
ക്രിക്കറ്റൊരു മതമായും അതിനൊരു ദൈവവുമുള്ള രാജ്യം. അവിടെ ഗ്യാലറികള്‍ നീലക്കടലായി പരിവര്‍ത്തനപ്പെട്ടാലും പുറത്ത് അവ ഭിന്നിക്കപ്പെടും. ചേരി തിരിഞ്ഞ് ആരാധകക്കൂട്ടങ്ങള്‍ പോര്‍മുഖങ്ങള്‍ തുറക്കും. ക്രിക്കറ്റ് ഭൂപടത്തിലെ ഭീമന്മാരായ ഇന്ത്യയുടെ പതിറ്റാണ്ടുകളായുള്ള മുറിയാത്ത പാരമ്പര്യമാണിത്. ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ വൈറ്റ് ജാക്കറ്റണിഞ്ഞതോടെ അതിലെ ഏറ്റവും പുതിയ അധ്യായം തുറക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാര്, അത് രോഹിത് ശർമയോ മഹേന്ദ്ര സിങ് ധോണിയോ?
2007 ഏകദിന ലോകകപ്പ് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ? പോർട്ട് ഓഫ് സ്പെയിനിലെ ക്യൂൻസ് പാർക്ക് ഓവല്‍ സ്റ്റേഡിയത്തിന്റെ ബാല്‍ക്കണിയിലേക്ക്... ലോകകപ്പിന്റെ ആദ്യ റൗണ്ട് താണ്ടാനാകാതെ നിരാശയിലായിരുന്നു ഇന്ത്യയുടെ ഇതിഹാസ സംഘം. മൈതാനങ്ങളില്‍ ഇന്ത്യയ്ക്കായി സമാനതകളില്ലാത്ത ചെറുത്തുനില്‍പ്പ് നടത്തിയ വൻമതിലില്‍ വിള്ളല്‍ വീണ നിമിഷം. ക്രിക്കറ്റിന്റെ പേരില്‍ ഇന്ത്യയില്‍ കലാപം പൊട്ടിപ്പുറപ്പെട്ട കാലംകൂടിയായിരുന്നു അത്.
റാഞ്ചിയിലെ ധോണിയുടെ നിര്‍മാണത്തിലിരുന്ന വീടിന് നേരെയായിരുന്നു ആരാധകരോഷം. സച്ചിനേയും ഗാംഗുലിയേയും ആരാധകർ വെറുതെ വിട്ടില്ല. അവിടെ നിന്നായിരുന്നു ഇന്ത്യൻ ക്രിക്കറ്റിന്റെ റിഡംഷന്റെ കഥ തുടങ്ങുന്നത്. അതേവര്‍ഷം സെപ്റ്റംബറില്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ പോര്‍ട്ട് ഓഫ് സ്പെയിനിലെ നാണക്കേട് തുടച്ചുമാറ്റാനുള്ള ഉത്തരവാദിത്തം നായകപരിചയസമ്പത്തില്ലാത്ത ആ നീളൻ മുടിക്കാരനെ ബിസിസിഐ ഏല്‍പ്പിച്ചു.
ക്രിക്കറ്റ് ബോര്‍ഡിനേക്കാള്‍ വലുപ്പമുള്ള പേരുകള്‍ പലതും ഒഴിവാക്കിയായിരുന്നു ധോണി അന്നൊരു ടീമിനെ ആവശ്യപ്പെട്ടത്. യുവതാരങ്ങള്‍ മാത്രം, സേവാഗായിരുന്നു അല്‍പ്പമെങ്കിലും സീനിയോരിറ്റി കൂടിയൊരാള്‍. ആ യാത്രയില്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഒടുവില്‍ പാകിസ്ഥാൻ എന്നീ കരുത്തുറ്റ ടീമുകളെ തകര്‍ത്ത് പ്രഥമ ട്വന്റി 20 ലോകകപ്പ് ഇന്ത്യ ഉയര്‍ത്തി. പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയ നായകപദവി അതോടെ ധോണി ഉറപ്പിക്കുകകയായിരുന്നു.
കിരീടമില്ലാത്ത രാജക്കന്മാരെന്ന തലവാചകങ്ങള്‍ തിരുത്തുന്നൊരു ധോണിപ്പടയെയായിരുന്നു പിന്നീട് മൈതാനങ്ങളില്‍ കണ്ടത്. സഹ ആതിഥേയത്വം വഹിച്ച 2011 ലോകകപ്പ് ധോണിയെന്ന തന്ത്രശാലിയേക്കൂടി വരച്ചിടുന്നതായിരുന്നു. യുവരാജെന്ന പോരാളി, സഹീര്‍ ഖാന്റെ ബ്രില്യൻസ്, സച്ചിന്റേയും സേവാഗിന്റെ സമാനതകളില്ലാത്ത ഇന്നിങ്സുകള്‍, ലോകകപ്പിന്റെ വലുപ്പമുള്ള ഗംഭീറിന്റെ 97 റണ്‍സ്, ഒടുവില്‍ ഇതിഹാസത്തിന്റെ യാത്ര പൂര്‍ണതയിലെത്തിച്ച സ്വന്തം ഇന്നിങ്സ്.
