സ്‌കൂളില്‍ കാംബ്ലിയേക്കാൾ 'ഒക്കച്ചങ്ങായി'; അങ്ങനെയൊരാള്‍ സച്ചിനുണ്ട്!

By Dhanesh DamodaranFirst Published Apr 1, 2023, 2:33 PM IST
Highlights

തന്‍റെ അടുത്തിരിക്കുന്ന സുന്ദരിക്കുട്ടി ആൺകുട്ടിയാണെന്നറിഞ്ഞത് മുതൽ റാണഡെയുടെ പ്രിയപ്പെട്ട കൂട്ടുകാരനായി ആ കുട്ടി

ആദ്യമായി സ്‌കൂളിൽ പോകുന്ന ഒരു സാധാരണ കുട്ടിയുടെ മുഖത്ത് കാണുന്ന എല്ലാ ഭയവും വേവലാതിയും അതുൽ റാണഡെയുടെ മുഖത്തുണ്ടായിരുന്നു. ഒടുവിൽ ഒറ്റക്ക് ഒരു ബെഞ്ചിലിരുന്ന് പലതും ആലോചിക്കുമ്പോഴാണ് താനിരിക്കുന്ന ബെഞ്ചിൽ തന്‍റെ അടുത്ത് ചുരുണ്ട, നീളൻ മുടിയുള്ള സുന്ദരിക്കുട്ടി വന്നിരുന്നത്. അതോടെ കൂനിൻമേൽ കുരു എന്ന പോലെ ആശങ്കൾക്കൊപ്പം അസ്വസ്ഥതയും തുടങ്ങി. രണ്ട് ദിവസം കുറെ നീങ്ങി മാറിയിരുന്ന റാണഡെയ്ക്ക് മൂന്നാം ദിവസമാണ് ശ്വാസം തിരികെ ലഭിച്ചത്. ക്ലാസ് ടീച്ചർ അറ്റൻഡൻസ് വിളിക്കാൻ തുടങ്ങി. റാണഡെയുടെ പേരിനു ശേഷം ടീച്ചർ ക്ലാസിലെ അടുത്ത കുട്ടിയുടെ പേര് വിളിച്ചു... "സച്ചിൻ ടെന്‍ഡുല്‍ക്കര്‍ ".

അത് കേട്ടതോടെ റാണഡെയ്ക്ക് സ്വർഗം ലഭിച്ച പ്രതീതിയായിരുന്നു. തന്‍റെ അടുത്തിരിക്കുന്ന സുന്ദരിക്കുട്ടി ആൺകുട്ടിയാണെന്നറിഞ്ഞത് മുതൽ റാണഡെയുടെ പ്രിയപ്പെട്ട കൂട്ടുകാരനായി ആ കുട്ടി. ആ ബന്ധം സ്കൂളിലും നിന്നില്ല. സച്ചിനൊപ്പം ബോംബെ ജൂനിയർ ടീമിലും കളിച്ച റാണഡെയോട് സച്ചിന് കാംബ്ലിയേക്കാൾ വലിയ സൗഹൃദമാണുള്ളത്. ബാൽമോഹൻ ഹൈസ്‌കൂളിനെതിരെ ശിവാജി പാർക്കിൽ നടന്ന ഒരു മാച്ചിൽ റാണഡെ ആറാമനായി ബാറ്റ് ചെയ്യാനെത്തുമ്പോൾ സച്ചിൻ പുറത്താകാതെ 47 റൺസെടുത്ത് നിൽക്കുകയായിരുന്നു. വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചുനിൽക്കാൻ റാണഡെയോട് നിർദ്ദേശിച്ച സച്ചിൻ ബൗളർമാരെ കടന്നാക്രമിക്കാൻ തുടങ്ങി. രണ്ടര മണിക്കൂർ കഴിഞ്ഞപ്പോൾ റാണഡെ പുറത്താകാതെ 18 റൺസിൽ നിൽക്കുമ്പോൾ സച്ചിൻ നേടിയത് പുറത്താകാതെ 147 റൺസുകളായിരുന്നു. ജൂനിയർ താരങ്ങൾക്ക് വേണ്ടിയുള്ള ശത്കർ ട്രോഫി ടൂർണമെന്‍റിൽ സച്ചിന്‍റെ എതിർ ടീമിലായിരുന്നു റാണഡെ. ലോങ്ങ് ഓഫിലേക്ക് സച്ചിൻ ഉയർത്തിയടിച്ച പന്തിനെ 10-12 വാര ഓടി എടുത്ത ക്യാച്ച് റാണഡെയെ എത്തിച്ചത് അണ്ടര്‍15 ബോംബെ ടീമിലായിരുന്നു.


