ജഡേജ മാത്രമല്ല ഹീറൊ! ലോർഡ്‌സ് വിജയം സ്റ്റോക്ക്‌സ് വിയർപ്പൊഴുക്കി നേടിയത്

Published : Jul 16, 2025, 02:30 PM IST
Ben Stokes

Synopsis

ഒരു ടെസ്റ്റ് മത്സരം ജയിക്കാൻ ബൗള്‍ ചെയ്യുന്നതിനേക്കാള്‍ നിങ്ങളെ മറ്റെന്ത് ഉത്തേജിപ്പിക്കാനാണ്, ഇതായിരുന്നു സ്റ്റോക്ക്‌സിന്റെ നിലപാട്

‘’നിനക്ക് ഇംഗ്ലണ്ടിന് വേണ്ടി കളിക്കാൻ യാതൊരു ആഗ്രഹവുമില്ല, കൂട്ടുകാരുമൊത്ത് വഴക്കിടാനും ആസ്വദിക്കാനും മാത്രമാണ് താല്‍പ്പര്യം,'' ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുൻ പരിശീലകൻ ആൻഡി ഫ്ലവര്‍ ഒരിക്കല്‍ ടീമിലെ അലസനായിരുന്ന യുവതാരത്തിനോട് പറഞ്ഞ വാചകമാണിത്.

12 വര്‍ഷങ്ങള്‍ക്കിപ്പുറം ലോര്‍ഡ്‌സില്‍ ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം. ഏഴ് ഓവറിന്റെ ദീര്‍ഘ സ്പെല്ലെറിയുകയാണ് അന്നത്തെ യുവതാരം, ഇന്നത്തെ ബെൻ സ്റ്റോക്ക്‌സ്. ബാല്‍ക്കണിയില്‍ നിന്ന് മുഖ്യപരിശീലകൻ ബ്രെണ്ടൻ മക്കല്ലം സ്റ്റോക്ക്‌സിനെ ഓര്‍മിപ്പിക്കുകയാണ് ശരീരത്തിലുള്ളത് മാംസവും എല്ലുകളും തന്നെയാണെന്ന്, അല്ലാതെ യന്ത്രമൊന്നുമല്ലെന്നും.

ഒരു ടെസ്റ്റ് മത്സരം ജയിക്കാൻ ബൗള്‍ ചെയ്യുന്നതിനേക്കാള്‍ നിങ്ങളെ മറ്റെന്ത് ഉത്തേജിപ്പിക്കാനാണ്, ഇതായിരുന്നു സ്റ്റോക്ക്‌സിന്റെ നിലപാട്. ജയത്തിനായി ശസ്ത്രക്രിയകള്‍ക്ക് വിധേയമായ ശരീരത്തിന്റെ പരിമിധികളെ മാറ്റിനിര്‍ത്തി. നാലാം ദിനം ആകാശ് ദീപിന്റെ ഓഫ് സ്റ്റമ്പ് തകര്‍ത്ത് അവസാനിപ്പിച്ച സ്റ്റോക്ക്‌സ് അഞ്ചാം ദിനം രാവിലെ ഒൻപത് ഓവറുകളാണ് തുടര്‍ച്ചയായി എറിഞ്ഞത്.

കെ എല്‍ രാഹുലിനെ കുടുക്കിയ നിപ് ബാക്കര്‍. പരമ്പരയിലെ ഇന്ത്യയുടെ മിസ്റ്റര്‍ ഡിപ്പൻഡബിളിനെ ക്ലൂലെസാക്കിക്കളഞ്ഞ പന്ത്. അമ്പയര്‍ നോട്ടൗട്ട് വിധിച്ചെങ്കിലും റിവ്യൂവിന് പോകാൻ സ്റ്റോക്ക്‌സിന്റെ അത്രയും ആത്മവിശ്വാസം ഇംഗ്ലണ്ട് നിരയിലാര്‍ക്കുമുണ്ടായിരുന്നില്ല. ആ തീരുമാനം സ്റ്റോക്ക്‌സിനേയും ഇംഗ്ലണ്ടിനേയും ഒരുപടി മുന്നിലേക്ക് നി‍ര്‍ത്തുകയും ചെയ്തു.

