
18 വര്‍ഷം മുൻപൊരു നവംബർ 18. പാക്കിസ്ഥാന്റെ ഇന്ത്യൻ പര്യടനം പുരോഗമിക്കുകയാണ്. ഏകദിന പരമ്പരയിലെ അഞ്ചാം മത്സരം, ജയ്‌പൂരാണ് വേദി. പരമ്പര നേടിയ ധോണിപ്പടയിലേക്ക് ഒരു യുവതാരത്തിന്റെ എൻട്രി. 307 റണ്‍സ് പിന്തുടർന്ന ഇന്ത്യക്ക് പത്ത് ഓവര്‍ പൂർത്തിയാകുമ്പോള്‍ ഗൗതം ഗംഭീർ, സച്ചിൻ തെൻഡുല്‍ക്കര്‍, റോബിൻ ഉത്തപ്പ എന്നിങ്ങനെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. അഞ്ചാമനായാണ് ആ 20 വയസുകാരൻ ക്രീസിലെത്തുന്നത്. ആകെ രണ്ട് ഏകദിനങ്ങളുടെ പരിചയം മാത്രം. ഇതുവരെ നേടിയത് ഒൻപത് റണ്‍സ്.
സൊഹൈല്‍ തൻവീറിനും മിഡീയം പേസറായ ഇഫ്തിക്കറിനും മുന്നില്‍ നിലയുറപ്പിക്കാൻ കഴിയാതെ അതിജീവിക്കുകയാണ് അവൻ. 24 പന്തുകള്‍ പിന്നിട്ടിരിക്കുന്നു, 12 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 50 മാത്രം. 17-ാം ഓവറിലെ അവസാന പന്ത്, അതുവരെ തന്നെ പരീക്ഷിച്ച ഇഫ്തിക്കറിനെതിരെ അവൻ ക്രീസുവിട്ടിറങ്ങി. ലോങ് ഓഫിന് മുകളിലൂടെ ആ പന്ത് മൈതാനം തൊടാതെ ഗ്യാലറിയിലെത്തി. ഏകദിന കരിയറിലെ ആദ്യ സിക്സ‍്.
കരിയറില്‍ ഒരു കൗമാരക്കാലം കഴിഞ്ഞിരിക്കുന്നു, അന്ന് ആ പയ്യന്റെ സഹതാരമായിരുന്നു ഗംഭീര്‍ പരിശീലകന്റെ കസേരയില്‍ ഗ്യാലറിയിലുണ്ട്. റാഞ്ചി, എതിരാളികള്‍ ദക്ഷിണാഫ്രിക്ക. മാര്‍ക്കൊ യാൻസണ്‍ എറിഞ്ഞ ഷോര്‍ട്ട് ബോള്‍ 38-ാം വയസില്‍ തന്റെ ട്രേഡ് മാര്‍ക്ക് പുള്‍ഷോട്ടിലൂടെ ഡീപ് സ്ക്വയറിനും ഡീപ് ഫൈനിനും ഇടയില്‍ നിക്ഷേപിക്കുകയാണയാൾ. കരിയറിലെ 352-ാം സിക്സര്‍. ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പിറന്നിരിക്കുന്നത് ആ ബാറ്റില്‍ നിന്നാണ്. 5641 ദിവസത്തെ പാക് താരം ഷാഹിദ് അഫ്രിദിയുടെ ആധിപത്യം അവസാനിപ്പിച്ചു. അന്നത്തെ പയ്യൻ, ഇന്നത്തെ രോഹിത് ശര്‍മ, ലോക ക്രിക്കറ്റിന്റെ ഹിറ്റ്മാൻ.
ഇഫ്തിക്കര്‍ മുതല്‍ യാൻസണ്‍ വരെയുള്ള 150 ബൗളര്‍മാരുടെ പട്ടികയുണ്ട് ഹിറ്റ് ലിസ്റ്റില്‍. ഇതിഹാസങ്ങള്‍ മുതല്‍ അരങ്ങേറ്റക്കാര്‍ വരെ നീളുന്ന നിര. ഡീപ് മിഡ് വിക്കറ്റും, ബാക്ക് വേഡ് സ്ക്വയര്‍ ലെഗും പ്രിയം. ശേഷം ലോങ് ഓഫും ലോങ് ഓണും, അലസസൗന്ദര്യത്തിന്റെ പൂര്‍ണതയിലെത്തുന്ന ലോഫ്റ്റഡ് കവര്‍ ഡ്രൈവുകള്‍. ഷോർട്ട് ബോളെറിഞ്ഞ് ഇന്ത്യൻ ബാറ്റര്‍മാരെ സമ്മര്‍ദത്തിലാക്കാൻ ശ്രമിച്ചിരുന്ന പേസര്‍മാരെ ഷോര്‍ട്ട് ബോള്‍ എറിയാൻ ഭയപ്പെടുത്തിയവൻ. എലഗൻസ്, ക്ലാസ്, ടൈമിങ്, പവര്‍. രോഹിതില്‍ നിന്ന് ഹിറ്റ്മാനിലേക്കുള്ള വളര്‍ച്ച...
