ബിന്ദ്ര ചരിത്രമെഴുതി, ബീജിങ്ങില്‍ നിന്ന് സണ്ണി തോമസ് ഏഷ്യാനെറ്റിനൊപ്പം! അതൊരു അനുഭവമായിരുന്നു

Published : Apr 30, 2025, 09:11 PM IST
ബിന്ദ്ര ചരിത്രമെഴുതി, ബീജിങ്ങില്‍ നിന്ന് സണ്ണി തോമസ് ഏഷ്യാനെറ്റിനൊപ്പം! അതൊരു അനുഭവമായിരുന്നു

Synopsis

ഒളിമ്പിക്സ് മത്സരങ്ങളെല്ലാം പൂർത്തിയാക്കി വിജയശ്രീ ലാളിതരായി മടങ്ങിയെത്തി  നാടാകെ സ്വീകരണം ഏറ്റുവാങ്ങവേ പ്രൊഫസർ  സണ്ണി തോമസ് മുൻകൈയെടുത്ത് ഏഷ്യാനെറ്റ് തിരുവനന്തപുരത്തെ പുളിയറക്കോണം ന്യൂസ് സെന്റ്ററിലേക്ക് അഭിനവ് ബിന്ദ്രയെ കൊണ്ടു വന്നു

ഇന്ത്യയുടെ ഷൂട്ടിംഗ് മത്സരങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്തിയ പ്രൊഫസർ സണ്ണി തോമസ് വിടവാങ്ങിയത് സമാനമില്ലാത്ത നേട്ടങ്ങളുമായാണ്. ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് വ്യക്തിഗത സ്വർണം അഭിനവ് ബിന്ദ്രയിലൂടെ പിറവിയെടുത്തത് അദ്ദേഹത്തിന്റെ ചിട്ടയായ ശിക്ഷണത്തിലാണ്.  2008 ബീജിംഗ് ഒളിമ്പിക്സ്, പ്രത്യേക ഒളിമ്പിക്സ് ബുള്ളറ്റിനുകൾ നിർമ്മിക്കാനുള്ള ചുമതല എനിക്ക്. മുതലാളിത്ത രാജ്യങ്ങളിൽ നടന്ന മുൻ ഒളിമ്പിക്സുകളിൽ പോലും ലൈവ് ഫീഡ് പോയിട്ട് ഫൂട്ടേജ് കിട്ടുക തന്നെ പ്രയാസം. ഈ അനുഭവത്തിനൊപ്പം ഇരുമ്പ് മറ രാജ്യം കൂടിയായതിനാൽ കാര്യമായ കവറേജൊന്നും നടക്കില്ല എന്ന തോന്നൽ. എന്നാലും അവരുമായി ഞങ്ങൾ ബന്ധപ്പെട്ടു. അപ്പോഴാണ് ലോകത്തെ തന്നെ വിസ്മയിപ്പിച്ച ഒരുക്കുങ്ങളുമായാണ് ചൈന ഒളിമ്പിക്സ്  നടത്തുന്നത് എന്ന് മനസിലാക്കിയത്. 

ഒരു പക്ഷേ വില കുറഞ്ഞ സാധനങ്ങൾ ഉണ്ടാക്കുന്ന ഒരു മൂന്നാം ലോക രാജ്യമെന്ന ചൈനയെക്കുറിച്ചുള്ള ഒരു പൊതു ധാരണ തിരുത്തിക്കുറിച്ച കായിക മാമാങ്കം. അത്രക്ക് വിപുലമായ കായിക സംവിധാനങ്ങൾ ഒരുക്കുക മാത്രമല്ല ചൈന ചെയ്തത്. അത് ലോകം മുഴുവൻ എത്തിക്കാനുള്ള സംഘടിതവും ബോധപൂർവവുമായ ശ്രമങ്ങളും അവർ നടത്തി.സിസിടിവി അഥവാ ചൈന സെൻട്രൽ ടെലിവിഷൻ ഇതിനായി നിരവധി ഫ്രീക്വൻസികൾ  തയ്യാറാക്കിയിരുന്നു. 1958-ൽ സ്ഥാപിതമായ ചൈനയുടെ ദേശീയ ടെലിവിഷൻ ബ്രോഡ്കാസ്റ്ററാണ് ചൈന സെൻട്രൽ ടെലിവിഷൻ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പബ്ലിസിറ്റി ഡിപ്പാർട്ട്‌മെൻ്റിലേക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന നാഷണൽ റേഡിയോ ആൻഡ് ടെലിവിഷൻ അഡ്മിനിസ്ട്രേഷനാണ് സിസിടിവി പ്രവർത്തിപ്പിക്കുന്നത്.