ഉച്ചയൂണിന് ശേഷമുള്ള രണ്ടാം സെഷനില്‍ എറിഞ്ഞ സ്പെല്ലിന്റെ ദൈർഘ്യം 10 ഓവറുകളായിരുന്നു. ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് സ്റ്റോക്ക്‌സ് തന്റെ ശരീരത്തിനോട് വല്ലാത്ത ക്രൂരതയായിരുന്നു കാണിച്ചത്. പക്ഷേ, അതിന്റെ ഫലമായിരുന്നു 22 ഓവറുകള്‍ക്ക് ശേഷം വീണ ബുംറയുടെ വിക്കറ്റ്. നിരന്തരം ഷോര്‍ട്ട് ബോളുകളെറിഞ്ഞ് ബുംറയെ ഹൂക്ക് ചെയ്യാൻ പ്രേരിപ്പിച്ച ഇംഗ്ലണ്ട് നായകന്റെ ശ്രമം ഫലം കണ്ട നിമിഷമായിരുന്നു അത്.

44 ഓവറുകളാണ് രണ്ട് ഇന്നിങ്സിലുമായി സ്റ്റോക്ക്‌സ് എറിഞ്ഞത്. ഇരുടീമിലേയും കണക്കെടുത്താല്‍‍ സ്റ്റോക്ക്‌സിനോളം പന്തെടുത്ത മറ്റൊരു താരമില്ല. 43 ഓവര്‍ എറിഞ്ഞ ബുംറയാണ് തൊട്ടടുത്തുള്ളത്. മറ്റാരേക്കാളും ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയായിരുന്നു സ്റ്റോക്ക്‌സ്. ഇത് ഒരു ബൗളറെന്ന നിലയില്‍ മാത്രമായിരുന്നില്ല, ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും നായകമികവിലുമെല്ലാം പ്രതിഫലിച്ചു.

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഏറ്റവും നിര്‍ണായകമായ നിമിഷമേതെന്ന ചോദ്യത്തിന് ഇന്ത്യൻ നായകൻ ശുഭ്‌മാൻ ഗില്ലിന്റെ മറുപടി റിഷഭ് പന്തിന്റെ റണ്ണൗട്ട് എന്നായിരുന്നു. അതിന് പിന്നലുണ്ടായിരുന്നത് സ്റ്റോക്ക്‌സിന്റെ കൈകളും. ബഷീറിന്റെ പന്ത് കവര്‍ പോയിന്റിലേക്ക് തട്ടിയിട്ട് സിംഗിള്‍ എടുക്കാനുള്ള പന്തിന്റെ ശ്രമം. ലഞ്ചിന് പിരിയും മുൻപ് രാഹുലിന് സ്ട്രൈക്ക് കൈമാറുക, ശതകം നേടുക എന്നതായിരുന്നിരിക്കാം ലക്ഷ്യം. പക്ഷേ, ഷോ‍ര്‍ട്ട് കവറില്‍ നിന്ന് ഓടിയെടുത്ത സ്റ്റോക്ക്‌സിന്റെ ഡയറക്റ്റ് ത്രൊ പവലിയനിലേക്ക് നടക്കാൻ പന്തിനെ പ്രേരിപ്പിച്ചു.

ഇവിടെ മറ്റൊന്നുകൂടി ചൂണ്ടിക്കാണിക്കാം, സമാനമായി ആദ്യ ദിനത്തിലെ അവസാന ഓവറില്‍ സെഞ്ച്വറിക്കരികില്‍ ജോ റൂട്ട് നിന്ന സമയം. ആകാശിന്റെ പന്തില്‍ ‍ഡബിളെടുത്ത് മൂന്നക്കം തൊടുക എന്നതായിരുന്നു റൂട്ടിന്റെ ലക്ഷ്യം. എന്നാല്‍, മറുപുറത്ത് ഉണ്ടായിരുന്ന സ്റ്റോക്ക്‌സ് അതിന് വിസമ്മതിക്കുകയായിരുന്നു. അക്ഷമകനാകേണ്ടതില്ലെന്ന് സ്റ്റോക്ക്‌സ് ഓര്‍മിപ്പിച്ചു, ഇതിനുപുറമെ റൂട്ടിന് സ്ട്രൈക്ക് തിരികെ നല്‍കിയതുമില്ല. രണ്ടാം ദിനം ആദ്യ പന്തില്‍ തന്നെ റൂട്ട് 100 കടന്നു. ബാറ്റ് കൊണ്ട് രണ്ട് ഇന്നിങ്സിലുമായി 77 റണ്‍സും ചേര്‍ത്തു.