  
കുട്ടിക്കാലത്തെ അമിത വാത്സല്യം കാരണം കുഞ്ഞ് സച്ചിൻ കാണിച്ച കുസൃതികൾക്ക് കണക്കില്ല. 200 ടെസ്റ്റുകളേക്കാൾ പറയാനുണ്ടാകും ആ കുസൃതിക്കണക്കുകൾക്ക്. ഒരു നേരം പോലും വീട്ടിലിരിക്കാതെ മരത്തിൽ തല കീഴായികിടക്കലും കൂട്ടുകാരുമൊത്തുള്ള പഞ്ചഗുസ്തിപിടുത്തവും അതിൽ ചിലവ മാത്രം. സ്കൂളിൽ വെച്ച് പഞ്ചഗുസ്തിയിൽ തന്നെ തോല്‍പിക്കുമെന്ന് വെല്ലുവിളിച്ച കാംബ്ലി തോറ്റു തുന്നംപാടിയിരുന്നു. കൂട്ടുകാരെ സ്നേഹിക്കുന്നതിൽ കുട്ടിക്കാലം മുതൽ കാണിച്ച താൽപര്യം ഇന്നും അതുപോലെ കാത്തുസൂക്ഷിക്കുന്നത് സച്ചിന്‍റെ മറ്റൊരു വലിയ മഹിമയാണ്. മറ്റു പല പ്രശസ്തർക്കും ഇല്ലാത്ത ഒരു വലിയ പ്രത്യേകത.

മറ്റൊരുപാട് പ്രഗത്ഭരെ അപേക്ഷിച്ച് ക്രിക്കറ്റിൽ തീരെ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത കുടുംബമാണ് സച്ചിന്‍റേത്. പേരിനെങ്കിലും ക്രിക്കറ്റ് കളിച്ചത് ചേട്ടൻ അജിത്ത് മാത്രം. സാഹിത്യ സഹവാസിലെ പുസ്തങ്ങളുടെയും കവിയരങ്ങുകളുടെയും സംസ്കാരത്തിൽ നിന്നും ഒരു രാജ്യത്തിനെ തന്നെ പുതിയ ഒരു സംസ്കാരത്തിലേക്ക് കൂടി നയിക്കുന്ന തരത്തിലേക്കുള്ള സച്ചിന്‍റെ വളർച്ചയെ അതിശയകരം എന്ന് തന്നെ പറയേണ്ടിവരും.

എഴുത്തുകാരെയും സാഹിത്യകാരൻമാരേയും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കൂട്ടായ്മകൾ സൃഷ്ടിക്കുന്നതിനും മഹാരാഷ്ട്ര സർക്കാർ ചുരുങ്ങിയ ചെലവിൽ താമസ സൗകര്യം ഏർപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് മറാത്തി കവിയും പ്രൊഫസറുമായ രമേഷ് ടെന്‍ഡുല്‍ക്കറും കുടുംബവും സഹവാസിലെത്തുന്നത്. സച്ചിന്‍റെ പിതാവ്  മറാത്തി സാഹിത്യത്തിൽ ബിഎ, എംഎ സ്വർണ്ണ മെഡൽ ജേതാവും പിന്നീട് കവി, വിമർശൻ എന്നീ നിലകളിൽ വളരെയേറെ പ്രശസ്തി കൈവരിക്കുകയും ചെയ്ത ആളായിരുന്നു. പഠനത്തേയും വായനയേയും അഗാധമായി സ്നേഹിച്ച അദ്ദേഹത്തിന് ക്രിക്കറ്റ് തീരെ താല്പര്യമില്ലാത്ത വിഷയമായിരുന്നു.

