ആല്‍‌വാരസ് വരാൻ സാധ്യതയില്ല! ഹൻസി ഫ്ലിക്കിന്റെ പ്ലാൻ ബി എന്തായിരിക്കും?

Published : Aug 22, 2026, 02:20 PM IST
Julian Alvarez

Synopsis

പരിമിതികള്‍ക്കുള്ളില്‍ നിന്ന് റയലിനെ സാക്ഷിയാക്കി റോഡ്രിയേയും അന്തണി ഗോര്‍ഡനേയും ക്യാപ് നൗവിലെത്തിച്ച ഡിക്കോ - ഫ്ലിക്ക് സഖ്യത്തിന് ഒരു പ്രൊമിനന്റ് സ്ട്രൈക്കറെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല

ഫ്ലോറെന്റിനൊ പേരേസും ഹോസെ മൗറിഞ്ഞ്യോയും ചേര്‍ന്ന് ലോസ് ബ്ലാങ്കോസിന്റെ ഫ്രണ്ട് ലൈൻ ഗലാക്റ്റിക്കോകളാല്‍ നിറയ്ക്കുകയാണ്, എംബാപെ, വിനി, ഡിയൊമൻഡെ, ബെല്ലിങ്ഹാം...ഒരു ദിവസത്തിനപ്പുറം എസ്റ്റാഡിയോ മാർട്ടിനെസ് ബലേറോയില്‍ ടൈറ്റില്‍ ഡിഫൻസിന് ഹൻസി ഫ്ലിക്കിന്റെ സംഘം ഇറങ്ങും. പരിമിതികള്‍ക്കുള്ളില്‍ നിന്ന് റയലിനെ സാക്ഷിയാക്കി റോഡ്രിയേയും അന്തണി ഗോര്‍ഡനേയും ക്യാപ് നൗവിലെത്തിച്ച ഡിക്കോ - ഫ്ലിക്ക് സഖ്യത്തിന് ഒരു പ്രൊമിനന്റ് സ്ട്രൈക്കറെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

ഒരൊറ്റ ലക്ഷ്യമെ ഫ്ലിക്കിനും ഡിക്കോയ്ക്കുമുണ്ടായിരുന്നുള്ളു. ഹൂലിയൻ ആല്‍വാരസ്. അര്‍ജന്റീനൻ യുവതാരത്തെ ബാഴ്‌സയുടെ വിഖ്യാത ജഴ്‌സിയില്‍ കണ്ടുതന്നെയാണ് പല പദ്ധതികളും ഫ്ലിക്ക് ആസൂത്രണം ചെയ്തത്. മുപ്പത്തിയെട്ടുകാരനായ റോബര്‍ട്ട് ലെവൻഡോസ്കിയുടെ കരാര്‍ പുതുക്കാതിരുന്നതും ഫെറാൻ ടോറസിനെ പാരിസ് സെന്റ് ജര്‍മന് കൈമാറിയതുമെല്ലാം അതുകൊണ്ട് തന്നെയായിരുന്നു. നിലവില്‍ അത്‌ലറ്റിക്കൊ മാഡ്രിഡിന്റെ താരമായ ആല്‍വാരസ് തന്റെ സ്വപ്ന ക്ലബ്ബായി ബാഴ്‌സയെ പ്രഖ്യാപിക്കുകയും ചെയ്തു. എന്തിനധികം അത്‌ലറ്റിക്കോയില്‍ നിന്ന് ട്രാൻസ്‌ഫര്‍ അനിവാര്യമാണെന്ന് വരെ പറഞ്ഞു വെച്ചു.

