Latest Videos

സച്ചിനെ ശകാരിച്ച അച്ഛരേക്കര്‍; പിന്നാലെ ഒരു ഉപദേശം സച്ചിനെ ആകെ മാറ്റിമറിച്ചു

By Dhanesh DamodaranFirst Published Apr 22, 2023, 3:28 PM IST
Highlights

പറഞ്ഞു മുഴുമിച്ചില്ല, അപ്പോഴേക്കും കുഞ്ഞു സച്ചിന്‍റെ കരണത്ത് അച്ഛരേക്കറുടെ തഴമ്പിച്ച കൈ പതിച്ചുകഴിഞ്ഞിരുന്നു

"സച്ചിൻ, മാച്ച് എങ്ങനെ ഉണ്ടായിരുന്നു? താൻ നന്നായി കളിച്ചോ?"

"സർ, ഞാൻ കളിക്കാൻ പോയില്ല നമ്മുടെ ടീമിനെ സപ്പോർട്ട് ചെയ്യാൻ ഇവിടെ വന്നതാ"

പറഞ്ഞു മുഴുമിച്ചില്ല, അപ്പോഴേക്കും കുഞ്ഞു സച്ചിന്‍റെ കരണത്ത് അച്ഛരേക്കറുടെ തഴമ്പിച്ച കൈ പതിച്ചുകഴിഞ്ഞിരുന്നു. ആ ഞെട്ടലിൽ കൈയിലെ ടിഫിൻ ബോക്സ് താഴെ പതിച്ച് ഭക്ഷണപദാർത്ഥങ്ങൾ തറയിൽ ചിന്നിച്ചിതറിയിരുന്നു. ആ സംഭവം സച്ചിനെ വേദനിപ്പിച്ചെങ്കിലും പിന്നാലെ ഗുരു പറഞ്ഞ വാക്കുകൾ കുഞ്ഞു സച്ചിന്‍റെ കളിയോടുള്ള മുഴുവൻ സമീപനവും മാറ്റുന്ന വിധത്തിലായിരുന്നു.

"മറ്റുള്ളവർക്ക് വേണ്ടി കൈയടിക്കാൻ എല്ലാവർക്കും പറ്റും. നിനക്ക് വേണ്ടി മറ്റുള്ളവരെ കൊണ്ട് കൈയടിപ്പിക്കാൻ പറ്റണം". പ്രാക്ടീസ് മാച്ച് ഉപേക്ഷിച്ച് കളി കാണാനെത്തിയ സച്ചിനെ ഗുരു രൂക്ഷമായാണ് വിമർശിച്ചത്.

സ്കൂളിൽ നിന്നും ഉച്ചഭക്ഷണത്തിന് ശേഷം പിരിഞ്ഞു കഴിഞ്ഞ് അച്ഛരേക്കർ സച്ചിനു വേണ്ടി പ്രാക്ടീസ് മാച്ചുകൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ഒരു ദിവസം ഹാരിസ് ഷീൽഡ് ഫൈനൽ മത്സരത്തിൽ ശാരദാശ്രമം ഇംഗ്ലീഷ് മീഡിയം സ്കൂളും ശാരദാശ്രമം മറാത്തി സ്കുളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ തന്‍റെ സീനിയർമാരെ പ്രോത്സാഹിപ്പിക്കാൻ സച്ചിൻ പ്രാക്ടീസ് ഒഴിവാക്കി വാംഖഡെ സ്റ്റേഡിയത്തിലേക്ക് പോകുകയായിരുന്നു. അന്ന് ജൈൽസ് ഷീൽഡിൽ മാത്രമേ സച്ചിന് ടീമിലിടം കിട്ടിയിരുന്നുള്ളൂ. സച്ചിൻ പ്രാക്ടീസ് മാച്ച് ഒഴിവാക്കി വന്ന വിവരം അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിലായിരുന്നു പ്രാക്ടീസ് മാച്ചിനെപ്പറ്റി അച്ഛരേക്കർ ചോദിച്ചത്.

ആ സംഭവം സച്ചിനൊരു പാഠമായിരുന്നു. ഒരു വലിയ ക്രിക്കറ്റർ ആകണമെങ്കിൽ ഒരു തരി സമയം പോലും പാഴാക്കാതെ കഠിനാധ്വാനം ചെയ്തേ പറ്റൂ എന്ന അച്ഛരേക്കറുടെ നിലപാട് തന്നെയാണ് സച്ചിനെ പിൽക്കാലത്ത് ഇതിഹാസമാക്കിയത്.