പതിവിന് വിപരീതമായ ശാന്തത വെടിഞ്ഞ് അഗ്രസീവായി ഇംഗ്ലണ്ടിനെ ഫീല്‍ഡില്‍ കണ്ടതിന് പിന്നിലും സ്റ്റോക്ക്‌സ് എന്ന നായകന്റെ നേതൃമികവുണ്ട്. നിങ്ങളുടെ രണ്ട് ഓപ്പണര്‍മാര്‍ ഒരു ഓവര്‍ കളിക്കാനായി ക്രീസില്‍ നില്‍ക്കുകയാണ്. അപ്പോഴിതാ എതിര്‍ ടീമിലെ 11 താരങ്ങളും അവര്‍ക്കെതിരെ തിരിയുകയാണ്, അത് നിങ്ങള്‍ കാണുന്നു. ഇത് ഒരു ടീമിന്റെ മറ്റൊരു വശത്തെ പുറത്തെടുപ്പിക്കും. ശുഭ്‌മാൻ ഗില്ലിന്റെ സ്ലെഡ്‌ജിങ് ശൈലിയോടുള്ള സ്റ്റോക്ക്‌സിന്റെ പ്രതികരണമാണിത്. ആ മറ്റൊരുവശത്തിന്റെ ചൂട് ഇംഗ്ലീഷ് വെയിലില്‍ ക്രീസിലെത്തിയ എല്ലാ ഇന്ത്യൻ താരങ്ങളേയും സ്റ്റോക്ക്‌സിന്റെ സംഘം അറിയിച്ചു.

ഇതിനെല്ലാം ഉപരിയായി സ്റ്റോക്ക്‌സെന്ന ക്രിക്കറ്ററുടെ സ്പോര്‍ട്ട്‌സ്‌മാൻഷിപ്പ്. ലോര്‍ഡ്‌സില്‍ വിട്ടുകൊടുക്കാൻ മനസില്ലാതെ സ്റ്റോക്ക്‌സിനേപ്പോലെ പോരാടിയ ഒരാളുകൂടിയുണ്ടായിരുന്നു. ബഷീറിന്റെ പന്തില്‍ സിറാജിന്റെ ലെഗ്‌ സ്റ്റമ്പിന് മുകളില്‍ നിന്ന് ബെയില്‍ താഴെ പതിക്കുമ്പോള്‍ നിരാശയോടെ നില്‍ക്കാൻ വിധിക്കപ്പെട്ട ജഡേജ. മത്സരശേഷം ദീര്‍ഘമായ ഒരു ആലിംഗനമായിരുന്നു സ്റ്റോക്ക്‌സ് ജഡേജയ്ക്ക് നല്‍കിയത്. തകര്‍ന്നുപോയെ സിറാജിനേയും ചേര്‍ത്തുപിടിച്ചു.

എന്തുകൊണ്ട് ഇംഗ്ലണ്ട് ടീം സ്റ്റോക്ക്‌സിനൊപ്പം നിലകൊള്ളുന്നുവെന്നതിന്റെ ഉത്തരംകൂടിയായിരുന്നു ലോര്‍ഡ്‌സ് ടെസ്റ്റ്.

PREV
Read more Articles on
click me!

Recommended Stories

മുന്നിലുള്ളത് 10 മത്സരങ്ങള്‍, ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ആരൊക്കെയെത്തും?, സഞ്ജുവിന് ഏറെ നിര്‍ണായകം
'ഫിനിഷർ' വേണ്ട! റിങ്കുവിനോടും അനീതിയോ; എന്തുകൊണ്ട് ടീമില്‍ നിന്നും ഒഴിവാക്കി?