സ്വാഭാവികമായും ഒരു പിടിപ്പുകേട് സ്ഥാപനമായിരിക്കും അതെന്ന ധാരണയിലായിരുന്നു ഞങ്ങൾ. പക്ഷേ വളരെ പ്രാഫഷണലായിട്ടാണ് അവർ കൈകാര്യം ചെയ്തത്. ബീജിങ്ങിന് വരുന്നോ, സംവിധാനങ്ങൾ ഒരുക്കി തരാമെന്ന് വരെ അവർ പറഞ്ഞു.  അവിടെ പോകുന്നത് നല്ല പണചെലവുണ്ടാക്കും. അതിനെക്കാൾ എത്രയോ മെച്ചമായി ഏഷ്യാനെറ്റ് ന്യൂസിന്റെ അന്നത്തെ സംപ്രേഷണ കേന്ദ്രമായ പുളിയറക്കോണത്തിരുന്ന് ഞങ്ങൾക്കത് ചെയ്യാം. ചൈനക്കാരും സഹായിച്ചു. നാല് ക്ളീൻ ഫീഡൂകൾ അഥവാ യഥാ തഥം കിട്ടുന്ന തത്സമയ സംപ്രേഷണം ചൈനക്കാർ നമുക്ക് ലഭ്യമാക്കി. നല്ല മുട്ടായി പോലുള്ള പ്രൊഡക്ഷൻ. ചാനലിന് പുറമേ വെബിലും നമ്മൾ പ്രത്യേക ഷോകൾ ചെയ്തു. ജോബിയും സംഘവും ആങ്കർമാർ. സി.ആർ രാജേഷിന്റെ നേതൃതത്തിൽ പിന്നണി പ്രവർത്തകർ. 

അത്ലറ്റികസും, ഗെയിം ഇനങ്ങളും നീന്തലുമൊക്കെയായി ലോകത്തെ ചില രാജ്യക്കാർ  വൻ മുന്നേറ്റം നടത്തുമ്പോൾ നമ്മൾ ഒരു മെഡലിനായി വേഴാമ്പലിനെ പോലെ കാത്തിരുപ്പ്. ഒരു കാലത്ത് ഹോക്കിയിലെ സ്ഥിരം ചാമ്പ്യൻമാരായ നമ്മൾ പക്ഷേ  ബീജിങ്ങിലേക്ക് ക്വാളിഫൈ പോലും ചെയ്തിരുന്നില്ല. 1928ന് ശേഷം ആദ്യമായാണ്  ഇന്ത്യ സ്വന്തം സൃഷ്ടിയായ ഹോക്കിയിൽ ക്വാളിഫൈ പോലും ചെയ്യാതിരിക്കുന്നത്.   ഭാരേദ്വഹനത്തിലെ പ്രതീക്ഷയായ മോനികാ ദേവിയും തെറ്റായ ഡ്രഗ് ടെസ്റ്റിൽ പുറത്തായി. പ്രതീക്ഷ 2004 ആതൻസ് ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവും പിന്നീട് കേന്ദ്ര മന്തിയായ കേണൽ രാജ്യവർദ്ധൻ സിങ്ങ് റാഥോഡിൽ. 

മറ്റ് മത്സരങ്ങളെ പോലയല്ല ഫയറിങ്ങ്. അതിലെ ഫലം മനസിലാക്കുക എളുപ്പമല്ല. നമ്മൾക്ക് പരിചയം മേളകളിലെ ഷൂട്ടിങ്ങാണ്. കുറേ വർണ്ണ ബലൂണുകൾ നിരത്തി കെട്ടിയിട്ടുണ്ടാകും. പത്ത് വെടിവച്ചാൽ   അതിൽ പൊട്ടുക ഒന്നോ രണ്ടോ ആയാൽ വലിയ കാര്യം. പൊട്ടുന്നത് കാണാനും കേൾക്കാനും ആകുക എന്നതാണ് നമുക്ക് ഹരം. എന്നാൽ ആധുനിക ഷൂട്ടിങ്ങ് മത്സരങ്ങൾ ഇലക്ട്രോ ഡിജിറ്റൽ ആണ്. ടാർഗറ്റൊന്നും തുളച്ച് കയറുന്നത് നഗ്ന നേത്രങ്ങളിൽ കൂടി സാധാരണ കാഴ്ചക്കാർക്ക് മനസിലാകില്ല. ആതിഥേയരായ ചൈന സ്വർണ്ണം അടിച്ചു വാരി കൊണ്ടിരിക്കുകയാണ്.    

