രോ - കോ യുഗം അവസാനിക്കുമ്പോള്‍, ബാക്കിയാവുന്നത് പലരും മെനഞ്ഞെടുത്ത ഇല്ലാ കഥകള്‍

Published : May 16, 2025, 02:06 PM ISTUpdated : May 16, 2025, 02:15 PM IST
രോ - കോ യുഗം അവസാനിക്കുമ്പോള്‍, ബാക്കിയാവുന്നത് പലരും മെനഞ്ഞെടുത്ത ഇല്ലാ കഥകള്‍

Synopsis

അന്ധമായ ആരാധനയ്ക്ക് മറു വശത്ത് ഒരു എതിരാളി വേണമെന്നതും നിര്‍ബന്ധമാണെന്ന അനാവശ്യ തോന്നല്‍ ഉണ്ടാക്കിയെടുത്ത ഒരു ഇല്ലാക്കഥ മാത്രമാണ് രോഹിത് - കോലി വൈരമെന്നത് പല സന്ദര്‍ഭങ്ങളിലൂടെയും തെളിഞ്ഞതാണ്. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമെന്നാല്‍ ഒരു പറ്റം മികച്ച കളിക്കാരുടെ കൂട്ടം എന്നു മാത്രമല്ല, ചില സൂപ്പര്‍ സ്റ്റാര്‍സിന്റെ കൂടെ വിഹാര കേന്ദ്രമാണ്. പൊതുവെ താരാരാധനാ സംസ്‌കാരമുള്ള നമ്മള്‍ ഇന്ത്യന്‍ ജനതയ്ക്ക്, നമ്മുടെ ഇഷ്ട വിനോദമായ ക്രിക്കറ്റിലും ആരാധിക്കാന്‍ ചില ബിംബങ്ങള്‍ വേണമെന്നത് തന്നെയാണ് അതിന്റെ അടിസ്ഥാനം. സച്ചിന്‍ കാലഘട്ടത്തില്‍, സച്ചിനോളം പ്രശസ്തിയിലും, ആരാധകരുടെ എണ്ണത്തിലും ഉയരാന്‍ ആ ഘട്ടത്തില്‍ ആരുമില്ലാതിരുന്നതിനെ തുടര്‍ന്ന്, ക്രിക്കറ്റിന്റെ പിന്നാമ്പുറ കഥകള്‍ക്ക് മസാല കുറവാണെന്നത് കൊണ്ട് സച്ചിനേയും ഗാംഗുലിയെയും എതിര്‍ ചേരിയില്‍ നിര്‍ത്തിയ കാലം എന്റെ ഓര്‍മയിലുണ്ട്. എല്ലാ കാലത്തും ഈ ടീമില്‍ തന്നെ, മികച്ച ആരാധക വൃന്ദമുള്ള രണ്ടു പേര്‍ വൈരികളായി തുടരണമെന്ന നിര്‍ബന്ധ ബുദ്ധിയുടെ ഈ കാലഘട്ടത്തിലെ ഇരകളാണ് വിരാട് കോലിയും രോഹിത് ശര്‍മയും. 

കോലി എന്ന ബ്രാന്‍ഡും ആര്‍ സി ബി ആരാധക വൃന്ദവും ഒരു വശത്തും മുംബൈ ഇന്ത്യന്‍സ് വിഭാഗം രോഹിത് പക്ഷത്തും എന്ന കണക്കില്‍ രണ്ടു ചേരികള്‍ രൂപപ്പെടുകയും, സ്വാഭാവികമായും ഇന്ത്യന്‍ ടീമില്‍ ഈ രണ്ടു പേര്‍ തമ്മില്‍ മത്സരമാണെന്നും തമ്മില്‍ അടുപ്പമില്ലെന്നും, പരസ്പരം മിണ്ടാറില്ലെന്നുമുള്ള പരിണിത കഥകള്‍ ഉയര്‍ന്നു വന്നു. എന്നാല്‍ അന്ധമായ ആരാധനയ്ക്ക് മറു വശത്ത് ഒരു എതിരാളി വേണമെന്നതും നിര്‍ബന്ധമാണെന്ന അനാവശ്യ തോന്നല്‍ ഉണ്ടാക്കിയെടുത്ത ഒരു ഇല്ലാക്കഥ മാത്രമാണ് രോഹിത് - കോലി വൈരമെന്നത് പല സന്ദര്‍ഭങ്ങളിലൂടെയും തെളിഞ്ഞതാണ്. 

