
അഗാർക്കർ പടിയിറങ്ങി, ഭുവനേശ്വർ കുമാർ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മെറിറ്റില്‍ ടീമിലെത്തി. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഇനി ഒരു ചോദ്യമെയുള്ളു, മുഹമ്മദ് ഷമി തിരിച്ചുവരുമോയെന്ന്. ഷമിയുടെ റീ എൻട്രി സാധ്യമാണോ?
ഷമിയിലേക്ക് എത്തും മുൻപ് എന്തുകൊണ്ട് ഭുവി മടങ്ങിയെത്തിയെന്നത് അറിയണം. ന്യൂസിലൻഡ് പര്യടനത്തിനുള്ള ടി20 ടീമിലെ പേസർമാരുടെ പട്ടികയെടുക്കാം. ഭുവി, അർഷദീപ് സിങ്, മായങ്ക് യാദവ്, പ്രിൻസ് യാദവ്, നിതീഷ് കുമാർ റെഡ്ഡി. ഫോർമാറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് ടേക്കറായ അർഷദീപിനേയും ഭുവിയേയും മാറ്റി നിർത്തിയാല്‍ മറ്റൊരു പേസർപോലും തങ്ങളുടെ കരിയറില്‍ 10 അന്താരാഷ്ട്ര ടി20 മത്സരം കളിച്ചിട്ടില്ല. മായങ്ക് ഏഴ്, പ്രിൻസും നിതീഷും ആറ് വീതം, ഇങ്ങനെയാണ് കണക്ക്.
ജസ്പ്രിത് ബുമ്രയുടെ അഭാവത്തെ മറികടക്കാനുള്ള മികവ് യുവതാരങ്ങളാല്‍ നിറഞ്ഞ പേസ് നിരയ്ക്ക് സാധിക്കില്ല എന്നത് വ്യക്തമായിക്കഴിഞ്ഞു. ബുമ്രയുടെ സാന്നിധ്യം എല്ലാ പരമ്പരകളിലും ഉറപ്പാക്കുക എന്നതും വെല്ലുവിളിയാണ്. കാരണം താരത്തിന്റെ വർക്ക് ലോഡ് മാനേജ്മെന്റിന്റെ കാര്യത്തില്‍ ബിസിസിഐക്ക് കൃത്യമായ പദ്ധതികളുണ്ട്. അത്രയും പ്രധാന്യം അർഹിക്കുന്ന പരമ്പരകളില്‍ മാത്രമെ ഇനി ബുമ്രയെ പ്രതീക്ഷിക്കേണ്ടതുള്ളു. പ്രത്യേകിച്ചും ടെസ്റ്റ് സീരിസുകളില്‍.
ബുമ്ര നല്‍കുന്ന എക്‌സ് ഫാക്ടര്‍, അത് ഭുവിയുടെ എക്‌സ്‌പീരയൻസും നിലവിലെ ഫോമും ഉപയോഗിച്ച് നേടിയെടുക്കാൻ കഴിയുമെന്നതാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണ്‍ എടുത്താല്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയിട്ടുള്ള പേസര്‍ ഭുവിയാണ്, 45 എണ്ണം. പ്രത്യേകിച്ചും പവർപ്ലേയിലേയും ഡെത്ത് ഓവറുകളിലേയും താരത്തിന്റെ മികവ്. ബുമ്രയ്ക്ക് സമാനമായി ഇൻസ്വിങ് യോർക്കറുകള്‍ ഭുവിയുടെ കൈവശവുമുണ്ട്.
അർഷദീപിന് അനുയോജ്യമായ കൂട്ടുകെട്ട്, ഒരുപക്ഷേ നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ അർഷദീപിനേക്കാള്‍ മികവ് ഭുവിയില്‍ നിന്ന് പ്രതീക്ഷിക്കാം. അർഷദീപ് സമീപകലത്ത് റണ്‍സ് വിട്ടുനല്‍കുന്നതില്‍ മുന്നിലാണ്, ഇൻകണ്‍സിസ്റ്റൻസി ചർച്ച ചെയ്യപ്പെടുന്നുമുണ്ട്. ഇവിടെ ഇന്ത്യയുടെ ഇൻ എക്‌സ്‌പീരിയൻസ്‌ഡായുള്ള ഇലവനിലേക്കുള്ള ഭുവിയുടെ അഡിഷൻ 100 ശതമാനവും ശരിവെക്കപ്പെടുകയും ചെയ്യുന്നു.
ഇനി ഷമിയിലേക്ക് വരാം. വിത്തൗട്ട് ബുമ്ര, ടി20 ബൗളിങ് നിരയ്ക്ക് സമാനമാണ് ഏകദിനത്തിലും. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയില്‍ പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, അക്വിബ് നബി, അൻഷുല്‍ കാമ്പോജ്, എന്നിവരായിരുന്നു പേസ് നിരയില്‍. ഇതില്‍ സിറാജ് ഒഴികെയുള്ള മറ്റെല്ലാ ബൗളര്‍മാരുടേയും എക്കോണമി ഏഴിന് മുകളിലാണ്. സിറാജിനെ കളിപ്പിച്ചതാകട്ടെ ഒരു മത്സരത്തിലും. എക്‌സ്‌പീരിയൻസിന്റെ കോളത്തില്‍ ഇന്ത്യയുടെ ഏകദിന ബൗളിങ് നിര ശൂന്യമാണ്. ബുമ്രയുടെ അഭാവത്തില്‍പ്പോലും പരിചയസമ്പത്തുള്ള സിറാജിനെ എന്തുകൊണ്ട് കളിപ്പിക്കുന്നില്ല എന്നത് ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യം.
