്ലാം ഷമി ബംഗാളിന് വിക്കറ്റ് സമ്മാനിക്കുകയും ചെയ്തു. ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് ഏറ്റവുമധികം ഫിറ്റ്നസ് ആവശ്യമുള്ള ടെസ്റ്റ് ഫോർമാറ്റിലാണ് ഷമിയുടെ ഈ പ്രകടനം.

അവസാനമായി ഷമി ഇന്ത്യൻ ടീമിന്റെ ഭാഗമായത് 2025 ചാമ്പ്യൻസ് ട്രോഫിയിലായിരുന്നു. മുട്ടിനേറ്റ ഗുരുതരപരിക്കിന് ശേഷമുള്ള ആദ്യ ടൂർണമെന്റ്. ജസ്പ്രിത് ബുമ്രയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബൗളിങ് യൂണിറ്റിനെ നയിക്കാനുള്ള ഉത്തരവാദിത്തം രോഹിത് നല്‍കിയത് ഷമിക്ക് തന്നെയായിരുന്നു, ഇന്ത്യയുടെ ടോപ് വിക്കറ്റ് ടേക്കറായിരുന്നു ഷമി, ഒൻപത് വിക്കറ്റുകള്‍. സക്‌സസ്‌ഫുള്ളായ ഒരു ടൂ‍ര്‍ണമെന്റിന് പിന്നാലെയാണ് വലം കയ്യൻ പേസ‍ര്‍ തഴയപ്പെടുന്നത്.

സെലക്ടര്‍മാര്‍ പലപ്പോഴും ഉന്നയിച്ചിരുന്ന ആശങ്ക ഷമിയുടെ പരിക്കും കായികക്ഷമതയുമായിരുന്നു. സെലക്ഷൻ കമ്മിറ്റിയും ഷമിയും തമ്മിലുള്ള ആശയവിനിമയത്തിലെ കുഴപ്പങ്ങള്‍ ഇരുവിഭാഗങ്ങളുടേയും പ്രതികരണത്തില്‍ വ്യക്തവുമായിരുന്നു. ബിസിസിഐ കായിക ക്ഷമതയില്‍ സംശയം ഉന്നയിച്ച അതേ ഷമിയുടെ 2025-26 രഞ്ജി സീസണിലെ സ്റ്റാറ്റ്‌സ് നോക്കാം.

ബംഗാളിനായി ഏഴ് മത്സരങ്ങളില്‍ നിന്ന് 37 വിക്കറ്റുകള്‍. സീസണ്‍ പരിശോധിച്ചാല്‍ പേസര്‍മാരില്‍ ജമ്മു കശ്മീരിന്റെ അക്വിബ് നബി മാത്രമാണ് ഷമിയേക്കാള്‍ വിക്കറ്റ് നേടിയിട്ടുള്ളത് പോലും. എന്നിട്ടും താരത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ ബിസിസിഐ ഒരുങ്ങിയില്ല.

ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് അജിത് അഗാര്‍ക്കറിന്റെ സ്വാധീനമാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെ മുൻനി‍ര്‍ത്തി യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കുക എന്നതായിരുന്നു അഗാ‍ര്‍ക്കറിന്റെ നിലപാട്. അത് ബൗളിങ്ങില്‍ മാത്രമല്ല ബാറ്റിങ്ങിലും. രോഹിത് ശ‍ര്‍മ, വിരാട് കോലി എന്നിവരുടെ ടെസ്റ്റ് ഫോ‍‍ര്‍മാറ്റില്‍ നിന്നുള്ള പടിയിറക്കവും ഏകദിനത്തില്‍ തുടരുന്നതിലെ അനിശ്ചിതത്വങ്ങളുമൊക്കെ ഈ നിലപാടിന്റെ ഭാഗമായിരുന്നു.

