പകരക്കാരെല്ലാം പരാജയപ്പെടുന്നു, എന്നിട്ടും അവസരമില്ല; സഞ്ജു സാംസണ്‍ ഇനി എന്ത് ചെയ്യണം?

Published : Dec 10, 2025, 10:02 AM IST
Sanju Samson

Synopsis

സെയ്‌ദ് മുഷ്‌താഖ് അലി ടൂർണമെന്റില്‍ മികച്ച ഫോമില്‍ സ്ഥിരതയോടെ ബാറ്റ് ചെയ്ത താരമാണ് സഞ്ജു സാംസണ്‍. പക്ഷേ, പ്രോട്ടിയാസിനെതിരെ മലയാളി താരത്തിന്റെ സ്ഥാനമുണ്ടായില്ല

21 തവണ തുടർച്ചയായി ഡക്കായെങ്കിലും ഡ്രോപ്പ് ചെയ്യില്ലെന്ന് വാക്ക് നല്‍കിയ മുഖ്യപരിശീലകൻ ഗൗതം ഗംഭീര്‍. ശുഭ്മാൻ ഗില്ലിന്റെ വരവാണ് അവന് പിൻനിരയിലേക്ക് ഇറങ്ങേണ്ടി വന്നതിന്റെ കാരണമെന്നും പക്ഷേ അവസരങ്ങള്‍ ഉറപ്പാക്കുമെന്നും വ്യക്തമാക്കിയ നായകൻ സൂര്യകുമാര്‍ യാദവ്. കട്ടക്കില്‍ തന്റെ സംഘത്തെ സൂര്യകുമാര്‍ പ്രഖ്യാപിച്ചപ്പോള്‍, മണിക്കൂറുകള്‍ക്ക് മുൻപ് പറഞ്ഞത് വെറും പാഴ്‌വാക്കായി മാറി. സഞ്ജു സാംസണിന് അന്തിമ ഇലവനില്‍ സ്ഥാനമില്ല. ഇനിയെന്താണ് അയാള്‍ ചെയ്യേണ്ടതെന്ന് ചോദിക്കാതെ വയ്യ.

കുറച്ച് പിന്നില്‍ നിന്ന് തുടങ്ങാം, ഇന്ത്യ അവസാനമായി ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കളിച്ച ട്വന്റി 20 പരമ്പര ഓര്‍മയുണ്ടോ? ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം, 2024 നവംബറിലായിരുന്നു അത്. നാല് മത്സരങ്ങള്‍. 3-1ന് ഇന്ത്യ സ്വന്തമാക്കിയ പരമ്പരയില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതുണ്ടായിരുന്ന പേര് സഞ്ജു സാംസണിന്റെ ആയിരുന്നു, തിലക് വർമയ്ക്ക് തൊട്ടുപിന്നിലായി രണ്ട് സെഞ്ചുറി ഉള്‍പ്പെടെ 216 റണ്‍സ്, 194 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. 19 സിക്സറുകള്‍ ഗ്യാലറികളിലേക്ക് ആ ബാറ്റില്‍ നിന്ന് പറന്നിറങ്ങുകയും ചെയ്തു.

അന്ന് ഡർബനും ജോഹന്നാസ്ബ‍ര്‍ഗും സാക്ഷ്യം വഹിച്ചത് സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ട് ഇന്നിങ്സുകളായിരുന്നു. ഒരു ട്വന്റി 20 പരമ്പരയില്‍ തന്നെ രണ്ട് സെഞ്ചുറി, അപൂ‍ര്‍വമായി മാത്രം സംഭവിക്കുന്നത്. അതും വിദേശ വിക്കറ്റില്‍, ദക്ഷിണാഫ്രിക്കയിലെ പേസിന് അനുകൂലമായ വിക്കറ്റില്‍. പ്രോട്ടിയാസിനെതിരെ ഇത്രയും മികച്ച ഭൂതകാലമുള്ള ഒരു താരത്തിനായിരുന്നു ഇന്നലെ കാണിയുടെ റോള്‍ നല്‍കാൻ മാനേജ്മെന്റ് തയാറായത്.