ബാറ്റിങ് മികവുകൊണ്ട് മാത്രം ഇന്ത്യ ഏകദിനങ്ങള്‍ ജയിക്കുന്ന പശ്ചാത്തലത്തിലാണ് ഷമിയുടെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നതും തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ആരാധകര്‍ ഉന്നയിക്കുന്നതും. ഷമി അവസാനമായി ഇന്ത്യയ്ക്കായി കളത്തിലെത്തിയത് 2025 ചാമ്പ്യൻസ് ട്രോഫിയിലായിരുന്നു, ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ടോപ് വിക്കറ്റ് ടേക്കര്‍. കാല്‍മുട്ടിനേറ്റ ഗുരുതരമായ പരിക്കിന് ശേഷമുള്ള ഷമിയുടെ തിരിച്ചുവരവായിരുന്നു ചാമ്പ്യൻസ് ട്രോഫി.
എന്നാല്‍, അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി യുവപേസര്‍മാര്‍ക്കാണ് പിന്നീട് മുൻഗണന നല്‍കിയത്. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമാക്കിയായിരുന്നു ഈ സമീപനം, ഷമിയുടെ ലോങ്ങിറ്റിവിറ്റിയും ഇഞ്ചുറി പ്രോണായുള്ള കരിയറും ഇവിടെ ഘടകമായി. പക്ഷേ, അഗാര്‍ക്കറും സംഘവും മുന്നോട്ട് വെച്ച യുവനിരയ്ക്ക് ആകട്ടെ 350 പ്ലസ് ടോട്ടലുകള്‍ പോലും പ്രതിരോധിക്കാൻ കഴിയുന്നുമുണ്ടായില്ല. മറുവശത്ത് ആഭ്യന്തര ക്രിക്കറ്റില്‍ ഷമി തിളങ്ങിക്കൊണ്ടേയിരുന്നു.
2025-26 സീസണില്‍ രഞ്ജി ട്രോഫിയില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 37 വിക്കറ്റുകള്‍, വിജയ് ഹസാരയില്‍ 15, സെയ്ദ് മുഷ്താഖ് അലിയില്‍ 16ഉം വിക്കറ്റുകള്‍. ദുലീപ് ട്രോഫിയിലും പ്രകടനം മോശമാക്കിയില്ല. തന്റെ ഫിറ്റ്നസിനെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോഴെല്ലാം ഷമി വാക്കുകൊണ്ടും പന്തുകൊണ്ടും മറുപടി നല്‍കിയിട്ടുമുണ്ട്. ഏകദിന ലോകകപ്പുകളിലെ ഇന്ത്യയുടെ ടോപ് വിക്കറ്റ് ടേക്കറാണ് ഷമി, 18 മത്സരങ്ങളില്‍ നിന്ന് 55 വിക്കറ്റുകള്‍. മൂന്ന് ടൂര്‍ണമെന്റില്‍ നിന്നാണ് നേട്ടം, രണ്ട് എണ്ണം ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലുമായിരുന്നു, വിദേശ വിക്കറ്റുകളിലും ഷമി എത്രത്തോളം എഫക്റ്റീവാണെന്നത് ഈ സ്റ്റാറ്റ്സ് തെളിയിക്കുന്നു.
എന്നിരുന്നാലും, ഏകദിന ഫോര്‍മാറ്റിലേക്കുള്ള ഷമിയുടെ തിരിച്ചുവരവ് അത്ര എളുപ്പമല്ല. ജസ്പ്രിത് ബുമ്രയായിരിക്കും ആദ്യ ഓപ്ഷൻ. പ്രസിദ്ധ് കൃഷ്ണ തീര്‍ച്ചയായും ടീമിലുണ്ടാകുമെന്നതാണ് സമീപകാലത്തെ സെലക്ഷൻ നല്‍കുന്ന സൂചന. മറ്റൊരാള്‍ മുഹമ്മദ് സിറാജാണ്, ബാക്കപ്പ് പേസറായെങ്കിലും സിറാജ് ടീമിലുണ്ടായേക്കും. ഹര്‍ഷിത് റാണ പരിക്കില്‍ നിന്ന് പൂര്‍ണമായും മടങ്ങിയെത്തിയാല്‍ മറ്റൊരു എൻട്രി കൂടി. ഹാര്‍ദിക്ക് പാണ്ഡ്യ എന്ന പേരുകൂടിയുണ്ട്. ഇവിടെ ഷമിക്ക് മുൻഗണ കൊടുക്കുമോയെന്നത് സംശയമാണ്.
ഷമിയെ പരിഗണിക്കുന്നുണ്ടെങ്കില്‍ നവംബറില്‍ ആരംഭിക്കാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിനുള്ള ഏകദിന ടീമിലുണ്ടാകും, അല്ലാത്ത പക്ഷം സാധ്യതകള്‍ വിരളമാണ്.