
ചാമ്പ്യൻസ് ട്രോഫി മുതല്‍ ആറാം നമ്പറിലാണ് ഞാൻ ബാറ്റ് ചെയ്യുന്നത്, അത് തുടരും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ നായകൻ കെ എല്‍ രാഹുല്‍ പറഞ്ഞ വാക്കുകളാണിത്. ഫിനിഷിങ് ചുമതലകള്‍ക്ക് ചുക്കാൻ പിടിക്കുന്നത് രാഹുല്‍ തന്നെയായിരിക്കുമെന്ന് ചുരുക്കം. ഏകദിന ക്രിക്കറ്റിന് അനുയോജ്യമായ ഫിനിഷിങ് വൈഭവം രാഹുലിനുണ്ടോ.
കെ എല്‍ രാഹുല്‍, വിക്കറ്റ് കീപ്പർ ബാറ്റർ, വയസ് 33. ഇന്ത്യൻ ക്രിക്കറ്റ് അന്തരീക്ഷത്തില്‍ രാഹുലിന്റെ സാന്നിധ്യത്തിന്റെ പ്രായം പതിറ്റാണ്ട് കടന്നിരിക്കുന്നു. സിഡ്‌നിയില്‍ അരങ്ങേറ്റ പരമ്പരയില്‍ കുറിച്ച ടെസ്റ്റ് സെഞ്ച്വറി നേടിക്കൊടുത്ത ഖ്യാതി ‘Next big thing in Indian cricket’ എന്നതായിരുന്നു. സാങ്കേതികത്തികവിലും ക്ലാസിലും മുന്നില്‍, ഓര്‍ത്തുവെക്കാൻ ഒരുപിടി ഇന്നിങ്സുകളും പേരിനൊപ്പമുണ്ട്. തിരിഞ്ഞുനോക്കുമ്പോള്‍ ഇനിയും കിക്കോഫ് ചെയ്യാത്തൊരു കരിയര്‍ പോലെ തോന്നിക്കും.
മാറി മാറി ലഭിക്കുന്ന റോളുകളിലും സ്ഥാനച്ചലനങ്ങളിലും അകപ്പെട്ട ഒരു കരിയര്‍. ഒടുവില്‍ അത് ഫിനിഷറിന്റെ റോളിലേക്ക് എത്തിച്ചിരിക്കുന്നു. ആ റോള്‍ നിര്‍വഹിക്കാൻ രാഹുലാണോ ഏറ്റവും അനുയോജ്യൻ എന്ന ചോദ്യവും സമദൂരത്തില്‍ സഞ്ചരിക്കുന്നുണ്ട്. ഏകദിന കരിയറെടുത്താല്‍ പകുതിയിലധികം മത്സരവും രാഹുല്‍ കളിച്ചത് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലാണ്. മധ്യനിരയ്ക്കും ഫിനിഷര്‍മാര്‍ക്കുമൊപ്പം. കണക്കുകള്‍ പരിശോധിച്ചാല്‍ ക്ലാസ് മാത്രമല്ല സ്ഥിരതയും വ്യക്തമാകും.
നാലാം നമ്പറില്‍ 13 കളികളില്‍ നിന്ന് 558 റണ്‍സ്. ശരാശരി 55 ആണ്, സ്ട്രൈക്ക് റേറ്റ് 86. അഞ്ചാം സ്ഥാനത്ത് 21 മത്സരങ്ങള്‍ 1299 റണ്‍സ്, ശരാശരി 56 ആണ്, സ്ട്രൈക്ക് റേറ്റ് 96 കടന്നും നില്‍ക്കുന്നു. പുതുതായി പരീക്ഷിക്കപ്പെടുന്ന ആറാ നമ്പറിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. 10 മത്സരങ്ങളില്‍ നിന്ന് 40 ശരാശരിയില്‍ 243 റണ്‍സ്. ചാമ്പ്യൻസ് ട്രോഫിയില്‍ ദുബായിലെ ദുര്‍ഘടമായ സാഹചര്യങ്ങളിലായിരുന്നു രാഹുലിന്റെ മികവ് കൂടുതല്‍ തെളിഞ്ഞത്.
