
സ്റ്റീവ് ഒക്കീഫിന്റെ പന്ത് കട്ട് ചെയ്ത് ഡീപ് ബാക്ക്വേഡ് പോയിന്റിലൂടെ ബൗണ്ടറിയിലേക്ക് പായിക്കുന്നു, ദാറ്റ്സ് എ മാസ്റ്റര്‍ സ്ട്രോക്ക് ഫ്രം മാസ്റ്റര്‍ ബ്ലാസ്റ്റര്‍...ഇതായിരുന്നു കമന്ററി ബോക്സില്‍ നിന്ന് ഉയര്‍ന്ന വാചകങ്ങള്‍... ഇന്ത്യയിലെ ഗ്യാലറികള്‍ ഒരേ താളത്തില്‍ കേട്ട് തഴമ്പിച്ച ശബ്ദം റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ്ങ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലും അലയടിച്ചു...സച്ചിൻ എന്ന മൂന്നക്ഷരം...
മാസ്റ്റേഴ്സ് ലീഗിലെ സെമി ഫൈനലായിരുന്നു വേദി, കരിയറിയില്‍ തന്നില്‍ നിന്ന് മോഹക്കിരീടങ്ങള്‍ തട്ടിയെടുത്ത ഓസ്ട്രേലിയയാണ് മുന്നില്‍. ഓസീസ് താരങ്ങളുടെ മുഖത്ത് നിരാശയുടെ കാര്‍മേഘങ്ങള്‍ പലപ്പോഴും വിതച്ചിട്ടുള്ള ആ ബാറ്റേന്തി 22 യാര്‍ഡുകള്‍ക്കിടയില്‍ അയാള്‍ കാലത്തെ പിന്നോട്ടടിക്കുകയായിരുന്നു.
ഹില്‍ഫെൻഹോസിന്റെ ഷോര്‍ട്ട് പിച്ച് പന്ത് ഡീപ് ബാക്ക്വേഡ് പോയിന്റിലൂടെ ബൗണ്ടറിവര തൊടുന്നു. പൊടുന്നനെ ഓര്‍മവന്നത് 2008ലെ ട്രൈ സീരീസ് ഫൈനലായിരുന്നു. നാലാം ഓവറില്‍ നാഥാൻ ബ്രാക്കന്റെ പന്ത് നിഷ്പ്രയാസം കട്ട് ചെയ്ത നിമിഷത്തിന്റെ അതേ അനായാസത ആവര്‍ത്തിക്കുന്നു. അന്ന് സിഡ്നിയായിരുന്നെങ്കില്‍ ഇന്ന് റായ്പൂരാണെന്ന് മാത്രം വ്യത്യാസം. മജസ്റ്റിക്ക്.
വിക്കറ്റിന് മുന്നില്‍ ഒക്കീഫ് സച്ചിനെ കുടുക്കിയെന്ന് തോന്നിച്ച നിമിഷത്തെ നിശബ്ദതയ്ക്കും വലിയ സ്ക്രീനില്‍ നോട്ടൗട്ട് തെളിഞ്ഞപ്പോഴുണ്ടായ ആരവത്തിനും ഇന്നും ചെറുപ്പമാണ്. കോള്‍ട്ടര്‍ നൈലെന്ന 37കാരന്റെ പന്ത് എക്സ്ട്ര കവറിലൂടെ മൂളിപായുമ്പോള്‍ പ്രായത്തിന്റെ കോളം 50 പിന്നിട്ടുവെന്ന് ആരും പറയില്ല. ക്രീസില്‍ മറ്റാരേക്കാളും അധികം സമയം ആ മധ്യവയസ്കനുണ്ടാക്കിയെടുക്കുന്നപോലെ.
