ഓപ്പണർ റോള്‍ ഇനി ആർക്ക്; രോഹിതിന്റെ പകരക്കാരനാകാൻ ഇവർ, അത്ര എളുപ്പമല്ല

Published : May 09, 2025, 12:28 PM IST
ഓപ്പണർ റോള്‍ ഇനി ആർക്ക്; രോഹിതിന്റെ പകരക്കാരനാകാൻ ഇവർ, അത്ര എളുപ്പമല്ല

Synopsis

ഓപ്പണിങ്ങില്‍ സമാനതകളില്ലാത്ത കണക്കുകള്‍ രോഹിതിന്റെ പേരില്‍ ചേര്‍ക്കപ്പെട്ടിരുന്നു. ഇവിടെയാണ് ആര് പകരക്കാരനാകുമെന്ന ചോദ്യം ഉയരുന്നതും

ടെസ്റ്റില്‍ രോഹിത് ശര്‍മ പാഡഴിച്ചതോടെ ഒഴിഞ്ഞത് ഒരു ഓപ്പണറുടെ കസേരകൂടിയാണ്. രണ്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകളില്‍ ഇന്ത്യ എത്തിയതില്‍ രോഹിത് എന്ന ഓപ്പണറുടെ പങ്ക് ചെറുതായിരുന്നില്ല. ചാമ്പ്യൻഷിപ്പിന്റെ നാളുകള്‍ പരിശോധിച്ചാല്‍ അറിയാം. ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍സ് അയാളുടേ പേരിലാണ്. 

കഴിഞ്ഞ രണ്ട് സീരീസുകളിലെ ഉയര്‍ച്ചതാഴ്ചകള്‍ക്ക് അതീതമാണ് രോഹിതെന്ന ടെസ്റ്റ് ബാറ്റര്‍. 2019ല്‍ ശാസ്ത്രി-കോലി സഖ്യം ഓപ്പണറായി അവതരിപ്പിക്കുന്നു. 2019 മുതല്‍ 2023 വരെയുള്ള കാലഘട്ടം പരിശോധിക്കാം. 26 ടെസ്റ്റുകളിലായിരുന്നു രോഹിത് ഓപ്പണിങ്ങിനിറങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റര്‍മാരെ സംബന്ധിച്ച് ഏറ്റവും കഠിനമായ സെഷൻ എപ്പോഴും ആദ്യത്തേതാകും. 

കാരണം ന്യൂബോളിന്റെ പ്രവചനാതീതമായ മൂവ്മെന്റുകള്‍ തന്നെ. ജെയിംസ് ആൻഡേഴ്‌സൻ, മിച്ചല്‍ സ്റ്റാ‍ര്‍ക്ക്, ടിം സൗത്തി, കഗിസൊ റബാഡ...അങ്ങനെ നീളുന്നു സ്വിങ് മാന്ത്രികര്‍. ഇവിടെയാണ് 50ന് മുകളില്‍ ശരാശരിയില്‍ രോഹിത് ബാറ്റ് ചെയ്തത്. ഇന്ത്യയുടെ മാത്രമായിരുന്നില്ല ലോകത്തിലെ തന്നെ മികച്ച ടെസ്റ്റ് ബാറ്ററായിരുന്നു അന്ന് രോഹിത്.

മൂന്ന് പേര്‍ മാത്രമായിരുന്നു ഈ കാലയളവില്‍ രോഹിതനേക്കാള്‍ സെഞ്ച്വറി ടെസ്റ്റില്‍ നേടിയിട്ടുള്ളത്, അവരാരും ഓപ്പണര്‍മാരായിരുന്നില്ല എന്നത് മറ്റൊരു കാര്യം. ഇങ്ങനെ സമാനതകളില്ലാത്ത കണക്കുകള്‍ രോഹിതിന്റെ പേരില്‍ ചേര്‍ക്കപ്പെട്ടിരുന്നു. ഇവിടെയാണ് ആര് പകരക്കാരനാകുമെന്ന ചോദ്യം ഉയരുന്നതും. നായകനെ മാത്രം കണ്ടെത്തിയാല്‍ പോര, ഒരു മികച്ച ഓപ്പണറേക്കൂടി കണ്ടെത്തേണ്ടതുണ്ട് ഇന്ത്യയ്ക്ക്.

മൂന്ന് ഓപ്ഷനുകളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യശസ്വി ജയ്‌സ്വാളില്‍ നിന്ന് തുടങ്ങാം. കരിയര്‍ ആരംഭിച്ചതുമുതല്‍ ഓപ്പണിങ്ങില്‍ മാത്രമാണ് ജയ്സ്വാളിനെ ഇന്ത്യ പരീക്ഷിച്ചിട്ടുള്ളത്. അത് പൂര്‍ണമായും ശരിവെക്കുന്നതാണ് താരത്തിന്റെ ഇതുവരെയുള്ള പ്രകടനം. 36 ഇന്നിങ്സുകളില്‍ നിന്ന് 52.88 ശരാശരിയില്‍ 1798 റണ്‍സാണ് കരിയറിലെ നേട്ടം. ജയ്സ്വാളിന്റെ ആദ്യ ഇംഗ്ലണ്ട് പര്യടനമാണ് വരാനിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ഹോം സീരിസില്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറിയും നേടിയ ജയ്സ്വാളിന് ഇടം കയ്യൻ ബാറ്ററെന്ന ആനുകൂല്യവും കൂട്ടായുണ്ട്. വിദേശവിക്കറ്റുകളില്‍ 44 ആണ് ജയ്സ്വാളിന്റെ ശരാശരി. അതുകൊണ്ട് ജയ്സ്വാളില്‍ ഇന്ത്യ ഉറച്ചു നില്‍ക്കുമെന്നതില്‍ വലിയ സംശയങ്ങളൊന്നും വേണ്ട. ഇനി ജയ്സ്വാളിന്റെ പങ്കാളിയാരായേക്കുമെന്നതാണ് ചോദ്യം, കെ എല്‍ രാഹുല്‍, ശുഭ്‌മാൻ ഗില്‍ എന്നിവര്‍ക്കാണ് സാധ്യത.