ആല്‍വാരസിന്റെ സ്വപ്നവും ബാഴ്‌സയുടെ ലക്ഷ്യവും ഒന്നുതന്നെയാണ്. അത് പകല്‍പോലെ വ്യക്തവും. 100 മില്യണ്‍ യൂറോയായിരുന്നു അത്‌ലറ്റിക്കോയ്ക്ക് മുന്നില്‍ ആല്‍വാരസിനായി ബാഴ്സ വെച്ച ഓഫര്‍. എന്നാല്‍ അത്‌ലറ്റിക്കോ ബാഴ്‌സയുടെ ഓഫര്‍ പൂര്‍ണമായും നിരസിക്കുകയും ക്ലബ്ബിനെ പൊതുമധ്യത്തില്‍ പരിഹസിക്കുകയും ചെയ്തു. നിങ്ങള്‍ കാണുന്നതെല്ലാം വിശ്വസിക്കരുത്, പ്രത്യേകിച്ചും ബാഴ്‌സലോണയുമായി ബന്ധപ്പെട്ടതെന്നായിരുന്നു അത്‌ലറ്റിക്കോയുടെ പക്ഷം. 100 അല്ല 200 മില്യണ്‍ നല്‍കിയാലും ആല്‍വാരസിനെ വിട്ടുതരില്ലെന്ന് നിലപാടെടുക്കുകയും ചെയ്തു. ഇതെല്ലാം സംഭവിക്കുന്നത് മേയിലാണ്.

ശേഷമാണ് ലോകകപ്പിനിടെയുള്ള ആല്‍വാരസിന്റെ പ്രഖ്യാപനം വരുന്നത്. . I spoke with Atletico Madrid, and a transfer is the best option. I want to fulfill my dream. ഇഎസ്‌പിഎന്നിനോടായിരുന്നു ആല്‍വാരസിന്റെ പ്രതികരണം. ആല്‍വാരസിന്റെ പ്രതികരണം ആ ട്രാൻസ്‌ഫര്‍ സംഭവിക്കുമെന്നതിന്റെ ഉറച്ച സൂചനായിരുന്നു. ആല്‍വാരസും അത്ലറ്റിക്കോയും തമ്മിലുള്ളത് ആറ് വര്‍ഷത്തെ കരാറാണ്, 2030 വരെ. 500 മില്യണ്‍ യൂറോയായിരുന്നു റിലീസ് ക്ലോസ്. അതായത് ഒരു ടോപ് ടയര്‍ താരത്തിന് ലഭിക്കുന്നിടത്തോളം തന്നെ മൂല്യം ആല്‍വാരസിന് അത്ലറ്റിക്കോ നല്‍കിയിട്ടുണ്ട്.

ബാഴ്സലോണയ്ക്ക് ആല്‍വാരസിനെ വിട്ടുനല്‍കില്ല എന്ന സ്റ്റാൻഡ് അത്ലറ്റിക്കോ സ്വീകരിച്ചതോടെ സംഭവിച്ചത് മറ്റൊരു ട്വിസ്റ്റാണ്. വിനീഷ്യസിനെ നഷ്ടമായ ആഴ്സണല്‍ അവരുടെ അടുത്ത ലക്ഷ്യമായി കണ്ടത് ആല്‍വാരസിനെയാണ്. ബാഴ്സയോടെടുത്ത കടുത്ത നിലപാടിലല്ല അത്ലറ്റിക്കോ ആഴ്സണലിനെ സമീപിക്കുന്നത്. യൂറോപ്പില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ആഴ്സണലിന് ആല്‍വാരസിനെ കൈമാറാൻ അത്ലറ്റിക്കോ ഒരുക്കമാണെന്നാണ്. പക്ഷേ, ആല്‍വാരസ് തനിക്ക് താല്‍പ്പര്യമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ആല്‍വാരസ് സാഗ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുന്ന ബാഴ്സലോണയെ തന്നെയാണ്. ലോകകപ്പ് ഫൈനലില്‍ സ്പെയിനിനായി വിജയഗോള്‍ നേടിയതോടെ ഫെറാൻ ടോറസിന്റെ സ്റ്റാര്‍ഡം ഉയര്‍ന്നിരുന്നു. ടോറസ് തനിക്ക് കൂടുതല്‍ പണം വേണമെന്ന് പറയാതെ പറഞ്ഞെങ്കിലും ബാഴ്സ അതിന് തയാറായിരുന്നില്ല. പിഎസ്‌ജിയിലേക്ക് ഫെറാൻ ചേക്കേറിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ലോകകപ്പിന് മുൻപുതന്നെ ഉണ്ടായിരുന്നുതുമാണ്. ഗോണ്‍സാലോ റാമോസിന്റെ പകരക്കാരനെ തേടിയ പിഎസ്‌ജിക്ക് ഫെറാൻ പെര്‍ഫക്റ്റ് റീപ്ലേസ്മെന്റുമായി.