സച്ചിനിലെ കളിക്കാരന്‍റെ കഴിവ് പരമാവധി പുറത്തുകൊണ്ടുവരാൻ എന്നും അച്ഛരേക്കർ ശ്രമിച്ചിരുന്നു. വൈകുന്നേരം 5 മുതൽ 7 വരെയുള്ള പ്രാക്ടീസ് സമയത്തിലെ അവസാന 15 മിനിറ്റ് സെഷനിൽ അപ്പോഴേക്കും ക്ഷീണിതനാകുന്ന സച്ചിനെ വീണ്ടും ബാറ്റ് ചെയ്യിക്കാറുള്ള അച്ഛരേക്കർ അതിലും തൃപ്തി വരാതെ പാഡും ഗ്ലൗസും അണിഞ്ഞ സച്ചിനെ ശിവാജി പാർക്കിന് ചുറ്റും ഓടിച്ച് നടത്തിയ കഠിനമായ പരിശീലന മുറകൾ കരിയറിലുടനീളം ഗ്രൗണ്ടിൽ എത്ര നേരം വേണമെങ്കിലും പിടിച്ചുനിൽക്കാൻ സച്ചിനെ പ്രാപ്തനാക്കിയെന്ന് വേണം പറയാൻ.

ശാരദാശ്രമത്തിൽ എത്തിയതോടെ ഒരു സാധരണ കുട്ടിയിൽ നിന്നും വളരെ വേഗത്തിൽ അസാധാരണ നിലവാരത്തിലേക്കുയരുകയായിരുന്നു സച്ചിൻ. നെറ്റ് പ്രാക്ടീസിനൊപ്പം തന്നെ പ്രാക്ടീസ് മാച്ചുകൾ നിർബന്ധമായും കളിപ്പിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്ന അച്ഛരേക്കറുടെ വ്യത്യസ്തമായ സമീപനം തന്നെയായിരുന്നു അതിൻ്റെ പ്രധാന കാരണവും. സച്ചിന് അച്ഛരേക്കർ പകർന്നു നൽകിയത് ബാറ്റിങ്ങ് സാങ്കേതിക വൈദഗ്ധ്യങ്ങൾ മാത്രമായിരുന്നില്ല. അച്ചടക്കത്തിൻ്റെ പ്രാധാന്യവും ഗെയിമിനെ ബഹുമാനിക്കേണ്ടതിൻ്റെ പാഠങ്ങൾ കൂടിയായിരുന്നു.

സച്ചിൻ ഇന്‍റർനാഷണൽ ക്രിക്കറ്റിലേക്ക് കാലെടുത്തുവെച്ച നാളുകളിൽ 1990ൽ രാജ്യത്തെ  ഏറ്റവും മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാർഡും സച്ചിൻ കരിയർ അവസാനിപ്പിക്കുന്നതിന് 3 വർഷങ്ങൾക്ക് മുൻപ് 2010ൽ പത്മശ്രീ പുരസ്കാരവും ലഭിച്ച അച്ഛരേക്കർ രാജ്യത്തിന് സംഭാവന നൽകിയത് സച്ചിനെ മാത്രമായിരുന്നില്ല. എണ്ണം പറഞ്ഞ ടെസ്റ്റ് താരങ്ങളും രഞ്ജി താരങ്ങളും അച്ഛരേക്കറുടെ കളരിയുടെ ഉല്‍പന്നങ്ങളായിരുന്നു.

മുംബൈയിൽ നിന്നും 500 കിലോമീറ്റർ അകലെയുള്ള മൾവൻ ഗ്രാമത്തിൽ ജനിച്ച അച്ഛരേക്കർ പതിനൊന്നാം വയസിലാണ് നഗരത്തിലേക്കെത്തുന്നത്. ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശം അച്ഛരേക്കറിന് ഒരു ക്രിക്കറ്ററെന്ന നിലയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടിക്കൊടുത്തു. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ അജിത്ത് വഡേക്കറിനൊപ്പം കളിച്ച പാരമ്പര്യമുള്ള അച്ഛരേക്കർ ഒരേയൊരു ഫസ്റ്റ് ക്ലാസ് മത്സരം മാത്രമാണ് കളിച്ചത്. 1964ൽ ഹൈദരാബാദിനെതിരെ വിക്കറ്റ് കീപ്പർ റോളിൽ കളിച്ച അച്ഛരേക്കർ ആ മത്സരത്തിൽ 30 റൺസുകൾ നേടുകയുണ്ടായി.