എങ്കിലും സിദ്ദാർത്ഥ് കോളേജിൽ പ്രൊഫസറായി ജോലി ചെയ്തിരുന്ന സമയത്ത് ക്രിക്കറ്റ് മത്സരങ്ങളുടെ തിരക്കുകൾ കാരണം കൃത്യമായി ക്ലാസിൽ വരാൻ പറ്റാതിരുന്ന കുട്ടികൾക്ക് സ്വയം താൽപര്യമെടുത്ത് പ്രത്യേക ക്ലാസുകൾ കൊടുത്തിരുന്നു. പിൽക്കാലത്ത് സുനിൽ ഗാവസ്‌കറാണ് ഇങ്ങനെ പറഞ്ഞത്. അച്ഛന്‍റെ അത്തരം പ്രവൃത്തികൾ കൊണ്ടുകൂടിയാകാം ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്ററെ അദ്ദേഹത്തിന് മകനായി ലഭിച്ചിട്ടുണ്ടാവുക. സിദ്ദാർത്ഥ് കോളേജിൽ നിന്നും പിന്നീട് രമേഷ് ടെന്‍ഡുല്‍ക്കര്‍ ദാദറിലെ കീർത്തി കോളേജിൽ മറാത്തി വിഭാഗത്തിന്‍റെ തലവനായി സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് അതേ കോളേജിൽ സച്ചിനും പഠിക്കുകയുണ്ടായി.

പക്ഷേ സച്ചിന്‍റെ പഴയ തലമുറകളിൽ ക്രിക്കറ്റ് രക്തം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛന് ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥരുടെ ടീമിനെതിരെ വരെ കളിച്ച പാരമ്പര്യമുണ്ട്. പിന്നീട് ബാന്ദ്രയിലെ ഫ്ളാറ്റിൽ നിന്നും താമസം മാറിയപ്പോൾ ആ വീട്ടിൽ അച്ഛൻ നടത്തുന്ന സാഹിത്യ സദസ്സുകളിൽ വല്ലതും ശ്രദ്ധിച്ചത് ജ്യേഷ്ഠൻ നിതിൻ മാത്രമായിരുന്നു. അദ്ദേഹമാകട്ടെ സംസ്ഥാന സർക്കാറിന്റെ പുരസ്കാരം വരെ ലഭിച്ച അറിയപ്പെടുന്ന മറാഠി കവിയുമായി.

50 വർഷങ്ങൾക്ക്  മുൻപ് ശിവാജി പാർക്കിന് സമീപത്തുള്ള ചെറിയ വീട്ടിൽ അധ്യാപകനായ രമേഷ് ടെന്‍ഡുല്‍ക്കറുടേയും എല്‍ഐസി ജീവനക്കാരിയായ രജനിയുടെയും മകനായി ജനിക്കുമ്പോൾ ശിവാജി പാർക്ക് എന്ന സ്ഥലം ലോകം മുഴുവൻ ഇത്ര മാത്രം അറിയപ്പെടാൻ കാരണക്കാരൻ ആ കുട്ടിയാകുമെന്ന് ആരും കരുതിക്കാണില്ല. നാല് മക്കളിൽ ഏറ്റവും ഇളയവന്‍റെ അവകാശമായ സർവ സ്വാതന്ത്രങ്ങളും കുരുത്തക്കേടുകളും കുടുംബക്കാരുടെ കണ്ണിലുണ്ണിക്ക് ആവോളം കിട്ടി. അല്പമെങ്കിലും പേടി ചേട്ടൻ നിതിനെ മാത്രമായിരുന്നു. പിതാവിന് വലിയ താൽപര്യമില്ലാത്ത ക്രിക്കറ്റിലേക്ക് പക്ഷേ ചേട്ടൻ ആ കുട്ടിയെ കൈപിടിച്ചു കയറ്റി. പക്ഷേ ക്രിക്കറ്റ് കഴിഞ്ഞാൽ സച്ചിന് ഏറ്റവും പ്രിയം അച്ഛൻ സ്നേഹിച്ച സംഗീതത്തെ തന്നെയാണ്.