അന്തരിച്ച പ്രൊഫസർ സണ്ണി തോമസാണ് ഷൂട്ടിങ്ങിലെ നമുക്കുള്ള പിടിവലി. നിരവധി വർഷങ്ങളായി നമ്മുടെ ദേശീയ ടീമിനെ പരിശീലിപ്പിക്കുന്ന മുൻ ചാമ്പ്യൻ സണ്ണി സാറാണ് മത്സര ഫലം പകർന്നു തന്നിരുന്നത്. ഞങ്ങൾ സണ്ണി സാറുമായി നിരന്തര ബന്ധം പുലർത്തി. ഓഗസ്റ്റ് 11, ഞങ്ങളുടെ റിപ്പോട്ടർ സി ആർ രാജേഷിനോട് സണ്ണി സർ പറഞ്ഞു. ഇന്ന് പ്രതീക്ഷയുള്ള ഒരിനമുണ്ടെന്ന്. നമ്മളെക്കാ‌ൾ രണ്ടര മണിക്കൂർ മുന്നിലാണ് ചൈന. ഉച്ച നേരം, 10 മീറ്റർ എയർ റൈഫിൾ മത്സരം പുരോഗമിക്കുന്നു. നമ്മൾ ചാനലിൽ ലൈവായി കൊടുക്കുന്നു. മറ്റ് മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി രസകരമൊന്നുമല്ല ഷൂട്ടിങ്ങ്. മനസിലാകില്ല എന്നത് തന്നെ കാരണം. താരങ്ങളെ സജ്ജരാക്കി മത്സരം നടത്തുമ്പോഴും ഞങ്ങളോട് സണ്ണി സ‍ർ കൃത്യമായ ആശയവിനിമയം നടത്തി. 

വിരസമായി മത്സരം പുരോഗമിക്കവേ  പെട്ടന്ന് രാജേഷ് അലറി. നമ്മുക്ക് സ്വർണ്ണം. എനിക്കെന്നല്ല അവിടെ നിന്ന ആർക്കും കാര്യം പിടി കിട്ടിയില്ല. പറയുന്നത് പക്ഷേ സണ്ണി സാറാണ്. ഞങ്ങൾ വാർത്ത അക്ഷരാർഥത്തിൽ ബ്രേക്ക് ചെയ്തു. അഭിനവ് ബിന്ദ്രക്ക് 10 മീറ്റർ എയർ റൈഫിളിൽ സ്വർണ്ണം. ആധുനിക ഒളിമ്പികസ് ചരിത്രത്തിലെ  ഇന്ത്യയുടെ  ആദ്യ വ്യക്തിഗത സ്വർണ്ണ മെഡൽ. ന്യൂസ് റൂമിൽ ആവേശം അല തല്ലുമ്പോഴും ഞങ്ങൾക്ക് ചങ്കിടിപ്പ്. കാരണം ഒളിമ്പിക്സ് ലൈവ് ഫീഡിൽ അടക്കം ഒരിടത്തും സ്ഥിരീകരണമില്ല. ഞങ്ങൾ സണ്ണി സാറിനോട് തുടരെ സംസാരിച്ചു കൊണ്ടിരുന്നതിനാലാകാം മറ്റ് ഇന്ത്യൻ ചാനലുകളിലും വാർത്ത വന്ന് കണ്ടില്ല. പക്ഷേ ഏഷ്യാനെറ്റ് ന്യൂസിനോട് സണ്ണി സർ ആധികാരികമായി പറഞ്ഞു കൊണ്ടേയിരുന്നു അഭിനവ് ബിന്ദ്രയുടെയും ഇന്ത്യയുടെ ഒളിമ്പക്സിലെ വിജയഗാഥകളുടെയും അപൂർവ്വം കഥകൾ. 

പിന്നീട് ബിജീങ്ങ് ഒളിമ്പിക്സ് മത്സരങ്ങളെല്ലാം പൂർത്തിയാക്കി വിജയശ്രീ ലാളിതരായി മടങ്ങിയെത്തി  നാടാകെ സ്വീകരണം ഏറ്റുവാങ്ങവേ പ്രൊഫസർ  സണ്ണി തോമസ് മുൻകൈയെടുത്ത് ഏഷ്യാനെറ്റ് തിരുവനന്തപുരത്തെ പുളിയറക്കോണം ന്യൂസ് സെന്റ്ററിലേക്ക് അഭിനവ് ബിന്ദ്രയെ കൊണ്ടു വന്നു. ഏറെ നേരം അവിടെ ചെലവഴിച്ച് ആവശ്യക്കാർക്കെല്ലാം ഓട്ടോഗ്രാഫും അഭിമുഖവുമെല്ലാം നൽകിയാണ് അഭിനവ് ബിന്ദ്രയും സണ്ണി സാറും മടങ്ങിയത്. 1993ൽ ഇന്ത്യുടെ ഷൂട്ടിങ്ങ് പരിശീലകനായ അദ്ദേഹത്തിന് മികച്ച  പരിശീലകനുള്ള ദ്രോണാചാര്യ മെഡൽ രാജ്യം സമ്മാനിച്ചു. ഒളിമ്പിക്സിലടക്കം ഇന്ത്യയുടെ  വിജയങ്ങളിൽ ഷൂട്ടിങ്ങിന് നിർണ്ണായക സ്ഥാനം നൽകിയ പ്രൊഫസർ സണ്ണി തോമസാണ് അപ്രതീക്ഷിതമായി റേഞ്ച് വിട്ട് മടങ്ങിയത്.

PREV
Read more Articles on
click me!

Recommended Stories

സൂര്യയും ഗില്ലും ദുർബലകണ്ണികളോ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര എത്ര നിർണായകം?
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?