അവയിലോരോന്നായി ഓര്‍ത്തെടുക്കുമ്പോള്‍ ആദ്യമായി തന്നെ എന്റെ മനസിലേക്ക് ഓടിയെത്തുന്നത് 2013 ല്‍ ഓസ്‌ട്രേലിയക്കെതിരെ കോലിയുടെ സ്വന്തം ചിന്നസ്വാമിയില്‍ നടന്ന ഏകദിന മത്സരമാണ്. അന്നത്തെ രണ്ടു പേരുടെയും ഫോം വച്ചു പറഞ്ഞാല്‍, കാല്‍പ്പന്ത് കളിയില്‍ റൊണാള്‍ഡോയും മെസിയും ഒരു ടീമില്‍ കളിക്കുന്നതിനു തുല്യമായിരുന്നു അന്നത്തെ ഇന്ത്യന്‍ ടീം. പതിവ് പോലെ കുറച്ചു ആലസ്യത്തിലുള്ള രോഹിത്തിന്റെ തുടക്കം, ധവാന്‍ പുറത്തായതിനു പിന്നാലെയെത്തിയ കോലിയുമൊന്നിച്ച് രോഹിത് ഒരു ഗംഭീര കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത് പ്രതീക്ഷിച്ച ഇന്ത്യന്‍ ആരാധകരെ മുഴുവന്‍ നിരാശരാക്കി കോലിയെ ഇല്ലാത്ത റണ്ണിനായി ക്ഷണിച്ച് രോഹിത് റണ്‍ ഔട്ട് ആക്കുന്നു. കോലി കാലങ്ങളോളം കൈമുതലാക്കി വച്ച 'ആംഗ്രി യങ് മാന്‍' പട്ടത്തിനെ സാധൂകരിക്കുന്ന രീതിയില്‍ വായില്‍ വന്ന സകല ചീത്തവാക്കും രോഹിതിനെ വിളിച്ച്, കോലി കൂടാരം കയറിപ്പോയപ്പോള്‍, ഞാനുള്‍പ്പെടെയുള്ള ഇന്ത്യന്‍ ആരാധകരും കോലിക്കൊപ്പം രോഹിതിനെ കുറ്റപ്പെടുത്തിയെങ്കിലും തൊട്ടടുത്ത രണ്ടോ മൂന്നോ മണിക്കൂറുകള്‍ കൊണ്ട്, ഏകദിനത്തില്‍ പൊതുവെ അപ്രാപ്യമെന്ന് കരുതിയിരുന്ന ഇരട്ട ശതകമെന്ന റണ്‍ മല രോഹിത് കീഴടക്കുമ്പോള്‍, ഔട്ട് ആക്കിയ ദേഷ്യമെല്ലാം പാടെ മറന്ന്, ഉള്ളു തുറന്നു ചിരിച്ചു ഡ്രെസ്സിങ് റൂമില്‍ നിന്നും രോഹിതിനു കയ്യടികള്‍ നല്‍കിക്കൊണ്ട് നില്‍ക്കുന്ന കോലി- മുഖം ഇന്നും കണ്മുന്നിലുണ്ട്, അന്ന് പല മാധ്യമങ്ങളും രോഹിത്തിന്റെ ഇരട്ട ശതകത്തെ പുകഴ്ത്തിയ വരികള്‍ ഉള്‍പ്പെടെ, 'രോഹിത് ഇന്നു രണ്ടു ശതകങ്ങള്‍ നേടി, ഒന്നു തനിക്കും മറ്റൊന്ന് കോലിക്കും വേണ്ടി'. 