ടിന്നുകളിൽ മണൽ നിറച്ച് അതിൽ കമ്പി കുത്തി സ്റ്റംപാണെന്ന് സങ്കൽപ്പിച്ച് വഴികളിലും ഇടനാഴികളിലും കളിച്ച് നടന്ന സച്ചിന് അന്നത്തെ മുംബൈയുടെ ഹീറോ സന്ദീപ് പാട്ടീൽ വീടിനടുത്തുള്ള ശിവാജി പാർക്കിൽ പരിശീലിക്കാൻ വന്നത് ഒരു വഴിത്തിരിവായി. നെറ്റ്സിനു ചുറ്റും ആരാധകർ പാട്ടീലിനെ വളഞ്ഞപ്പോൾ ആ കുഞ്ഞു മനസ്സിലും ഒരു ആഗ്രഹം മൊട്ടിട്ടു. "എനിക്കും ഒരു നാൾ ഇതു പോലൊരു താരമാകണം ''. 1980 കളിൽ ഗാവസ്കറിന്‍റെ തുടർ സെഞ്ചുറികളും 1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയവും പയ്യന്‍റെ ആഗ്രഹത്തിന്‍റെ വേഗത ത്വരിതപ്പെടുത്തി. മഴയും വെയിലും അവന്‍റെ  ക്രിക്കറ്റ് കളിയെ ബാധിച്ചതേയില്ല.

നിറയെ ക്രിക്കറ്റ് നെറ്റുകൾ നിറഞ്ഞ ശിവാജി പാർക്കിന്‍റെ മൂലയിൽ നിന്നും കളിച്ചു തുടങ്ങി തന്നെയായിരുന്നു സച്ചിന്റെ ഇതിഹാസത്തിലേക്കുള്ള പ്രയാണവും തുടങ്ങിയത്. ഗവാസ്കറും പാട്ടിലും തിമിർത്താടിയ അതേ മണ്ണിൽ നിന്നും. സച്ചിനെ സച്ചിനാക്കിയ ശാരദാശ്രമം സ്കൂളും പാർക്കിനടുത്തു തന്നെയായിരുന്നു. തന്‍റെ അനുജന്‍റെ പ്രതിഭ മനസിലാക്കി അവനെ ലോകോത്തര താരമാക്കാൻ ചേട്ടൻ അജിത്ത് ആശ്രയിച്ചത് പിന്നീട് സച്ചിനൊപ്പം പ്രശസ്തനായ ഗുരു രമാകാന്ത് അച്ഛരേക്കറുടെ അടുത്തായിരുന്നു. ആദ്യം പോയപ്പോൾ  5 മിനിറ്റ് പരിശീലനം നടത്തിയ സച്ചിനിൽ തീരെ താൽപര്യം തോന്നാഞ്ഞ അച്ഛരേക്കർ സച്ചിനോട് സ്ഥലം വിടാനാണ് പറഞ്ഞത്. ആ കാർക്കശ്യക്കാരൻ ഗുരുവിന്‍റെ വാക്കുകൾ കേട്ട് സച്ചിനേക്കാൾ വിഷമിച്ച അജിത്ത് വീണ്ടും വീണ്ടും കെഞ്ചിയത് കാരണം പിറ്റേ ദിവസം വീണ്ടും വരാനാണ് കോച്ച് പറഞ്ഞത്. പിന്നീട് നടന്നതെല്ലാം ചരിത്രത്തിന്‍റെ ഭാഗമായി.

സച്ചിനിലെ അപാര പ്രതിഭയെ കണ്ടെത്തിയ അച്ഛരേക്കർ പിന്നീട് കൂടുതൽ സമയം ക്രിക്കറ്റിന് കണ്ടെത്താനായി സച്ചിൻ പഠിക്കുന്ന ന്യൂ ഇംഗ്ലീഷ് സ്‌കൂളിൽ നിന്നും മാറി ശാരദാശ്രമത്തിലേക്ക് വരുവാൻ അജിത്തിനെ ഉപദേശിച്ചു. 7-ാം ക്ലാസിൽ പഠിക്കുമ്പോൾ അങ്ങനെ സച്ചിൻ തന്‍റെ ദ്രോണാചാര്യന്‍റെ കളരിയിലെത്തി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി നെറ്റ് പ്രാക്ടീസിന് പുറമെ മാച്ച് പ്രാക്ടീസുകൾക്കാണ് അച്ചരേക്കർ മുൻതൂക്കം നൽകിയത്. ആഴ്ചയിൽ 5 മത്സരങ്ങൾ വരെ കളിപ്പിക്കും. സച്ചിനാണെങ്കിൽ ദിവസം 2 മാച്ചുകൾ വരെ.