പക്ഷേ, ഫ്ലിക്കിന്റെ സിസ്റ്റത്തിലെ രണ്ട് സെന്റര്‍ ഫോര്‍വേഡുകളാണ് ഒറ്റ വിൻഡോയില്‍ പുറത്ത് പോയത്. ലെവൻഡോസ്കിയും ഫെറാനും. ലക്ഷ്യമിട്ട ആല്‍വാരസിനെ ലഭിച്ചതുമില്ല. ഒരു പ്രോമിനന്റ് നമ്പര്‍ ണയൻ ഇല്ലാതെയായിരിക്കും ബാഴ്സ സീസണിന് തുടക്കമിടുക. റഫീഞ്ഞ്യയേയോ അല്ലെങ്കില്‍ ഗോര്‍ഡനെയോ ഒരു ഫാള്‍സ് ണയനായി ഉപയോഗിക്കാൻ കഴിഞ്ഞേക്കും. കരീം അഡെയ്മി എന്ന ഓപ്ഷനുമുണ്ട്. എന്നാല്‍, പ്രീ സീസണ്‍ മത്സരങ്ങളില്‍ ബാഴ്സലോണയ്ക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഹംസ അബ്ദല്‍കരീം. നാല് ഗോളുകളാണ് താരം നേടിയത്. ഫ്ലിക്കിനെ ഇംപ്രസ് ചെയ്യാൻ ഹംസയ്ക്ക് കഴിഞ്ഞിട്ടുമുണ്ട്,

പക്ഷേ, യുവതാരത്തെ ഫസ്റ്റ് ഇലവനില്‍ തന്നെ പരീക്ഷിക്കാൻ ഫ്ലിക്ക് തയാറാകുമോയെന്നതാണ് ചോദ്യം. 39 ഗോളുകളാണ് ഫെറാനും ലെവൻഡോസ്ക്കിയും പോയ സീസണില്‍ സ്കോര്‍ ചെയ്തതെന്നും ഓര്‍ക്കേണ്ടതുണ്ട്. ആല്‍വാരസിനായി ആവോളം കാത്തിരിക്കാൻ ബാഴ്സ തയാറാണ്, പക്ഷേ അത്ലറ്റിക്കോ ഒരുക്കമല്ല. ചെല്‍സിയില്‍ നിന്ന് ജാവോ പെഡ്രോയേയും ഇന്റര്‍ മിലാനില്‍ നിന്ന് ലൗത്താരൊ മാര്‍ട്ടിനസിനേയും ബാഴ്സ സമീപിച്ചെങ്കിലും ഇരുക്ലബ്ബുകളും റിജക്റ്റ് ചെയ്യുകയായിരുന്നു. ട്രാൻസ്ഫര്‍ വിൻഡോ അവസാനിക്കാൻ 10 ദിവസം മാത്രമാണ് ബാക്കി, അതിന് മുൻപ് പരിഹാരമുണ്ടാകുമെന്നാണ് ഡിക്കോയുടെ വാക്ക്.

PREV
Read more Articles on
click me!

Recommended Stories

പെരെഡസിന് വീട്ടിലിരിക്കാം! 'തല്ലിത്തോറ്റ' മെസിപ്പടയ്ക്ക് 'ഗപ്പ്' കൊടുത്ത് ഫിഫ
ഗംഭീറിനെക്കൊണ്ട് പറ്റില്ലെ ടെസ്റ്റ് ഫോർമാറ്റ്? ചാമ്പ്യൻഷിപ്പ് ഫൈനല്‍ സാധ്യതകള്‍