അടുത്ത ഓര്‍മയും അതെ ഓസ്‌ട്രേലിയന്‍ സീരീസില്‍ തന്നെയാണ് പിറന്നത്. ജയ്പ്പൂരില്‍ വച്ചു നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 362 റണ്‍സ് എന്ന വിജയലക്ഷ്യം കണ്ട് ഇന്ത്യന്‍ ആരാധകര്‍ ഉള്‍പ്പെടെ നെറ്റി ചുളിച്ചെങ്കിലും, അന്നത്തെ കോലിക്കും രോഹിതിനും മാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത വിജയലക്ഷ്യമൊന്നുമില്ലെന്ന ധാരണ അരക്കിട്ടുറപ്പിച്ച ആ ദിനം. ഇന്നും നിലനില്‍ക്കുന്ന റെക്കോര്‍ഡ് ആയ, ഏകദിനത്തിലെ ഒരു ഇന്ത്യക്കാരന്റെ പേരിലുള്ള ഏറ്റവും വേഗതയേറിയ ശതകം കോലി സ്വന്തമാക്കിയ ദിനം. 52 പന്തിലെ കോലി ശതകവും മറു വശത്ത് പതിവ് ശൈലിയില്‍ കളിച്ചു കയറിയ രോഹിത്തും ഓസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ നെഞ്ചത്ത് പാണ്ടിയും പഞ്ചാരിയും ഒന്നിച്ചു കൊട്ടിക്കയറിയ ദിവസം വിജയ റണ്‍ കുറിച്ച നിമിഷത്തില്‍ ഇരു താരങ്ങളും വായുവില്‍ ഉയര്‍ന്നു ചാടി കൈകോര്‍ക്കുന്ന ആ ചിത്രം ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടേണ്ട ഒന്നാണ്. അന്ന് വീട്ടിലെ ടി വി ക്കരികില്‍ നിന്ന്, വിജയാഘോഷത്തില്‍ അവര്‍ക്കൊപ്പം ചാടിയ അനേകം ഇന്ത്യക്കാരില്‍ ഞാനുമൊരാളാണ്. 

പിന്നീട് കുറച്ചു കാലം മുന്നോട്ടു സഞ്ചരിക്കുകയാണ് എന്റെ കാഴ്ചയും ഓര്‍മകളും. 2022 ലെ ടി 20 ലോകകപ്പ്. തൊട്ടു മുന്‍പേയുള്ള ടി 20 ലോകകപ്പില്‍ പാക്കിസ്താനോട് ആദ്യമായി, ഒരു ഐ സി സി ടൂര്‍ണമെന്റില്‍ ഇന്ത്യ തോല്‍ക്കുന്ന നാണക്കേടും പേറി പ്രാഥമിക ഘട്ടത്തിലേ ഇന്ത്യ പുറത്തായതിനു പകരം വീട്ടാന്‍ ഇറങ്ങുന്ന ഇന്ത്യ. എന്നാല്‍ 2022 ലും ഇന്ത്യയെ തോല്‍വി തുറിച്ചു നോക്കിയിടത്തു നിന്നും, പാകിസ്ഥാന്റെ വജ്രായുധം ഹാരിസ് റൗഫിനെതിരെ കോലി കളിച്ച, നൂറ്റാണ്ടിന്റെ ഷോട്ടിന്റെയും കോലിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും മികവില്‍ ഇന്ത്യ ജയിച്ചു കയറിയ അന്ന്, കളിക്ക് ശേഷം കോലിയെ തന്റെ ചുമലില്‍ ഉയര്‍ത്തുന്ന രോഹിത്തിന്റെ ചിത്രം, തന്റെ ടീമിനെയൊന്നാകെ ഇന്നത്തെ ദിനം ചുമലിലേറ്റിയ നിങ്ങളെ ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം എന്റെ ചുമലിലേറ്റാന്‍ തനിക്ക് ബാധ്യതയുണ്ടെന്ന മുഖഭാവത്തില്‍ നില്‍ക്കുന്ന രോഹിത്തും, അതില്‍ മനം കുളിര്‍ത്തു നില്‍ക്കുന്ന വിരാടും, ഇന്ത്യന്‍ ക്രിക്കറ്റ് ഭ്രാന്തന്മാരുടെ സ്വീകരണമുറികളെ അലങ്കരിക്കാന്‍ ഇതിലും നല്ലൊരു ഫ്രെയിം ഇല്ലെന്ന് തന്നെ പറയാം. 