1967ൽ അന്ന് 21 കാരനായ മുൻ ഇന്ത്യൻ ഓപ്പണർ രാംനാഥ് പാർക്കർ പരിശീലനത്തിനായി എത്തിയതോടെയാണ് കോച്ചെന്ന നിലയിലേക്ക് അച്ഛരേക്കർ മാറുന്നത്. 4 വർഷത്തിനകം ടെസ്റ്റ് കളിച്ച പാർക്കർ ഇന്‍റർനാഷണൽ മത്സരം കളിച്ച അച്ഛരേക്കറുടെ ആദ്യ ശിഷ്യൻ കൂടിയാണ്. ടോണി ലൂയിസ് നായകനായ ഇംഗ്ലണ്ട് ടീമിനെതിരെ 2 ടെസ്റ്റുകൾ കളിച്ച പാർക്കർ ബോംബെ ടീമിൽ ഏറെക്കാലം ഗാവസ്കറുടെ ഓപ്പണിംഗ് പങ്കാളി കൂടിയായിരുന്നു. 85 ഫസ്റ്റ് ക്ളാസ് മാച്ചുകളിൽ 4455 റൺസുകൾ നേടിയ പാർക്കർ സ്പിന്നർമാരെ അനായാസം കൈകാര്യം ചെയ്യുന്നതിൽ മിടുക്കനും ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഫീൽഡർമാരിലൊരാളുമായിരുന്നു. 1995ൽ ഒരു അപകടത്തിൽ പെട്ട് 43 മാസത്തോളം അബോധാവസ്ഥയിൽ കിടന്നതിനെ തുടർന്ന് 1999ൽ അദ്ദേഹം മരണപ്പെടുകയുണ്ടായി.

അച്ഛരേക്കർ കോച്ചായി എത്തിയതോടെ ശാരദാശ്രമം ബോംബെ സർക്യൂട്ടിലെ ശ്രദ്ധാകേന്ദ്രമാകുകയായിരുന്നു. കുട്ടികളിലെ  കഴിവുകളെ വളരെ പെട്ടെന്ന് തിരിച്ചറിയാനുള്ള അച്ഛരേക്കറുടെ കഴിവ് തന്നെയായിരുന്നു ഏറെ ശ്രദ്ധേയം. അച്ഛരേക്കറുടെ കാലത്ത് തന്നെ ബാൽമോഹൻ വിദ്യാമന്ദിർ സ്‌കൂളിന്‍റെ കോച്ചായ അങ്കുഷ് വൈദ്യയും അറിയപ്പെടുന്ന പരിശീലകനായിരുന്നു. ഇരുവരുടെയും കീഴിൽ കളിച്ച കുട്ടികൾ തന്നെയായിരുന്നു സ്‌കൂൾ ക്രിക്കറ്റിൽ മികവു തെളിയിച്ചിരുന്നവരും.

വൈദ്യയടക്കമുള്ള പരിശീലകർ ക്രിക്കറ്റിനൊപ്പം തന്നെ പഠിത്തവും ഒന്നിച്ചു കൊണ്ടുപോകേണ്ടതിൻ്റെ പ്രാധാന്യം കുട്ടികൾക്ക് ഉപദേശിച്ചപ്പോൾ കുട്ടികൾ പൂർണമായും ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന പക്ഷക്കാരനായിരുന്നു അച്ഛരേക്കർ. പ്രധാന പരീക്ഷകളും പ്രധാന ടൂർണമെന്‍റുകളും ഒന്നിച്ചുവരുമ്പോൾ ടൂർണമെന്‍റുകൾക്ക് മുൻഗണന നൽകണമെന്ന് പറയുവാൻ അദ്ദേഹത്തിന് ഒരു ശങ്കയുമില്ലായിരുന്നു.

അച്ഛരേക്കറുടെ മികവിൽ ശാരദാശ്രമം ഒന്നാം പടിയിലേക്ക് ഉയരുമ്പോൾ തൊട്ടുപിറകിൽ തന്നെ വെല്ലുവിളികളുമായി ബാൽമോഹൻ വിദ്യാമന്ദിറും അഞ്ജുമാൻ- ഇ.ഇസ്ലം സ്കൂളും ഉണ്ടായിരുന്നു.

Read more: സ്‌കൂളില്‍ കാംബ്ലിയേക്കാൾ 'ഒക്കച്ചങ്ങായി'; അങ്ങനെയൊരാള്‍ സച്ചിനുണ്ട്!
 


 

click me!