ഇന്ത്യൻ ടീമിലേക്കുള്ള സഞ്ചാരവഴി ഇനി അഭ്യന്തര ക്രിക്കറ്റാണ്, അതിപ്പോള്‍ സീനിയര്‍ ആണെങ്കിലും ജൂനിയറാണെങ്കിലും. ഇത് പറഞ്ഞുവെച്ചത് ഇന്ത്യയുടെ മുഖ്യസെലക്ടറായ അജിത് അഗാര്‍ക്കറാണ്. നിലവില്‍ ഇന്ത്യയില്‍ പുരോഗമിക്കുന്ന സുപ്രധാന ടൂര്‍ണമെന്റ് സെയ്ദ് മുഷ്താഖ് അലി ട്രോഫിയാണ്, ട്വന്റി 20. കേരളത്തിന്റെ നായകനും ഓപ്പണറുമായി ആറ് മത്സരങ്ങളില്‍ നിന്ന് 58.25 ശരാശരിയില്‍ 233 റണ്‍സാണ് സഞ്ജു നേടിയത്. രണ്ട് അര്‍ദ്ധ സെഞ്ചുറികളും റണ്‍വേട്ടയില്‍ ഉള്‍പ്പെട്ടു. ഇന്ന് ഇന്ത്യൻ ടീമിലുള്ള താരങ്ങളെ എടുത്താല്‍ അഭിഷേക് ശര്‍മ മാത്രമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്.

ഒഡീഷയ്ക്ക് എതിരെ 41 പന്തില്‍ 51 റണ്‍സ്. ഛത്തിസ്‌ഗഡിനെതിരെ 15 പന്തില്‍ 43 റണ്‍സ്. മുംബൈക്കെതിരായ ഏറ്റവും നിര്‍ണായക മത്സരത്തില്‍ 28 പന്തില്‍ 46 റണ്‍സ്. ആന്ധ്ര പ്രദേശിനെതിരെ കേരളം തകര്‍ന്നടിഞ്ഞപ്പോള്‍ ഒറ്റയാള്‍ പോരാളിയായി ക്രീസില്‍ നിലകൊണ്ടു. കേരളത്തിന്റെ ഇന്നിങ്സ് 119ല്‍ ഒതുങ്ങിയപ്പോള്‍ 56 പന്തില്‍ 73 റണ്‍സായിരുന്നു നായകന്റെ സംഭാവന.

മേല്‍പ്പറഞ്ഞവയില്‍ അഗ്രസീവ് തുടക്കം ടീമിന് കൊടുത്ത ഇന്നിങ്സുണ്ടായിരുന്നു, ഓപ്പണിങ് പങ്കാളിക്ക് പിന്തുണ കൊടുത്ത ഇന്നിങ്സുണ്ടായിരുന്നു, ടീമിന് മേല്‍ക്കെ നല്‍കുന്ന ക്യാമിയോ ഉണ്ടായിരുന്നു, ബാറ്റര്‍മാരെല്ലാം കൂടാരം കയറിയപ്പോള്‍ 20 ഓവറും നിലകൊണ്ട റെസ്പോണ്‍സിബിള്‍ ഇന്നിങ്സും ഉള്‍പ്പെട്ടിരുന്നു. ഏഷ്യ കപ്പില്‍ നിരന്തരമുണ്ടായ സ്ഥാനച്ചലനം, ഓസ്ട്രേലിയൻ പര്യടനത്തിലെ അവസരനിഷേധം എന്നിവയൊന്നും സെയ്ദ് മുഷ്താഖ് അലിയില്‍ അയാളെ ബാധിച്ചില്ല. പക്ഷേ, ടീമില്‍ ഇടം ലഭിച്ചത് ജിതേഷ് ശര്‍മയ്ക്കായിരുന്നുവെന്ന് മാത്രം.

