
ഫിനോമിനലായ ഒരു ഐപിഎല്‍ സീസണിന് ശേഷം ഡഗൗട്ടിലിരിക്കേണ്ടി വരിക. എനിക്ക് അവന്റെ മാനസിക സ്ഥിതി മനസിലാകും. ടി20 ലോകകിരീടം നേടിത്തന്ന രണ്ട് പേരുണ്ടവിടെ, അവർ കണ്‍സിസ്റ്റന്റുമാണ്. അവസരം ലഭിക്കും, അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാതെ പ്രൊസസില്‍ വിശ്വസിക്കുക.
വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലുടനീളം പുറത്തിരിക്കേണ്ടി വന്ന വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യൻ നായകൻ ശ്രേയസ് അയ്യര്‍ നല്‍കിയ ഉത്തരമാണിത്. താല്‍ക്കാലിക പരിശീലകനായിരിക്കെ വൈഭവിനെപ്പോലൊരു ടാലന്റിനെ പാഴാക്കാനാകില്ലെന്ന് പറയുന്ന വിവിഎസ് ലക്ഷ്മണ്‍ ഒരുവശത്ത്, മറുപുറത്ത് സഞ്ജു സാംസണിനേയും അഭിഷേകിനേയും പ്രതിരോധിച്ച് വൈഭവ് കാത്തിരിക്കട്ടെയെന്ന നിലപാടെടുക്കുന്ന ഗൗതം ഗംഭീര്‍. വൈഭവിന്റെ കാര്യത്തില്‍ ബിസിസിഐക്ക് കൃത്യമായൊരു വ്യക്തതയില്ലെ?
ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം, ടി20 പരമ്പര ഒക്ടോബര്‍ 22ന് ക്രൈസ്റ്റ്‌ചർച്ചില്‍ ആരംഭിക്കും. വൈഭവ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുമോയെന്ന ചോദ്യത്തിന്റെ പ്രസക്തി അല്‍പ്പം കുറയ്ക്കാൻ വിൻഡീസ് പരമ്പരയ്ക്കായിട്ടുണ്ട്. കാരണം ഇന്ത്യയുടെ ടോപ് ത്രീയുടെ പ്രകടനം തന്നെ. സഞ്ജു, അഭിഷേക്, ഇഷാൻ. മൂവരില്‍ ടോപ് സ്കോറര്‍ സഞ്ജുവാണ്, 195 സ്ട്രൈക്ക് റേറ്റില്‍ 168 റണ്‍സ്, രണ്ട് അര്‍ദ്ധ സെഞ്ചുറി. ഇഷാൻ 153 റണ്‍സ് നേടി, സ്ട്രൈക്ക് റേറ്റ് 191 ആണ്. അഭിഷേക് 181 സ്ട്രൈക്ക് റേറ്റില്‍ 145 റണ്‍സ്.
അഞ്ച് മത്സരത്തിലും കണ്‍സിസ്റ്റന്റായി കോണ്‍ട്രിബ്യൂട്ട് ചെയ്യാൻ മൂവർക്കുമായിട്ടില്ലെങ്കിലും, മാച്ച് വിന്നിങ് നോക്കുകള്‍ ഉണ്ടായിട്ടുണ്ട്. ടി20യില്‍ ഗംഭീര്‍ താരങ്ങളെ ബാക്ക് ചെയ്യുന്നതിന്റെ കാരണവും അത് തന്നെയാണ്. കണ്‍സിസ്റ്റൻസിക്ക് മുകളിലാണ് ഇംപാക്റ്റിന് സ്ഥാനം. എന്നിരുന്നാലും വെസ്റ്റ് ഇൻഡീസിനെതിരെ വൈഭവിന് അവസരം ഒരുങ്ങുമായിരുന്നു. ചുരുങ്ങിയത് അവസാന മത്സരത്തിലെങ്കിലും. പക്ഷേ, പരമ്പരയില്‍ വെസ്റ്റ് ഇൻഡീസ് നടത്തിയ മുന്നേറ്റമാണ് തടയിട്ടത്.
ബെംഗളൂരു ടി20ക്ക് മുൻപ് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നെങ്കില്‍ സഞ്ജുവിനോ അഭിഷേകിനോ പകരം വൈഭവ് തീർച്ചയായും അന്തിമ ഇലവനിലുണ്ടാകുമായിരുന്നു. ന്യൂസിലൻഡ് പര്യടനത്തിലെ വൈഭവിന്റെ സാധ്യതകളും അങ്ങനെ തന്നെയായിരിക്കും. ടോപ് ത്രീയിലാരെങ്കിലും അത്രത്തോളം ഫ്ലോപ്പായെങ്കില്‍ മാത്രമെ ഒരു മാറ്റത്തിന് ഗംഭീർ തുനിയു. സിംബാബ്‌വെ പര്യടനത്തില്‍ പരമ്പരയിലെ താരമായങ്കിലും കൂടുതല്‍ ബൗണ്‍സി വിക്കറ്റുകളുണ്ടായിരുന്ന ഇംഗ്ലണ്ടില്‍ വൈഭവിന് തന്റെ മികവ് പുലർത്താൻ കഴിഞ്ഞിരുന്നില്ല.