വാംഖഡയിലെ ആ സുന്ദര രാത്രിയോടെ തന്നെ ധോണി ഇന്ത്യയുടെ ചരിത്രത്താളുകളില്‍ ഇടം നേടിയിരുന്നു. അതിലേക്ക് 2013 ചാമ്പ്യൻസ് ട്രോഫിയും ചേര്‍ക്കപ്പെട്ടു. ഇന്ത്യൻ ടീമിന്റെ ഒരു പരിവര്‍ത്തനകാലം കൂടിയായിരുന്നു ചാമ്പ്യൻസ് ട്രോഫി. രോഹിതെന്ന 'അലസനെ' വൈറ്റ് ബോള്‍ ഗ്രേറ്റാക്കി മാറ്റിയതുപോലും ധോണിയുടെ തീരുമാനമായിരുന്നു. ഐസിസിയുടെ മേജര്‍ കിരീടങ്ങളായ ഏകദിന ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ട്വന്റി 20 ലോകകപ്പ് എന്നിവ നേടിയ ഒരേ ഒരു നായകനായിരുന്നു പാഡഴിക്കുമ്പോള്‍ ധോണി.
ധോണിയുടെ നായകമികവിനെ ട്രോഫിയുടെ കണക്കിലും തന്ത്രങ്ങളുടെ പേരിലുമാണ് വിദഗ്ദര്‍ വിലയിരുത്തുന്നതെങ്കില്‍ രോഹിതിന്റെ കാര്യത്തില്‍ ചിലത് ചേര്‍ക്കപ്പെട്ടു. ഐസിസി കിരീടങ്ങളില്ലാത്ത വരള്‍ച്ചാകാലത്തിലായിരുന്നു രോഹിത് ക്യാപ്റ്റൻ കുപ്പായമണിഞ്ഞത്. കേവലം റണ്‍സും ശരാശരിയും ഉയര്‍ത്തുന്നതല്ല നിര്‍ഭയം കിരീടങ്ങള്‍ക്കായി പോരാടുകയാണ് പ്രധാനമെന്ന് പുതുതലമുറയെ പഠിപ്പിച്ചത് രോഹിതാണ്. അത് സ്വയം നടപ്പിലാക്കാനും അയാള്‍ക്ക് സാധിച്ചു.
2022 ട്വന്റി 20 ലോകകപ്പ് മുതല്‍ 2025 ചാമ്പ്യൻസ് ട്രോഫി വരെ രോഹിത് നയിച്ചത് നാല് വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളാണ്. രോഹിതിന്റെ കീഴില്‍ ഇന്ത്യ തോല്‍വി രുചിച്ചത് മൂന്ന് തവണ മാത്രം. വിജയശതമാനം 90. തൊട്ടടുത്തുപോലും മറ്റൊരുനായകനില്ല. 2023 ഏകദിന ലോകകപ്പ് കണ്ടത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുതിപ്പായിരുന്നു. തോല്‍വിയറിയാതെയുള്ള പത്ത് മത്സരങ്ങള്‍ക്ക് അഹമ്മദാബാദില്‍ അവസാനം.
ഒരുപതിറ്റാണ്ട് നീണ്ട കിരീടമോഹത്തിന് ബാര്‍ബഡോസില്‍ സാഫല്യം. മാസങ്ങള്‍ക്കിപ്പുറം ചാമ്പ്യൻസ് ട്രോഫിയിലൂടെ രണ്ടാം ഐസിസി കിരീടവും തന്റെ ഷെല്‍ഫില്‍ രോഹിത് എത്തിച്ചു. രണ്ട് ടൂര്‍ണമെന്റുകളിലും ഇന്ത്യയെ പരാജയപ്പെടുത്താൻ ഒരുടീമിനും സാധിച്ചില്ല. എല്ലാ ടൂര്‍ണമെന്റുകളിലും ബാറ്റുകൊണ്ടും നയിക്കാൻ രോഹിതിനായി.
ഐസിസി ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച വൻസ്ട്രീക്കുള്ളത് ധോണിക്കൊ പോണ്ടിങ്ങിനോ അല്ല, രോഹിതിനാണ്. ധോണി ഒരു ഫോര്‍മിഡമിള്‍ ടീമിനെ വാര്‍ത്തെടുത്തപ്പോള്‍ ഇന്ത്യയെ ഒരു ഡൊമിനേറ്റിങ് ഫോഴ്സാക്കി കണ്‍വേര്‍ട്ട് ചെയ്യാൻ രോഹിതിന് സാധിച്ചു. ഒരുപക്ഷേ 2023 ഏകദിന ലോകകപ്പ് നേടിയിരുന്നെങ്കില്‍ ധോണിയോ രോഹിതോ കേമനെന്ന ചോദ്യം പോലും ഉയരില്ലായിരുന്നു.
ഇതിലൊന്നും പെടാത്ത ഒരുകക്ഷിയുണ്ട്, ഇന്ത്യയിലെ യുവതയെ ക്രിക്കറ്റിനെ സ്നേഹിക്കാൻ സ്വപ്നംകാണാൻ പഠിപ്പിച്ചൊരു സംഘം, കപില്‍ ദേവും അയാളുടെ ചെകുത്താൻ പടയും. ക്രിക്കറ്റിലെ ഏക്കാലത്തെയും മഹാരഥന്മര്‍ അണിനിരന്ന വെസ്റ്റ് ഇൻഡീസിനെ മുട്ടുകുത്തിച്ചൊരു കൂട്ടം...ലോകകപ്പ് നമുക്കും നേടാമെന്ന ആത്മവിശ്വാസം ഇന്ത്യയ്ക്ക് സമ്മാനിച്ചവര്‍...