പക്ഷേ, ടെസ്റ്റ് ഫോ‍ര്‍മാറ്റില്‍ നിന്ന് വിരമിച്ച രോഹിതും കോലിയും ഏകദിനത്തില്‍ അസാധാരണ ഫോമില്‍ തുടര്‍ന്നതോടെയാണ് സെലക്ഷൻ കമ്മിറ്റിയുടെ പദ്ധതികളില്‍ മാറ്റം വന്നത്. എന്നാല്‍ ബൗളിങ് യൂണിറ്റില്‍ സെലക്ഷൻ കമ്മിറ്റിയുടെ സമീപനം തുടര്‍ന്നു. പരിചയസമ്പന്നരും എലൈറ്റ് ലൈവല്‍ ബൗളര്‍മാരുമായ ജസ്പ്രിത് ബുമ്രയുടേയും മുഹമ്മദ് സിറാജിന്റെയും അഭാവത്തില്‍ ഇന്ത്യ പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, അര്‍ഷദീപ് സിങ്, ഗുര്‍ണൂര്‍ ബ്രാര്‍, അക്വിബ് നബി, പ്രിൻസ് യാദവ്, അൻഷുല്‍ കാമ്പോജ് എന്നിവരെയെല്ലാം പരീക്ഷിച്ചു.

എന്നാല്‍, മേല്‍പ്പറഞ്ഞവര്‍ക്കാര്‍ക്കും ഏകദിന ഫോര്‍മാറ്റില്‍ കാര്യമായ ഇംപാക്റ്റ് സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. ബുമ്രയില്ലെങ്കില്‍ എത്ര വലിയ ടോട്ടലും പ്രതിരോധിക്കാൻ കഴിയില്ല എന്ന കടുത്ത വിമര്‍ശനത്തിന് വിധേയമാകേണ്ടി വന്ന ഇന്ത്യയുടെ ബൗളിങ് യൂണിറ്റ്. അത് ഇന്ത്യയിലെ മൈതാനങ്ങളിലും വിദേശത്തും ആവര്‍ത്തിക്കുകയും ചെയ്തു. ഏകദിന ലോകകപ്പിന് ഇനി ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് സമയമുള്ളത്, ഇതുവരെയും ഇന്ത്യക്ക് വെല്‍ സെറ്റില്‍ഡായുള്ള ഒരു ബൗളിങ് യൂണിറ്റിനെ ഒരുക്കാനായിട്ടില്ല.

രോഹിതും കോലിയും, ഇരുവരുടേയും സാന്നിധ്യം ബാറ്റിങ് യൂണിറ്റിനും ടീമിനും നല്‍കുന്ന മുൻതൂക്കം ചെറുതല്ല, കാരണം പരിചയസമ്പത്ത് തന്നെ. ഇത് തന്നെയാണ് ഷമിയുടെ കാര്യത്തിലുമുള്ളത്. ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരിലൊരാളാണ് ഷമി, ഇന്ത്യയുടെ ഹൈയസ്റ്റ് വിക്കറ്റ് ടേക്കര്‍. എന്തുകൊണ്ട് ഷമിയുടെ സാന്നിധ്യം ഉറപ്പാക്കിക്കൂട എന്ന ചോദ്യത്തിന് പ്രസക്തിയേറുന്നതും ഇവിടെയാണ്.

മറുവശത്ത് യുവനിരയെ കെട്ടിപ്പടുക്കാനാണ് ഒരുങ്ങുന്നതെങ്കില്‍ അത് ശരിവെക്കുന്ന പ്രകടനങ്ങളൊന്നും സമീപകാലത്തുണ്ടായിട്ടുമില്ല. മികച്ച ഒരു ബൗളിങ് യൂണിറ്റില്ലാതെ ലോകകപ്പ് ജയിക്കുക അസാധ്യം, പ്രത്യേകിച്ചും ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളില്‍. ഭുവിയെ ടി20 ടീമിലേക്ക് എത്തിച്ചതുപോലെ ഷമിയും ഒരു തിരിച്ചുവരവ് അർഹിക്കുന്നുണ്ട്...പക്ഷേ അത് സാധ്യമാകുമോയെന്നതില്‍ ഇതുവരെ വ്യക്തത നല്‍കാൻ ബിസിസിഐക്കായിട്ടുമില്ല..

PREV
Read more Articles on
click me!

Recommended Stories

കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങി! വെസ്റ്റ്‌വുഡിന്റെ 'പരീക്ഷ' ജയിച്ചവർ ആരൊക്കെ?
ഒന്നുകില്‍ വിനി, അല്ലെങ്കില്‍ എംബാപെ! റയല്‍ മാഡ്രിഡിന് നല്ലത് രണ്ടിലൊരാള്‍?