രാഹുൽ തന്റെ കരിയറില്‍ ഇതുവരെ 101 ഇന്നിങ്സുകളാണ് കളിച്ചിട്ടുള്ളത്. ഇതില്‍ 83 ഇന്നിങ്സുകളിലും ആദ്യ രണ്ട് പൊസിഷനുകളിലായിരുന്നു. 35 ശരാശരിയില്‍ 2,803 റണ്‍സ്. കഴിഞ്ഞ ബോര്‍ഡര്‍ - ഗവാസ്കര്‍ ട്രോഫിയില്‍ രോഹിതിന്റെ അസാന്നിധ്യത്തില്‍ ഓപ്പണറായി ഇറങ്ങിയതും രാഹുലായിരുന്നു. അത് ശരിയായ തീരുമാനമായിരുന്നെന്ന് സീരീസിലെ പ്രകടനം കൊണ്ട് തെളിയിക്കാനും രാഹുലിന് കഴിഞ്ഞു.

ഒരുപക്ഷേ, ഓപ്പണിങ് സ്ഥാനം രാഹുല്‍ ഏറക്കുറെ ഉറപ്പിച്ച പരമ്പരകൂടിയായിരുന്നു ഇത്. രാഹുലിനെ കൂടുതല്‍ സാധ്യത കല്‍പ്പിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. അത് ഇംഗ്ലണ്ടിലെ താരത്തിന്റെ റെക്കോ‍ര്‍ഡാണ്. ഒൻപത് മത്സരങ്ങളില്‍ നിന്ന് 614 റണ്‍സുണ്ട്, രണ്ട് സെഞ്ച്വറികളും. പിന്നെ പരിചയസമ്പത്തിന്റെ കോളത്തിലും ടിക്കിടാൻ രാഹുലിനാകും.

ശുഭ്‌മാൻ ഗില്ലിലേക്കെത്തിയാല്‍, ദീര്‍ഘകാലമായി മൂന്നാം നമ്പറിലാണ് ഗില്ലിന്റെ സ്ഥാനം. 20 ഇന്നിങ്സുകളില്‍ നിന്ന് 1019 റണ്‍സ് 37 ശരാശരിയില്‍ ഗില്‍ മൂന്നാം നമ്പറില്‍ നേടിയിട്ടുണ്ട്. കരിയറിലെ അഞ്ച് ടെസ്റ്റ് സെഞ്ച്വറികളില്‍ മൂന്നും പിറന്നത് ഇതേ സ്ഥാനത്തുതന്നെ. അതുകൊണ്ട് കാര്യമായ ചലനത്തിന് സാധ്യതയില്ലെന്നാണ് വിലയിരുത്താനാകുക. 

ഇംഗ്ലണ്ടിലെ ഗില്ലിന്റെ റെക്കോര്‍ഡും അനുയോജ്യമല്ല. കളിച്ച മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 88 റണ്‍സാണ് നേടാനായത്. ശരാശരി 14.66 ആണ്. വിദേശ വിക്കറ്റുകളില്‍ ഗില്ലിന്റെ ഏറ്റവും മോശം റെക്കോര്‍ഡും ഇംഗ്ലണ്ടിലാണ്. അതുകൊണ്ട് വരുന്ന പരമ്പര നിര്‍ണായകമാണ് താരത്തിന്. മൂന്നാം നമ്പറില്‍ തന്നെ ഗില്‍ തുടര്‍ന്നേക്കും, ഗില്‍ ഓപ്പണിങ്ങിനെത്തിയാല്‍ മറ്റൊരു പരീക്ഷണമായി മാറും അത്.

2025-27 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിള്‍ ലക്ഷ്യമാക്കിയുള്ള അഴിച്ചുപണിയിലാണ് ബിസിസിഐ. അതുകൊണ്ട് പരീക്ഷണങ്ങള്‍ക്കപ്പുറം സ്ഥിരതയായിരിക്കാം മുന്നില്‍ കാണുന്നത്. കഴിഞ്ഞ രണ്ട് പരമ്പരകള്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ് താനും.

PREV
Read more Articles on
click me!

Recommended Stories

'ഫിനിഷർ' വേണ്ട! റിങ്കുവിനോടും അനീതിയോ; എന്തുകൊണ്ട് ടീമില്‍ നിന്നും ഒഴിവാക്കി?
ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