അടുത്തത്, കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയിലെ ഓര്‍മയാണ്. പാക്കിസ്ഥാനെതിരെ, ചെയ്സ് മാസ്റ്റര്‍ കോലി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിച്ചു ജയത്തിനടുത്തു വരെയെത്തിക്കുന്നു. കളി ഇന്ത്യ ജയിക്കുമെന്നുറപ്പിച്ചിട്ടും ആരാധകരും ഡ്രെസ്സിങ് റൂമിലും ടെന്‍ഷന്‍ നിഴലിക്കുന്നു. ശതകത്തിനു തൊട്ടടുത്തു നില്‍ക്കുന്ന കോലിക്ക് അതിനു കഴിയില്ലേ എന്ന വേവലാതിയാണ് ഏവര്‍ക്കും. 96 ല്‍ നില്‍ക്കുന്ന കോലിയോട് സിക്‌സ് അടിച്ചു ശതകവും വിജയവും പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടുന്ന രോഹിത്, എക്‌സ്ട്രാ കവറിന് മുകളിലൂടെ ഒരു ബൗണ്ടറി പായിച്ച്, രണ്ടു നേട്ടവും പൂര്‍ത്തിയാക്കി കൊണ്ട് കോലി രോഹിതിനോട് ആംഗ്യം കാണിക്കുകയാണ്, 'ഞാനിവിടെ തന്നെയുണ്ടല്ലോ, പിന്നെന്തിനു ഭയപ്പെടണം'. അതെ, ആ വാചകം തന്നെയായിരുന്നു കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലം ഇന്ത്യന്‍ ടീമും ഇന്ത്യന്‍ ആരാധകരും പറഞ്ഞു കൊണ്ടിരുന്നത്. റോ-കോ സഖ്യം നമ്മോടൊപ്പം തന്നെയുണ്ടല്ലോ, പിന്നെയെന്തിനു ഭയപ്പെടണം... എന്നാല്‍ ഇനി ഈ രണ്ടു പേരും ഒന്നിച്ച്, ആ നീല ജേഴ്‌സിയിലുള്ള ദിനങ്ങള്‍ എണ്ണപ്പെട്ടു എന്ന് മനസിലാകുമ്പോള്‍ ഓരോ ഇന്ത്യന്‍ ആരാധകനെയും പോലെ, എന്റെ മനസും പിടയ്ക്കുന്നുണ്ട്. അമിതമായ വേഗത്തില്‍, ബാറ്ററുടെ തല പിളര്‍ക്കാന്‍ വരുന്ന ഷോര്‍ട്ട് പിച്ച് പന്തുകളെ കോരിയെടുത്ത് ഗാലറിയില്‍ നിക്ഷേപിക്കാന്‍ ഇനി നമുക്ക് ആ 45 ആം നമ്പറുകാരന്‍ അവിടെയുണ്ടാകില്ല... ഇന്ത്യ കാണുന്ന ചെയ്സിങ് പേടി സ്വപ്നങ്ങളില്‍ നിന്നും തന്റെ ബാറ്റ് കൊണ്ടു ടീമിനെ തട്ടി മുട്ടി ഉണര്‍ത്താന്‍ ഇനിയവിടെ ആ പതിനെട്ടാം നമ്പറുമുണ്ടാകില്ല....

PREV
Read more Articles on
click me!

Recommended Stories

മുന്നിലുള്ളത് 10 മത്സരങ്ങള്‍, ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ആരൊക്കെയെത്തും?, സഞ്ജുവിന് ഏറെ നിര്‍ണായകം
'ഫിനിഷർ' വേണ്ട! റിങ്കുവിനോടും അനീതിയോ; എന്തുകൊണ്ട് ടീമില്‍ നിന്നും ഒഴിവാക്കി?