ജിതേഷിന്റെ സമീപകാല പ്രകടനങ്ങളെടുക്കാം. താരം സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലും അതിന് മുൻപ് നടന്ന റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പിലും ബാറ്റുകൊണ്ട് പരാജയപ്പെട്ടിരുന്നു. മുഷ്താഖ് അലിയില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 90 റണ്‍സ് മാത്രമാണ് ബറോഡയ്ക്കായി ജിതേഷിന് നേടാനായത്. ഹിമാചലിനെതിരെ നേടിയ 41 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. നാല് ഒറ്റയക്ക സ്കോറുകളാണ് ജിതേഷിന്റെ പേരിലുള്ളത്.

റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ നാല് കളികളില്‍ നിന്ന് 125 റണ്‍സ് നേടിയിരുന്നു ജിതേഷ്. യുഎഇക്കെതിരെ ആദ്യ മത്സരത്തില്‍ കുറിച്ച അര്‍ദ്ധ ശതകം മാത്രമാണ് ഓര്‍ത്തുവെക്കാനുണ്ടായിരുന്നത്. സെമി ഫൈനലില്‍ ബംഗ്ലാദേശിനെതിരെ 23 പന്തില്‍ 33 റണ്‍സെടുത്ത ജിതേഷ് സൂപ്പര്‍ ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താവുകയും ചെയ്തിരുന്നു. ട്വന്റി 20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമില്‍ വിക്കറ്റ് കീപ്പര്‍മാരുടെ പോരാട്ടം സഞ്ജുവും ജിതേഷും തമ്മിലാണെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ടോപ് ഓര്‍ഡര്‍ ബാറ്ററായ സഞ്ജുവിന്റെ ഫ്ലെക്സിബിലിറ്റിയായിരിക്കും ഇവിടെ ചോദ്യം ചെയ്യപ്പെടുക. മറുവശത്ത് ജിതേഷ് ഒരു എസ്റ്റാബ്ലിഷ്ഡ് ഫിനിഷറാണ് എന്നത് അയാള്‍ക്ക് മുൻതൂക്കവും ലഭിക്കുന്നു. പരമ്പരയില്‍ സഞ്ജുവിന് അവസരം ലഭിക്കുമെന്ന് തീര്‍ച്ചയാണ്. ലഭിക്കുന്ന അവസരം ഒന്നോ രണ്ടോ, അല്ലെങ്കില്‍ ഏറിയാല്‍ മൂന്നായിരിക്കും. ഇതിലെല്ലാം തിളങ്ങേണ്ടതുണ്ട് ലോകകപ്പിനുള്ള അന്തിമ സംഘത്തില്‍ സ്ഥാനം ഉറപ്പിക്കാൻ.

സഞ്ജുവിനേക്കാള്‍ മോശം ഫോമില്‍ തുടരുന്നവരും ടീമില്‍ തുടരുന്നുവെന്നതും മറ്റൊരു വസ്തുതയാണ്, പ്രത്യേകിച്ചും നായകൻ സൂര്യകുമാര്‍ യാദവും ഉപനായകൻ ശുഭ്മാൻ ഗില്ലും. സൂര്യകുമാര്‍ യാദവ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു അര്‍ദ്ധ സെഞ്ചുറി പോലും നേടിയിട്ട് ഒരു വര്‍ഷമായിരിക്കുന്നു. ഗില്ലാകട്ടെ തുടരെ പരാജയപ്പെടുന്നു ഓപ്പണറായി. മറുവശത്ത്, ലഭിക്കുന്ന ചുരുങ്ങിയ അവസരങ്ങളില്‍ പരാജയപ്പെട്ടാല്‍ സഞ്ജുവിന്റെ സ്ഥാനം ഡഗൗട്ടിലുമാകുന്നു.

PREV
Read more Articles on
click me!

Recommended Stories

സൂര്യയും ഗില്ലും ദുർബലകണ്ണികളോ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര എത്ര നിർണായകം?
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?