സ്പിന്നര്‍മാരുടെ താളം തെറ്റിച്ച പാഡില്‍ സ്വീപ്പിന്റെ ഗ്ലിംസിനും ഇന്നലെ കാണികള്‍ സാക്ഷിയായി. ക്രീസില്‍ നിന്ന് നടന്നകടന്നിട്ട് ഒരുപതിറ്റാണ്ട് കഴിഞ്ഞെന്ന യഥാര്‍ഥ്യത്തെ വിസ്മരിപ്പിക്കുകയായിരുന്നു സച്ചിൻ. 42 റണ്‍സുമായി ഗ്യാലകളിലേക്ക് നിശബ്ദത കോരിയിട്ട് സച്ചിൻ മടങ്ങുമ്പോഴേക്കും യുവരാജ് സിങ് ആ റോളേറ്റെടുത്തിരുന്നു. ദോഹര്‍ട്ടിക്കെതിരെ നേരിട്ട രണ്ടാം പന്തില്‍ തന്നെ ലോങ് ഓണിന് മുകളിലൂടെ സിക്സര്‍ പായിച്ചുള്ള തുടക്കം...ഓസ്ട്രേലിയക്ക് മുകളില്‍ പെയ്യാനിരുന്ന സിക്സര്‍ മഴയുടെ തുടക്കമായിരുന്നു അത്.
ലോങ് ഓണിനും ഡീപ് മിഡ് വിക്കറ്റിനും മുകളിലൂടെ മൂന്ന് തവണവീതം പന്ത് പാഞ്ഞു. 2011 ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയയെ തോല്‍പ്പിക്കാതെ മടക്കമില്ലെന്ന് ഉറപ്പിച്ച് ബാറ്റ് വീശിയ ഒരു 29കാരനെയായിരുന്നു അവിടെ കണ്ടത്. അന്നും എല്ലാത്തിനും തുടക്കമിട്ടത് സച്ചിന്റെ ബാറ്റുകള്‍ തന്നെയായിരുന്നു. അത് പിന്നീട് ഗംഭീറിലൂടെ യുവരാജില്‍ അവസാനിക്കുകയായിരുന്നു...അതേ നിശ്ചയദാര്‍ഢ്യം ഒരിക്കല്‍ക്കൂടി മൈതാനത്ത്...
30 പന്തുകള്‍ നീണ്ട ഇന്നിങ്സിന് തിരശീല വീഴുമ്പോള്‍ ഇന്ത്യ നേടിയ ബൗണ്ടറികളുടെ എണ്ണം 13 ഫോറും ഏഴ് സിക്സും. ആ ഏഴ് സിക്സും ആ ഇടംകയ്യൻ ബാറ്ററുടെ സംഭാവനയായിരുന്നു... 59 റണ്‍സുമായാണ് യുവി മടങ്ങിയത്, അപ്പോഴേക്കും സ്കോര്‍ ബോര്‍ഡില്‍ ഇന്ത്യ 150 കടന്നിരുന്നു. സ്റ്റുവര്‍ട്ട് ബിന്നിയുടേയും പത്താൻ സഹോദരങ്ങളുടേയും ക്യമിയോകളുടെ ബലത്തില്‍ ഇന്ത്യ സ്കോര്‍ 220ലെത്തിച്ചു.
ഗ്രൂപ്പ് സ്റ്റേജില്‍ ബെൻ ഡങ്കിന്റേയും ഷെയിൻ വാട്ട്സണിന്റെയും ബാറ്റില്‍ മൈറ്റി ഓസീസിനെ കണ്ട ഇന്ത്യ ബൗളര്‍മാര്‍ക്ക് പ്രതിരോധിക്കാൻ ഈ റണ്‍മല മതിയാകുമോയെന്ന് സംശയമുണ്ടായിരുന്നു. പക്ഷേ, ഷഹബാസ് നദീമിന്റേയും വിനയ് കുമാറിന്റേയും പ്രഹരങ്ങള്‍ ഓസ്ട്രേലിയയുടെ റണ്ണൊഴുക്കിന്റെ വേഗത കുറയ്ക്കുകയും തടഞ്ഞു നിര്‍ത്തുകയും ചെയ്തു. ഗ്രൂപ്പ് സ്റ്റേജിലെ വീഴചയ്ക്ക് അതേ നാണയത്തിലായിരുന്നു ഇന്ത്യയുടെ മറുപടി.
ചാമ്പ്യൻസ് ട്രോഫിയില്‍ ഓസീസിനെ വീഴ്ത്തിയതിന്റെ ആരവങ്ങള്‍ ഇനിയും അടങ്ങിയിട്ടില്ല. അത്രമേല്‍ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ മുറവേല്‍പ്പിച്ചൊരു സംഘമാണത്. അതിലേക്ക് മറ്റൊരു കഷ്ണം കൂടി തുന്നിച്ചേര്‍ക്കാൻ മാസ്റ്റേഴ്സും ആഗ്രഹിച്ചുകാണില്ല...ഇനി ഫൈനലിലേക്ക്...