
മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും ബാറ്റു കൊണ്ടും ബോളുകൊണ്ടും തിളങ്ങി പരമ്പരയുടെ താരമായെങ്കിലും ആര്‍ അശ്വിന്‍ ഇനി എത്രനാള്‍ ഇന്ത്യക്കായി പന്തെറിയുമെന്ന് ആരാധകരെ ആശങ്കയിലാഴ്ത്തുന്ന കാര്യമാണ്. നിലവില്‍ ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യക്കായി കളിക്കുന്നത് എന്നതിനാല്‍ പരിക്കുകള്‍ അലട്ടിയില്ലെങ്കില്‍ 38കാരനായ അശ്വിൻ രണ്ട് വര്‍ഷം കൂടി ഇന്ത്യക്കായി കളി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അശ്വിന്‍ അരങ്ങൊഴിഞ്ഞാല്‍ പകരം ആരെന്ന ചോദ്യവും ആരാധകമനസില്‍ ഉത്തരം കിട്ടാത്ത ചോദ്യമായി നിൽക്കുന്നുണ്ട്. ബോളുകൊണ്ട് തിളങ്ങിയാലും ആറ് ടെസ്റ്റ് സെഞ്ചുറികളുള്ള അശ്വിനെപ്പോലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ബാറ്റുകൊണ്ടും ടീമിന്‍റെ രക്ഷകനാവാന്‍ കഴിയുന്നൊരു താരത്തെ കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ലെങ്കിലും ഇന്ത്യൻ ആരാധകര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ഒരു മുംബൈ താരത്തിലേക്കാണ്. തനുഷ് കൊടിയാന്‍ എന്ന 25കാരനിലേക്ക്.
പ്രതിസന്ധികളില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും മുംബൈയുടെ വജ്രായുധവും രക്ഷകനുമെല്ലാം ആണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി തനുഷ് കൊടിയാന്‍. കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫിയില്‍ മുംബൈ ചാമ്പ്യൻമാരായപ്പോള്‍ അതിന് പിന്നില്‍ നിര്‍ണായക പങ്കുവഹിച്ചത് കൊടിയാന്‍റെ കൈകളാണ്. ക്വാര്‍ട്ടറില്‍ സെഞ്ചുറിയും സെമിയില്‍ പുറത്താകാതെ 89 റണ്‍സും നേടിയ കൊടിയാന്‍റെ പ്രകടം മുംബൈക്ക് മുതല്‍ക്കൂട്ടായി. വിദര്‍ഭക്കെതിരായ ഫൈനലില്‍ ആദ്യ ഇന്നിംഗ്സില്‍ ഏഴ് റണ്‍സിന് മൂന്ന് വിക്കറ്റും രണ്ടാം ഇന്നിംഗ്സില്‍ 95 റണ്‍സിന് നാലു വിക്കറ്റും വീഴ്ത്തി. ഇപ്പോഴിതാ ഇറാനി ട്രോഫിയില്‍ ആദ്യ ഇന്നിംഗ്സില്‍ എട്ടാമനായി ഇറങ്ങി 64 റണ്‍സടിച്ച തനുഷ് കൊടിയാന്‍ രണ്ടാം ഇന്നിംഗ്സില്‍ അപരാജിത സെഞ്ചുറിയുമായി ടീമിന് ഇറാനി കപ്പ് ഉറപ്പാക്കി. എട്ടാമനായി കൊടിയാന്‍ ക്രീസിലെത്തുമ്പോള്‍ മുംബൈയുടെ ലീഡ് 300 പോലും കടന്നില്ലായിരുന്നു. എന്നാല്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് കൊടിയാന്‍ നടത്തിയ പോരാട്ടം മുംബൈക്ക് ഇറാനി കപ്പ് ഉറപ്പാക്കി.
ആദ്യ ഇന്നിംഗ്സില്‍ റെസ്റ്റ് ഓഫ് ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ എറിഞ്ഞിട്ട് ബൗളിംഗിലും തിളങ്ങി. ഓഫ് സ്പിന്നറും വാലറ്റത്ത് മികച്ച ബാറ്ററുമായി കൊടിയാനില്‍ സെലക്ടര്‍മാര്‍ അശ്വിന്‍റെ പിന്‍ഗാമിയെ കാണുന്നുവെങ്കില്‍ അവരെ കുറ്റം പറയാനാവില്ല. മറ്റ് യുവതാരങ്ങളെ അപേക്ഷിച്ച് ഐപിഎല്ലില്‍ അല്ല കൊടിയാന്‍ തന്‍റെ കൊടി ഉയരെ പാറിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കരിയറില്‍ ഇതുവരെ ഒരു ഐപിഎല്‍ മത്സരത്തില്‍ മാത്രമാണ് കൊടിയാന്‍ കളിച്ചത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് കുപ്പായത്തില്‍. ആ മത്സരത്തില്‍ അശ്വിന്‍റെ പകരക്കാരനായാണ് കൊടിയാന്‍ രാജസ്ഥാന്‍റെ പ്ലേയിംഗ് ഇലവനില്‍ കളിച്ചത് എന്നതും ശ്രദ്ധേയമാണ്.
കരിയറില്‍ ഇതുവരെ 29 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 85 വിക്കറ്റുകള്‍ വീഴ്ത്തിയ കൊടിയാന്‍റെ മികച്ച പ്രകടനം 102 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റെടുത്തതാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 41.06 ശരാശരിയില്‍ 1273 റണ്‍സും കൊടിയാന്‍ നേടിയിട്ടുണ്ട്. 2018ല്‍ മുംബൈക്കായി അരങ്ങേറിയ കൊടിയാന്‍ ഇന്ത്യ എ ടീമിലും ഇടം നേടിയിട്ടുണ്ട്. വരാനിരിക്കുന്ന രഞ്ജി സീസണിലും സെലക്ടര്‍മാരുടെ കണ്ണ് കൊടിയാനില്‍ തന്നെയുണ്ടാകുമെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക