16.4 കോടിയുമായി ഇറങ്ങിയ ബെംഗളൂരുവിനും ഐപിഎൽ മിനിതാരലേലത്തിലെ ഏറ്റവും സമ്പന്നരായി എത്തിയ കൊല്‍ക്കത്തയ്ക്കും ലക്ഷ്യം നേടിയെടുക്കാൻ സാധിച്ചോയെന്ന് പരിശോധിക്കാം
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും. നിലവിലെ ചാമ്പ്യന്മാരുടെ ലക്ഷ്യം സ്ക്വാഡ് ഡെപ്ത് വർധിപ്പിക്കുക എന്നതായിരുന്നു, മറുവശത്ത് കൊല്‍ക്കത്തയ്ക്ക് ഒരു പുതിയ സംഘമായിരുന്നു അനിവാര്യം. 16.4 കോടിയുമായി ഇറങ്ങിയ ബെംഗളൂരുവിനും മിനിതാരലേലത്തിലെ ഏറ്റവും സമ്പന്നരായി എത്തിയ കൊല്‍ക്കത്തയ്ക്കും ലക്ഷ്യം നേടിയെടുക്കാൻ സാധിച്ചോ, ഇരുടീമുകളുടേയും സ്ക്വാഡ് ഡെപ്തും ശക്തിയും പോരായ്മകളും പരിശോധിക്കാം.
ഒരു നിയര്‍ പെർഫെക്റ്റ് സ്ക്വാഡുമായായിരുന്നു ബെംഗളൂരു മിനിതാരലേലത്തിന് എത്തിയത് തന്നെ. ചുരുക്കം താരങ്ങളെ റിലീസ് ചെയ്ത ടീമുകളിലൊന്ന്. വെല്‍ സെറ്റില്‍ഡായ ബാറ്റിങ് നിരയിലെ ഏകെ ആശങ്കയായിരുന്നത് നമ്പർ ത്രീയായിരുന്നു. ദേവദത്ത് പടിക്കലിന്റെ സ്ഥിരതയില്ലായ്മ ടീമിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്. പോയ സീസണില്‍ 150 സ്ട്രൈക്ക് റേറ്റില്‍ 247 റണ്‍സ് മാത്രമാണ് ദേവദത്ത് നേടിയത്. രണ്ട് അര്‍ദ്ധ ശതകങ്ങളുണ്ടെങ്കിലും വലിയ ഇന്നിങ്സുകളുടെ അഭാവമുണ്ടായിരുന്നു.
ദേവദത്തിനെ കൈവിടില്ലെന്ന് മാനേജ്മെന്റ് പറയുമ്പോഴാണ് 2024 ലേലത്തില്‍ നഷ്ടമായ വെങ്കടേഷ് അയ്യരിനെ ഇത്തവണ സ്വന്തമാക്കുന്നത്. ഏഴ് കോടി രൂപയ്ക്കാണ് വെങ്കടേഷ് ചാമ്പ്യന്മാർക്കൊപ്പം ചേര്‍ന്നത്. വെങ്കിയെ ആർസിബി നേടിയതാണ് ലേലത്തിലെ ഏറ്റവും മികച്ച നീക്കമായി പല വിദഗ്ദരും വിലയിരുത്തുന്നത്. എന്നിരുന്നാലും പ്ലേയിങ് ഇലവനില്‍ എത്തണമെങ്കില്‍ ദേവദത്തിനെ മറികടക്കേണ്ടതുണ്ട് വെങ്കടേഷിന്. വിരാട് കോഹ്ലി നയിക്കുന്ന ബാറ്റിങ് നിരയില്‍ മറ്റ് ആശങ്കകളൊന്നുമില്ല ബെംഗളൂരുവിന്.
