ആദ്യ മത്സരത്തിലെ ഞെട്ടിക്കുന്ന തോല്‍വിയോടെ വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്കിനി എല്ലാം ജീവന്‍മരണ പോരാട്ടങ്ങള്‍.

ദുബായ്: വനിതാ ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയോടെ സെമിയിലെത്താന്‍ ഇന്ത്യക്ക് മുന്നിലുള്ളത് വലിയ കടമ്പ. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 58 റണ്‍സിന്‍റെ കനത്ത തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 19 ഓവറില്‍ 102 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 10 ടീമുകളെ രണ്ടായി തിരിച്ച് നടക്കുന്ന ലോകകപ്പില്‍ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിയിലേക്ക് മുന്നേറുക.

58 റണ്‍സിന്‍റെ കനത്ത തോല്‍വി നെറ്റ് റണ്‍റേറ്റിലും ഇന്ത്യക്ക് വലിയ വെല്ലുവിളിയാകും ഉയര്‍ത്തുക. ഗ്രൂപ്പ് എയില്‍ -2.900 നെറ്റ് റണ്‍റേറ്റുമായി അവസാന സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. നാളെ പാകിസ്ഥാന്‍ വനിതകള്‍ക്കെതിരെയാണ് ഗ്രൂപ്പില്‍ ഇന്ത്യയുടെ അടുത്ത മത്സരം. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 31 റണ്‍സിന് തകര്‍ത്ത പാകിസ്ഥാന്‍ നെറ്റ് റണ്‍റേറ്റില്‍(+1.550) ന്യൂസിലന്‍ഡിന് പിന്നിലായി ഗ്രൂപ്പില്‍ രണ്ടാമതാണിപ്പോള്‍. ബുധനാഴ്ച ശ്രീലങ്കയെയും അടുത്ത ഞായറാഴ്ച ഇന്ത്യ കരുത്തരായ ഓസ്ട്രേലിയയെ നേരിടും.

3 വ‌ർഷമായി അവർ ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ല, അവരുടെ അവസ്ഥയിൽ വിഷമമുണ്ട്, പാക് ടീമിനെക്കുറിച്ച് അശ്വിൻ

ഈ മത്സരങ്ങളിലെല്ലാം ജയിക്കുക എന്നതാണ് ഇനി സെമിയിലേക്ക് മുന്നേറാന്‍ ഇന്ത്യക്ക് മുന്നിലുള്ള ഏക വഴി. ഇനിയുള്ള മത്സരങ്ങളില്‍ ഒരു തോല്‍വിയെക്കുറിച്ച് ഇന്ത്യക്ക് ചിന്തിക്കാന്‍ പോലുമാകില്ല. ബാക്കിയുള്ള3 മത്സരങ്ങളില്‍ ഏതെങ്കിലും ഒരു മത്സരം തോറ്റാല്‍ പിന്നീട് സെമിയിലെത്താന്‍ ഇന്ത്യ മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കേണ്ടിവരും. നാളെ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനെതിരെ വമ്പന്‍ ജയം നേടി നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തുക എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ശ്രീലങ്കയെയും പാകിസ്ഥാനെയും തോല്‍പിച്ചാലും നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയുടെ വെല്ലുവിളി ഇന്ത്യക്ക് മറികടക്കേണ്ടിവരും. ഈ മാസം 17, 18 തീയിതികളില്‍ ദുബായിലും ഷാര്‍ജയിലുമായാണ് സെമി പോരാട്ടം നടക്കുക. ആദ്യ മത്സരത്തിലെ ഞെട്ടിക്കുന്ന തോല്‍വിയോടെ ഇന്ത്യൻ ടീമിനെതിരെ സമൂഹമാധ്യമങ്ങളിലും രൂക്ഷ വിമര്‍ശനമാണുയരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക