
1998 ഒക്ടോബര്‍ 16. ഓസ്ട്രേലിയ-പാക്കിസ്ഥാൻ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം പേശാവാറില്‍ അവസാനിക്കുകയാണ്. മൈതാനത്തുനിന്ന് ഓസീസ് നായകൻ മാര്‍ക്ക് ടെയ്‌ലര്‍ റിക്കി പോണ്ടിങ്ങിന് കൈകൊടുത്ത്, എതിര്‍ നിരയുടേയും കാണികളുടേയും ആദരം പ്യൂമ ബാറ്റുയര്‍ത്തി സ്വീകരിച്ച് ഡ്രെസിങ് റൂമിലേക്ക് മടങ്ങുന്നു. സ്കോര്‍ബോര്‍ഡില്‍ ടെയ്‌ലറിന്റെ പേരിന് താഴെയായി അടുക്കിവെച്ച പലകകളില്‍ ആ നമ്പര്‍ തെളിഞ്ഞു, 334!
ഈ നിമിഷത്തിന് മുൻപ് ഇതേ അക്കങ്ങള്‍ ഒരു ഓസ്ട്രേലിയൻ സ്കോർബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്‌മാന്റെ പേരിന് നേര്‍ക്കായിരുന്നു അത്. ഏഴ് പതിറ്റാണ്ടോളം വേണ്ടി വന്നു മറ്റൊരു ഓസീസ് താരത്തിന് മാന്ത്രിക സഖ്യക്ക് ഒപ്പമെത്താൻ. ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ നെറുകയിലേക്ക് ഒരു റണ്‍സകലം. മൂന്നാം ദിനം ടെയ്‌ലര്‍ ബൗണ്ടറി റോപ്പ് കടന്നുവരുന്നതിനപ്പുറമൊരു ദൃശ്യം ആരും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല.
പേശാവാറിന്റെ വടക്കൻ സിറ്റിയിലുള്ള ഒരു ഹോട്ടല്‍ മുറിയില്‍ ടെയ്‌ലറിന് അന്ന് ഉറങ്ങാനായില്ല. ചിന്തകളില്‍ പെയ്‌തുതോരാത്ത മഴപോലൊരു ചോദ്യം, ഇതിഹാസത്തിനെ മറികടക്കണോ, അതോ ടീമിന്റെ ജയസാധ്യതകള്‍ക്ക് മുൻതൂക്കം കൊടുക്കണോ. അര്‍ദ്ധ രാത്രി പിന്നിട്ടിരിക്കുന്നു, ഉത്തരം ഇനിയും കണ്ടെത്താനായിട്ടില്ല. സഹതാരങ്ങള്‍ തീരുമാനം നായകന് വിട്ട് മാറി നിന്നു. സഹോദരി ലിസയെ വിളിച്ചു ടെയ്‌ലര്‍, ലിസയുടെ ഉപദേശം പോയ് ബാറ്റുചെയ്യു വിഡ്ഢി എന്നായിരുന്നു.
നേരം പുലരുകയാണ്, ഒടുവില്‍ ആ തീരുമാനം അയാള്‍ സ്വയം എടുത്തു. തന്റെ നേട്ടത്തിനല്ല പ്രധാന്യം കൊടുക്കേണ്ടത്, ഡിക്ലയര്‍ ചെയ്താല്‍ ടീമിന് വിജയിക്കാനുള്ള അവസരം ഒരുങ്ങിയേക്കും. ബ്രാഡ്‌മാന് ഒപ്പം ആ റെക്കോര്‍ഡ് പങ്കുവെക്കുന്നതാണ് കൂടുതല്‍ സന്തോഷം തരുന്നത്. ടെയ്‌ലറിന്റെ പതിറ്റാണ്ടോളമായ കരിയറിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആ രാത്രി ഇരുട്ടി വെളുത്തു. സ്വയം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. അമ്പരപ്പോടെയാണ് ലോകം അത് ശ്രവിച്ചത് അന്ന്.
രണ്ട് ദിവസം, 12 മണിക്കൂർ. പേശാവാറിലെ ചുട്ടുപൊള്ളുന്ന വെയിലിനെ തോല്‍പ്പിച്ച ആ ഇന്നിങ്സ് ഒരു റണ്‍സുകൂടി അര്‍ഹിക്കുന്നുണ്ടായിരുന്നുവെന്ന് ക്രിക്കറ്റ് ലോകം പറഞ്ഞു.
രണ്ടരപതിറ്റാണ്ടിനിപ്പുറം ക്രിക്കറ്റ് ലോകം ഒരിക്കല്‍ക്കൂടി ആശ്ചര്യപ്പെടുകയാണ്. പതിവില്ലാത്ത വിധം, കേട്ടറിവില്ലാത്ത വിധം. ടെയ്‌ലറിനുണ്ടായ അതേ ആശയക്കുഴപ്പത്തില്‍ മറ്റൊരാള്‍, വിയാൻ മള്‍ഡര്‍, ദക്ഷിണാഫ്രിക്കയുടെ പുതുനായകൻ. ബ്രാഡ്‌മാന്റെ സ്ഥാനത്ത് സമാനമായ മറ്റൊരു പേര്. ബ്രയൻ ലാറ. കാണികളുടെ കുത്തൊഴുക്കൊ, കയ്യടികളുടെ കാതടപ്പിക്കുന്ന ശബ്ദമൊന്നുമില്ലാതെയായിരുന്നു ബുലവായോയില്‍ മള്‍ഡര്‍ ചരിത്രത്തിലേക്കൊരു ഇന്നിങ്സ് പടുത്തുയര്‍ത്തിയത്.
സിംബാബ്‌വെക്കെതിരെ രണ്ടാം ദിനം ഉച്ചയൂണിന് പിരിയുമ്പോള്‍ മള്‍ഡറിന്റെ സ്കോര്‍ 367 നോട്ടൗട്ട്. ഒരു ദക്ഷിണാഫ്രിക്കൻ താരം തൂവെള്ളയില്‍ ഇതുവരെ തൊടാത്തൊരു സംഖ്യ. 334 പന്തുകളില്‍ 49 ഫോറും നാല് സിക്‌സറുകളും ഇന്നിങ്സ് ഉള്‍പ്പെട്ട ഇന്നിങ്സ്. സെന്റ് ജോണ്‍സില്‍, 2004ല്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരെ ബ്രെയൻ ലാറ തീര്‍ത്ത മാസ്റ്റര്‍ ക്ലാസ്. ഇടം കയ്യില്‍ ഉറച്ച ആ ബാറ്റില്‍ നിന്ന് കവിതപോലെ ഒഴുകിയ 400 റണ്‍സിലേക്ക് മള്‍ഡര്‍ ഒരു മലവെള്ളപ്പാച്ചില്‍ പോലെ പാഞ്ഞടുക്കുകയായിരുന്നു.
മൂന്ന് ദിവസവും ഒരു സെഷനും ഇനിയും ബാക്കിയുണ്ട്. മള്‍ഡറിന് ആ മാജിക്കല്‍ ഫിഗറിലേക്ക് എത്താൻ മുന്നില്‍ പ്രതിബന്ധങ്ങളൊന്നുമില്ല, ഏറിവന്നാല്‍ അഞ്ച് ഓവര്‍ മതിയാകും അതിന്. സ്കോര്‍ബോര്‍ഡിലേക്ക് കണ്ണോടിച്ചിട്ടുണ്ടെങ്കില്‍ ലാറ എന്തായിരിക്കാം ചിന്തിച്ചിട്ടുണ്ടാകുക. അയാളെ ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതല്‍ ഓര്‍മ്മിക്കപ്പെടുന്ന ആ ഇന്നിങ്സിനരികില്‍ വളരെക്കാലത്തിന് ശേഷം ഒരാള്‍. ഒരുപക്ഷേ, മണിക്കൂറുകള്‍ക്കുള്ളില്‍ അത് അയാള്‍ പിന്നിട്ടേക്കാം.
ഡ്രെസിങ് റൂമില്‍ മള്‍ഡര്‍ ടെയിലറിന്റെ ആ രാത്രിയിലൂടെ കടന്നുപോകുകയായിരുന്നു. അതേ ചോദ്യങ്ങള്‍. പരിവര്‍ത്തനങ്ങള്‍ക്ക് തുടരെ വിധേയമാകുന്ന ക്രിക്കറ്റില്‍ ഇനി ഒരിക്കല്‍ ഇങ്ങനെ ഒരു അവസരം തന്നെ തേടിയെത്തുമോ, ഇല്ലായെന്ന് മനസ് മന്ത്രിച്ചിട്ടുണ്ടാകണം. ടെയ്‌ലറിന്റെ അത്ര വൈകിയില്ല ഒരു തീരുമാനത്തിലേക്ക് എത്താൻ മള്‍ഡറിന്. ദക്ഷിണാഫ്രിക്കൻ ഡ്രെസിങ് റൂമില്‍ നിന്ന് ആ വാര്‍ത്ത എത്തി, ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തിരിക്കുന്നു പ്രോട്ടിയാസ് നായകൻ മള്‍ഡര്‍.
400 റണ്‍സിലേക്ക് എത്തിയിരുന്നതിനേക്കാള്‍ അമ്പരപ്പോടെയായിരുന്നു കായികലോകം മള്‍ഡറിന്റെ തീരുമാനത്തെ സ്വീകരിച്ചത്. മള്‍ഡറിന്റേത് കേവലമൊരു നിസ്വാര്‍ത്ഥമായ തീരുമാനമായിരുന്നില്ല. ലാറയെന്ന ഇതിഹാസത്തിനോടുള്ള ആദരമായിരുന്നു. അത് അയാള്‍ തുറന്നു പറയാനും മടിച്ചില്ല. ബ്രയൻ ലാറ ഒരു ഇതിഹാസമാണ്, അദ്ദേഹത്തിന്റെ ഒപ്പം ആ റെക്കോര്‍ഡ് നിലനില്‍ക്കുന്നതാണ് ശരി. ഇതിഹാസമായി തന്നെ തുടരട്ടെ, ഇനിയൊരു അവസരം ലഭിച്ചാലും ഞാൻ ഇതുതന്നെയാകും ചെയ്യുക, മള്‍ഡര്‍ പറഞ്ഞുവെച്ചു.
ടെയ്‌ലറിനും മള്‍ഡറിനും അവര്‍ ടീമിന്റെ നായകന്മാരായതുകൊണ്ട് മാത്രം സാധിച്ചതായിരിക്കാം ഇത്തരമൊരു തീരുമാനമെടുക്കാൻ. അല്ലെങ്കില്‍ നിസ്വാര്‍ത്ഥമായ, ക്രിക്കറ്റ് ലോകത്തെയാകെ ആശ്ചര്യപ്പെടുത്തിയ രണ്ട് ഡിക്ലയറുകള്‍ ഉണ്ടാകുമായിരുന്നില്ല...