ബൗളിങ് നിരയില്‍ ബാക്കപ്പുകളായിരുന്നു അനിവാര്യമായിരുന്നത്. ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍ എന്നിവര്‍ പരുക്ക് വേട്ടയാടുന്നവരാണ്. ഹേസല്‍വുഡിന് ബാക്ക് അപ്പായി ന്യൂസിലൻഡ് പേസര്‍ ജേക്കബ് ഡഫിയെയാണ് ടീമിലെത്തിച്ചത്. നിലവില്‍ ട്വന്റി 20യിലെ ലോക രണ്ടാം നമ്പര്‍ പേസറാണ് ഡഫി. ദയാലിന്റെ ബാക്കപ്പായി അഞ്ച് കോടി നല്‍കി ലേലത്തില്‍ സ്വന്തമാക്കിയത് 23 വയസുകാരനായ മങ്കേഷ് യാദവിനെയാണ്. ക്രുണാല്‍ പാണ്ഡ്യയും സുയാഷ് ശര്‍മയും സ്വപ്നീല്‍ സിങ്ങുമടങ്ങിയ സ്പിൻ നിരയിലും വിശ്വാസം അര്‍പ്പിക്കാം.
ചുരുക്കത്തില്‍ ലേലത്തിലെ ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തിയാക്കാൻ ബെംഗളൂരു മാനേജ്മെന്റിന് സാധിച്ചു. ശക്തരായിരുന്ന പ്ലേയിങ് ഇലവനെ കൂടുതല്‍ ശക്തരാക്കിയെന്ന് വേണം കരുതാൻ. കിരീടം പ്രതിരോധിക്കാൻ ഉറച്ചു തന്നെയാണ് രജത് പാട്ടിദാറും സംഘവും 2026ല്‍ ചിന്നസ്വാമിയില്‍ കാലുകുത്തുകയെന്ന് അടിവരയിട്ട് പറയാനാകും.
കൊല്‍ക്കത്തയിലേക്ക് എത്തിയാല്‍ ആശയക്കുഴപ്പം അടിമുടി നിഴലിക്കുന്ന ഒരു ടീമിനെയാണ് ലേലത്തില്‍ ഒരുക്കിയിരിക്കുന്നത്. ക്വിന്റണ്‍ ഡികോക്ക്, വെങ്കടേഷ് അയ്യര്‍, മൊയീൻ അലി, ആൻറിച്ച് നോര്‍ക്കെ തുടങ്ങിയ മാര്‍ക്യു താരങ്ങളെ റിലീസ് ചെയ്തും ആന്ദ്രെ റസലിന്റെ റിട്ടയര്‍മെന്റ് സംഭവിച്ചതും കെകെആറിന് നല്‍കിയ വെല്ലുവിളി ചെറുതായിരുന്നില്ല. 13 സ്ലോട്ടുകളായിരുന്നു നികത്താനുണ്ടായിരുന്നത്. റസലിന്റെ പകരക്കാരനെ കണ്ടെത്തുക എന്നത് കാമറൂണ്‍ ഗ്രീനിലൂടെ സാധ്യമായി, അതും ഒരു വിദേശതാരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുക നല്‍കി, 25.2 കോടി രൂപ.
റസലിനെപ്പോലൊരു ടെയില്‍ എൻഡ് ബിഗ് ഹിറ്ററല്ല ഗ്രീൻ എന്നത് കൊല്‍ക്കത്തയ്ക്ക് വലിയ ആനുകൂല്യം നല്‍കുന്നു. ഏത് പൊസിഷനിലും ഗ്രീനിന് ക്രീസിലെത്താനാകും. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ കൈവിട്ടത് ഓപ്പണര്‍മാരും മധ്യനിരയുമായിരുന്നു. ഇതിന് പരിഹാരമായി, രചിൻ രവീന്ദ്ര, ഫിൻ അലൻ, ടിം സെയ്‌ഫര്‍ട്ട് തുടങ്ങിയവരെ ടീമിലെത്തിച്ചിട്ടുണ്ട്. പേസ് നിരയിലെ ദുര്‍ബലത മറികടക്കാൻ മതീഷ പതിരാനയെ 18 കോടിക്കും മുസ്തഫിസൂര്‍ റഹ്മാനെ 9.2 കോടിക്കുമാണ് പര്‍പ്പിള്‍ അണിയിച്ചിരിക്കുന്നത്. മികച്ച താരങ്ങളുണ്ട്, പക്ഷേ വെല്ലുവിളി മറ്റൊന്നാണ്.