അക്കാലത്ത് സച്ചിന്‍റെ ചില രീതികളുമായി കോച്ചിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സച്ചിൻ കളിക്കാൻ തിരഞ്ഞെടുത്ത ഭാരം കൂടിയ ബാറ്റ് മാറ്റാനും ഹാൻഡിൽ ഗ്രിപ്പിൽ മാറ്റം വരുത്താനും അഭിപ്രായപ്പെട്ടെങ്കിലും സച്ചിൻ അതിന് തയ്യാറായില്ല. പിൽക്കാലത്ത്, പക്ഷെ സച്ചിനാണ് ശരി എന്നത് അച്ചരേക്കർ സമ്മതിച്ചിരുന്നു. ഉച്ചവരെ സ്കൂളിൽ പഠിച്ച് വൈകുന്നേരം 3 മുതൽ 7 വരെ പരിശീലനം നടത്തി ഒരു പാട് നേരം വീട്ടിലേക്കുള്ള യാത്രയും കൂടി ആയതോടെ സച്ചിന് പഠിക്കാൻ സമയമില്ലാതായി. അതോടെ സ്കൂളിന് തൊട്ടടുത്ത് താമസിക്കുന്ന അമ്മാവന്‍റെ വീട്ടിൽ സച്ചിൻ താമസിച്ചു. അതോടെ രാവിലെ 7 മുതൽ 10 വരെ കളിക്കാനും സമയം കിട്ടി. ആ കാലത്തൊക്കെ ജോലി സ്ഥലത്ത് നിന്നും 3 ബസ്സുകൾ മാറി മാറി കയറി മകനെ കാണാൻ എന്നും ശിവാജി പാർക്കിൽ എത്തിയിരുന്ന പ്രിയപ്പെട്ട അമ്മയും സച്ചിന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചു .

മക്കളില്ലാത്ത അമ്മാവനും അമ്മായിയും സച്ചിനെ മകനെപ്പോലെ സ്നേഹിച്ചു. പിന്നീട് വലിയ താരമായി ഓരോ വിദേശപര്യടനത്തിന് പോകുന്നതിനു മുൻപും സച്ചിൻ സന്ദർശിക്കുന്ന 4 സ്ഥലങ്ങളിലൊന്ന് തന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ ബാല്യകാലത്ത് താങ്ങായി നിന്ന അമ്മാവന്റെ വീടായിരുന്നു. മറ്റിടങ്ങൾ ശിവജി പാർക്കിലെ ഗണേശ ക്ഷേത്രവും പ്രഭാദേവിയിലെ സിദ്ധിവിനായക ക്ഷേത്രവും പിന്നെ സാക്ഷാൽ അച്ഛരേക്കർ സാറിന്‍റെ അടുത്തും ആയിരുന്നു.

സ്കൂൾ ക്രിക്കറ്റ് സച്ചിന്‍റെ കരിയറിലെ നിർണായക നാളുകളായിരുന്നു. ദിവസം കഴിയും തോറും മെച്ചപ്പെട്ട സച്ചിൻ അവിടെ താരപദവിയിലേക്കുയർന്നത് പെട്ടെന്നായിരുന്നു. അതിനിടെ ബാന്ദ്ര ഉറുദുവിനെതിരെ നടന്ന മത്സരത്തിൽ 12 സിക്സർ പറത്തിയ ആ പയ്യന്റെ കൈക്കരുത്ത് ബൗളർമാരെ നാണം കെടുത്തി. അതിലൊരു സിക്സർ തൊട്ടടുത്ത ഇൻകം ടാക്സ് ഓഫീസിന്‍റെ മുകളിലാണ് എത്തിയത്. താരപദവിയിലേക്കുള്ള പ്രയാണത്തിൽ സച്ചിനൊരു പറ്റിയ കൂട്ടാളിയേയും കിട്ടി. വിനോദ് ഗണപതി കാംബ്ലി. അതോടെ ഗുരു അച്ഛരേക്കറും ശാരദാശ്രമം സ്കൂളും സച്ചിനുമായി ബന്ധപ്പെട്ട മറ്റുള്ളവരും ലോകത്തിന്‍റെ നെറുകയിലേക്ക് യാത്ര ആരംഭിച്ചിരുന്നു.

ജൈൽസ് ഷീൽഡ്, ഹാരിസ് ഷീൽഡ്... മുംബൈ ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളുടെ മഹാനഗരം

click me!