14, 13, 15 എന്നിങ്ങനെയായിരുന്നു വൈഭവിന്റെ സ്കോറുകള്‍. ആകെ നേരിട്ടത് 25 പന്തുകളാണെങ്കിലും അഞ്ച് സിക്സറുകള്‍ കണ്ടെത്താൻ ഇടം കയ്യൻ ബാറ്റര്‍ക്കായിരുന്നു. ഷോര്‍ട്ട് ബോളുകളായിരുന്നു വൈഭവിനെ വീഴ്ത്താൻ ഇംഗ്ലണ്ട് പേസര്‍മാര്‍ ഉപയോഗിച്ചത്. പ്രത്യേകിച്ചും ജോഫ്ര ആര്‍ച്ചറും ജോഷ് ടങ്ങും. വൈഭവിന്റെ ശരീരത്തെയും തലയേയും നിരന്തരം ലക്ഷ്യമിട്ടായിരുന്നു പവര്‍പ്ലേയിലെ ഇംഗ്ലണ്ടിന്റെ സ്ട്രാറ്റര്‍ജി. ന്യൂബോളില്‍ സ്ട്രഗിള്‍ ചെയ്യുന്ന വൈഭവിനെ ഇംഗ്ലണ്ടില്‍ കണ്ടു. ആര്‍ച്ചറിനെതിരെ 13 പന്തുകളില്‍ നിന്ന് 18 റണ്‍സായിരുന്നു വൈഭവിന്റെ നേട്ടം, രണ്ട് തവണ പുറത്താകുകയും ചെയ്തു.
വൈഭവിന്റെ സ്വഭാവികമായുള്ള അറ്റാക്കിങ് ശൈലിയെ കൃത്യമായി ഇംഗ്ലീഷ് പേസര്‍മാര്‍ ഉപയോഗിച്ചു. ന്യൂസിലൻഡിലേക്ക് വരുമ്പോഴും കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കില്ല. വിൻഡീസ് പരമ്പരയിലുടനീളം പുറത്തിരിക്കേണ്ടി വന്ന വൈഭവിന് മതിയായ മാച്ച് ടൈം ലഭിച്ചിട്ടില്ല മറ്റൊരു സീരീസിന് തയാറെടുക്കാൻ. ഇതുതന്നെയാണ് ഇംഗ്ലണ്ടിലെ ഡൗണ്‍ഫാളിന്റെ കാരണമായ ഘടകങ്ങളിലൊന്ന്. അയര്‍ലൻഡ് പര്യടനത്തില്‍ ബെഞ്ചിലിരുന്ന ശേഷമാണ് വൈഭവിന് ഇംഗ്ലണ്ടില്‍ അവസരം കൊടുത്തത്. സമാനസ്ഥിതിയാണ് ന്യൂസിലൻഡിലേക്ക് എത്തുമ്പോഴും.
പക്ഷേ, വൈഭവിന്റെ കാര്യത്തില്‍ ബിസിസിഐ വ്യക്തതയിലെത്തേണ്ടതുണ്ട്. ആരോഗ്യകരമായ മത്സരമാണ് ടോപ് ത്രീയില്‍ നടക്കുന്നതെങ്കിലും താരങ്ങളുടെ ആത്മവിശ്വാസത്തെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്. കാരണം, എപ്പോള്‍ വേണമെങ്കിലും ടീമിലെ സ്ഥാനം നഷ്ടപ്പെടാം എന്ന സ്ഥിതിയാണ് താരങ്ങള്‍ ബാറ്റ് ചെയ്യാൻ എത്തുന്നത്. ചുറ്റുമുയരുന്ന ഹൈപ്പും നിരന്തരം പുറത്തിരിക്കേണ്ടി വരുന്നതും ഒരു 15 വയസുകാരന്റെ ആത്മവിശ്വാസത്തെ ബാധിക്കാനും സാധ്യതയുണ്ട്. ജനറേഷണല്‍ ടാലന്റായി വാഴ്ത്തപ്പെടുന്ന വൈഭവിനെ കൃത്യമായി ഉപോയിഗിക്കാൻ പദ്ധതി അനിവാര്യമാണ്...സമയമുണ്ട് എന്നതാണ് ആശ്വാസം.