കൊല്‍ക്കത്തയ്ക്ക് കരുത്തുപകരുന്നവരുടെ പട്ടികയെടുത്താല്‍ ഗ്രീൻ, സുനില്‍ നരെയ്ൻ, പതിരാന, മുസ്തഫിസൂര്‍, ഫിൻ അലൻ, ടിം സെയ്ഫര്‍ട്ട്, രചിൻ രവീന്ദ്ര, റോവ്മാൻ പവല്‍ എന്നിവരെല്ലാം വിദേശ താരങ്ങളാണ്. ഫസ്റ്റ് ഇലവനില്‍ ഏത് ടീമും എടുക്കാൻ സാധ്യതയുള്ളവര്‍. ഗ്രീനും നരെയ്നും അന്തിമ ഇലവനില്‍ ഉറപ്പുള്ള താരമാണ്. നാല് വിദേശതാരങ്ങളെ മാത്രമെ കളിപ്പിക്കാനാകു എന്ന നിബന്ധനെ നില്‍ക്കെ അവശേഷിക്കുന്ന രണ്ട് താരങ്ങള്‍ ആരൊക്കെയെന്നതാണ് ആശയക്കുഴപ്പം.
മറ്റൊന്ന് നരെയ്ൻ എന്ന ഓള്‍ റൗണ്ടര്‍ ഏത് പോസിഷനില്‍ ബാറ്റ് ചെയ്യുമെന്നതാണ്. പവര്‍പ്ലേ ബാഷറായ നരെയ്ൻ ഓപ്പണിങ്ങിന് എത്തിയാല്‍ അത് അനുസരിച്ചായിരിക്കും ബാറ്റിങ് ലൈനപ്പ് ഒരുങ്ങുക. നരെയ്നൊപ്പം വിദേശ ഓപ്പണര്‍ എത്തുമോ അതോ ഇന്ത്യൻ താരങ്ങളെ പരിഗണിക്കുമോ. നായകൻ അജിങ്ക്യ രഹാനെ എത് പൊസിഷനിലെത്തും. കഴിഞ്ഞ സീസണില്‍ നമ്പര്‍ ത്രീയായിരുന്നു രഹാനെ, സെയ്ദ് മുഷ്താഖ് അലിയില്‍ ഓപ്പണറായും ക്രീസിലെത്തി. അങ്ങനെ ചോദ്യങ്ങള്‍ ഒരുപാട് ബാക്കിയാണ് ബാറ്റിങ് നിരയില്‍.
ഇനി ബൗളിങ് നിരയിലേക്ക് എത്തുമ്പോഴും സമാനമാണ് കാര്യങ്ങള്‍. 18 കോടി നല്‍കിയ പതിരാനയേയും 9 കോടി നല്‍കിയ ഫിസിനെയും പുറത്തിരുത്താനാകുമോ. വൈഭവ് അറോറ, ഹര്‍ഷിത് റാണ, ആകാശ് ദീപ്, ഉമ്രാൻ മാലിക്ക്, ആകാശ് ദീപ് തുടങ്ങിയവരടങ്ങിയ ഇന്ത്യൻ പേസ് നിര. സ്പിൻ നിരയില്‍ മാത്രമാണ് അല്‍പ്പം ആശ്വാസം. വരുണും നരെയ്നും. മിനി താരലേലം കഴിയുമ്പോള്‍ തലവേദന കൂടിയ സംഘമായി കൊല്‍ക്കത്ത മാറിയിരിക്കുന്നു.