ഇന്ത്യ കിരീടം നേടിയ ടൂര്‍ണമെന്റില്‍ ഇന്ത്യ അജയ്യരായി കുതിച്ചപ്പോള്‍ രാഹുലിന്റെ സാന്നിധ്യം മിക്കപ്പോഴും ക്രീസിലുണ്ടായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശിനും സെമി ഫൈനലില്‍ ഓസ്ട്രേലിയക്കും ഫൈനലില്‍ ന്യൂസിലൻഡിനുമെതിരെ ഇന്ത്യയെ വിജയത്തിലെത്തിച്ചത് രാഹുലായിരുന്നു. അവസാന പത്ത് ഓവറുകളില്‍ മെച്ചപ്പെട്ട സ്ട്രൈക്ക് റേറ്റുമുള്ള ബാറ്ററാണ് രാഹുല്‍. ക്രീസില്‍ നിലയുറപ്പിച്ചുകഴിഞ്ഞാല്‍ സ്കോറിങ്ങിന് വേഗം കൂട്ടാൻ താരത്തിന് അനായാസം കഴിയും.
ഏകദിന ക്രിക്കറ്റില്‍ 40 മുതല്‍ 50 വരെയുള്ള ഓവറുകളിലെ രാഹുലിന്റെ സ്ട്രൈക്ക് റേറ്റ് 140ന് മുകളിലാണ്. 33 മത്സരങ്ങളിലാണ് ഈ മത്സരസാഹചര്യത്തില്‍ രാഹുല്‍ ക്രീസിലുണ്ടായിരുന്നത്. 485 പന്തുകളില്‍ നിന്ന് 679 റണ്‍സാണ് സമ്പാദ്യം. 51 ഫോറും 33 സിക്സറുകളും നേടി. മൂന്ന് അര്‍ദ്ധ ശതകങ്ങളാണ് നേടിയിട്ടുള്ളത്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫിനിഷറായി കരുതപ്പെടുന്ന മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയേക്കാള്‍ മുകളിലാണ് രാഹുലിന്റെ സ്ട്രൈക്ക് റേറ്റ്. 182 മത്സരങ്ങളിലാണ് ധോണി ഈ ഘട്ടത്തില്‍ ബാറ്റ് ചെയ്തിട്ടുള്ളത്. 123 സ്ട്രൈക്ക് റേറ്റില്‍ 4379 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്. 146 സിക്സറുകളാണ് ധോണിയുടെ ബാറ്റില്‍ നിന്ന് ഈ ഘട്ടത്തില്‍ ഗ്യാലറിയിലേക്ക് എത്തിയത്.
നിലവില്‍ രോഹിത് ശര്‍മയുടേയും വിരാട് കോഹ്ലിയുടേയും സാന്നിധ്യത്തിലും ശ്രേയസ് അയ്യരുടേയും ഗില്ലിന്റേയും അസാന്നിധ്യത്തിലുമാണ് രാഹുലിന് ആറാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്നത്. ഭാവിയില്‍ രാഹുലിന്റെ റോള്‍ മാറാനുള്ള വലിയ സാധ്യതകളാണ് മുന്നിലുള്ളത്. പ്രത്യേകിച്ചും രോ-കോയുടെ അഭാവം ഉണ്ടാകുന്ന പശ്ചാത്തലത്തില്‍. രാഹുല്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് മധ്യനിരയിലേക്ക് തിരികെയെത്തിയേക്കും.
രോഹിതും കോഹ്ലിയും 2027 വരെ തുടരുകയാണെങ്കില്‍ അപ്പോള്‍ രാഹുലിന്റെ പ്രായം 35 പിന്നിടും. ഇതോടെ കരിയറിലെ പുതിയ അനിശ്ചിതത്വങ്ങളും തേടിയെത്തിയേക്കും. അതിന് മുൻപ് കൃത്യമായൊരു സ്ഥാനം ഉറപ്പിക്കാൻ രാഹുലിന് കഴിയേണ്ടതുമുണ്ട്. രോഹിതും കോഹ്ലിയുമില്ലെങ്കില്‍ 2027 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിലെ ഏറ്റവും പരിചയസമ്പന്നനായ താരമായിരിക്കും രാഹുല്‍.