കരിയറിന്റെ തുടക്കത്തില്‍ രോഹിതൊരു അഗ്രസീവ് ക്രിക്കറ്ററായിരുന്നില്ല. തന്റെ ആദ്യ 40 ഇന്നിങ്സുകളില്‍ രോഹിത് നേടിയത് കേവലം അഞ്ച് സിക്സറുകള്‍ മാത്രമായിരുന്നു. 2013ലെ ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയായിരുന്നു രോഹിതെന്ന ഹിറ്ററുടെ ഉദയത്തിന് വഴിയൊരുക്കിയത്. അതുവരെ 102 ഇന്നിങ്സുകള്‍ ഇന്ത്യക്കായി ബാറ്റ് ചെയ്ത രോഹിത് 36 തവണ മാത്രമായിരുന്നു പന്ത് കാണികള്‍ക്കിടയിലേക്ക് കോരിയിട്ടത്. പന്തുകളുടെ കണക്കെടുത്താല്‍ ശരാശരി 102 പന്തുകള്‍കൂടുമ്പോഴായിരുന്നു രോഹിത് ഒരു സിക്സര്‍ നേടിയിരുന്നത്.
ഇരട്ടശതകം നേടിയ ഏഴാം ഏകദിനത്തിലെ 16 സിക്സറുള്‍പ്പെടെ ആ പരമ്പരയില്‍ 23 സിക്സറുകളായിരുന്നു രോഹിതിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 102 ഇന്നിങ്സുകള്‍ക്ക് ശേഷമുള്ള കരിയര്‍ നോക്കിയാല്‍ 316 സിക്സറുകള്‍, ഒരു സിക്സ് നേടാൻ എടുക്കുന്ന ശരാശരി പന്തുകളുടെ എണ്ണം 102ല്‍ നിന്ന് 26ലേക്ക് എത്തി. ഈ കാലയളവില്‍ 200 സിക്സറുകള്‍ക്ക് മുകളില്‍ നേടാൻ ഒരു താരത്തിന് പോലും സാധിച്ചിട്ടില്ല. 2013ന് ശേഷമെടുത്താല്‍ രോഹിതിന്റെ സിക്സറുകളുടെ എണ്ണം രണ്ടക്കം കടക്കാത്ത മൂന്ന് വര്‍ഷം മാത്രമെയുള്ളു. 2020, 21, 24. ഈ കാലയളവില്‍ രോഹിത് ആകെ കളിച്ചത് ഒൻപത് ഏകദിനങ്ങളായിരുന്നുവെന്നത് കൂടി പരിഗണിക്കണം.
ടൈമിങ്ങും എലഗൻസും ഒത്തുചേര്‍ന്ന രോഹിതിന്റെ ബ്രൂട്ടല്‍ ഹിറ്റിങ്ങിന്റെ തുടക്കം നായകനായതിന് ശേഷമായിരുന്നു. അഗ്രസീവ് ക്രിക്കറ്റിന്റെ അംബാസഡറായി രോഹിത് മാറിയ കാലം. 55 ഇന്നിങ്സുകളില്‍ നിന്ന് 126 സിക്സറുകള്‍. ശരാശരി മൂന്ന് ഓവറുകള്‍ക്കൂടുമ്പോള്‍ ഒരു സിക്സ് ഉറപ്പിക്കാം. ഒരു ടീമിനെതിരെ കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം, ഓസ്ട്രേലിയക്കെതിരെ 93. ഒരു കലണ്ടര്‍ വര്‍ഷം ഏകദിനത്തില്‍ 67 സിക്സറുകള്‍ 2023ല്‍, ഏകദിന ലോകകപ്പ് ചരിത്രത്തില്‍ കൂടുതല്‍ സിക്സറുകള്‍ 54, ഒരു എഡിഷനില്‍ മാത്രം 31, 2023ല്‍, ഇതും റെക്കോര്‍ഡ്.
ക്രിസ് ഗെയ്‌ല്‍, എബി ഡിവില്ലിയേഴ്‌സ്, എം എസ് ധോണി, ബ്രണ്ടണ്‍ മക്കല്ലം, സനത് ജയസൂര്യ തുടങ്ങിയ ഇതിഹാസങ്ങള്‍ ഭരിച്ച റെക്കോര്‍ഡ് പുസ്തകത്തില്‍ 200 താണ്ടിയ ഒരേയൊരു ഇന്ത്യൻ താരം കൂടിയാണ് രോഹിത്. രോഹിതിന്റെ റെക്കോര്‍ഡ് ഇനിയാരെങ്കിലും തകര്‍ക്കുമോയെന്നതാണ് ആകാംഷ, 182 സിക്സുള്ള ജോസ് ബട്ട്ലറും 159 സിക്സുമായി വിരാട് കോഹ്ലിയുമാണ് പിന്നിലുള്ളത്. അവര്‍ക്കെത്തിപ്പിടിക്കാവുന്നതിലും ദൂരത്തിലാണ് രോഹിത്. ഏകദിന ക്രിക്കറ്റിന്റെ കുറഞ്ഞുവരുന്ന പ്രീതിയുമൊക്കെ കണക്കാക്കുമ്പോള്‍ രോഹിതിന്റെ റെക്കോര്‍ഡ് സുരക്ഷിതമായിരിക്കുമെന്ന് കരുതാം.