ഇനി ആഞ്ചലോട്ടി വന്നാലും കാര്യമുണ്ടാകില്ല; യുണൈറ്റഡിന്റെ പ്രശ്നം മെന്റാലിറ്റി

Published : Nov 02, 2026, 02:37 PM IST
Manchester United

Synopsis

ക്ലബ്ബുകള്‍ പരാജയപ്പെടുമ്പോള്‍ ആദ്യ ഇരയാകുന്നത് മാനേജര്‍മാരാണല്ലോ, ടീമിനുള്ളിലെ പ്രശ്നങ്ങളൊ താരങ്ങളുടെ മെന്റാലിറ്റിക്കോ അവിടെ ശിക്ഷ ലഭിക്കാറില്ല. ബലികൊടുക്കപ്പെട്ടവരുടെ ഇടയിലേക്ക് ചേര്‍ക്കപ്പെടേണ്ടവനാണോ കാരിക്ക്

മാഞ്ചസ്റ്റ‍ര്‍ യുണൈറ്റഡ് ആരാധക‍ര്‍ മടുത്തിരിക്കുന്നു. എത്രനാളിങ്ങനെയെന്ന ചോദ്യത്തിന് ഇന്ന് എന്നത്തേക്കാള്‍ തെളിച്ചമുണ്ട്. ബേണ്‍മോത്തിനോട് ഓള്‍ഡ് ട്രാഫോ‍‍ഡില്‍ സംഭവിച്ച ദുരന്തസമാനമായ 90 മിനുറ്റുകള്‍ക്കും സ്റ്റാംഫോഡ് ബ്രിഡ്‌ജില്‍ ചെല്‍സിക്കെതിരായ തോല്‍വിക്ക് ശേഷവും സമാനമായൊരു കാഴ്ചയുണ്ടായി. അത് ഫൈനല്‍ വിസിലിന് ശേഷം ടണലിലൂടെ മടങ്ങുന്ന മൈക്കില്‍ കാരിക്കിനോടും താരങ്ങളോടുമുള്ള ആരാധകരുടെ സമീപനമായിരുന്നു. കാരിക്കിനവ‍‍ര്‍ പൂ‍‍ര്‍ണ പിന്തുണ പ്രഖ്യാപിച്ചു. പക്ഷേ യുണൈറ്റഡിന്റെ ആ വിഖ്യാത ജഴ്സിയണിഞ്ഞവരെയെല്ലാം കാത്തിരുന്നത് കൂവലുകളും, ഉടമകളോട് പ്രതിഷേധവും അമർഷവും.

സീസണിലെ യൂണൈറ്റഡിന്റെ തോല്‍വികള്‍ക്ക് ശേഷം അന്താരാഷ്ട്ര മാധ്യമങ്ങളിലെ കായിക പേജുകളില്‍ പ്രത്യക്ഷപ്പെടുന്ന ഒരു ചോദ്യമുണ്ട്. മാനേജര്‍ സ്ഥാനത്ത് കാരിക്കിന് ഇനി എത്ര നാളെന്ന്, അല്ലെങ്കില്‍ കാരിക്കിന്റെ മുന്നില്‍‍ ഇനി എന്ത് എന്ന്. ചെല്‍സിക്കെതിരായ പരാജയത്തിന് ശേഷം ആ ചോദ്യം കാരിക്കിനെ നേരിട്ട് തേടിയെത്തി. ആശങ്കകളുണ്ടായിരുന്നില്ല, യെസ് എന്നായിരുന്നു അയാളുടെ ഉത്തരം. ക്ലബ്ബുകള്‍ പരാജയപ്പെടുമ്പോള്‍ ആദ്യ ഇരയാകുന്നത് മാനേജര്‍മാരാണല്ലോ, ടീമിനുള്ളിലെ പ്രശ്നങ്ങളൊ താരങ്ങളുടെ മെന്റാലിറ്റിക്കോ അവിടെ ശിക്ഷ ലഭിക്കാറില്ല.

ബലികൊടുക്കപ്പെട്ടവരുടെ ഇടയിലേക്ക് ചേര്‍ക്കപ്പെടേണ്ടവനാണോ കാരിക്ക്, അയാളാണോ യുണൈറ്റഡിന്റെ പ്രശ്നം. അലക്സ് ഫെര്‍ഗൂസണും മാറ്റ് ബസ്ബിയുമൊക്കെ ചേര്‍ന്ന് കെട്ടിപ്പടുത്ത സാമ്രാജ്യമാണ്, റയാൻ ഗിഗ്സും ബോബി കാള്‍ട്ടണും വെയിൻ റൂണിയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ഉള്‍പ്പെടെയുള്ളവ‍ര്‍ വിയ‍ര്‍പ്പൊഴുക്കി വെട്ടിപ്പിടിച്ചതാണ് എല്ലാം. അത്തരമൊരു ചരിത്രം പേറുന്ന യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ എവിടെയാണ് ഇന്നെന്ന് ചോദിച്ചാല്‍ ഒരുപാട് താഴേക്ക് നോക്കേണ്ടതുണ്ട്, 17 സ്ഥാനത്ത്. കളിച്ച മത്സരങ്ങളുടെ എണ്ണത്തിനൊപ്പം പോലും പോയിന്റില്ലാതെ.

അതിന‍ര്‍ത്ഥം കാരിക്ക് മാത്രമല്ല പ്രശ്നമെന്നാണ്. യുണൈറ്റഡ് ആരാധ‍കര്‍ ഒരു ജയം അനുഭവിച്ചിട്ട് ഏറെക്കുറെ ഒരു മാസമാകുന്നു. സെപ്റ്റംബ‍ര്‍ 11ന് ചാമ്പ്യൻസ് ലീഗില്‍ താരതമ്യേന ശക്തരല്ലാത്ത സബായ്ക്ക് എതിരെയായിരുന്നു അവസാന ജയം. ശേഷം ഒൻപത് മത്സരങ്ങള്‍, പത്ത് പേരായി ചുരുങ്ങിയ സിറ്റിയോട് തോല്‍വി. സീസണില്‍ തോല്‍വികളുടെ പരമ്പരയുമായി എത്തിയ ടോട്ടൻഹാമിനോട് സമനില, അവരും കളിച്ചത് 10 പേരായിട്ടായിരുന്നുവെന്ന് ഓര്‍ക്കണം.

ചാമ്പ്യൻസ് ലീഗില്‍ അത്ലറ്റിക്കൊ മാഡ്രിഡിനോടുള്ള പരാജയം പ്രതീക്ഷിച്ചതായിരുന്നു, പക്ഷേ സെസ്ക് ഫാബ്രിഗാസിന്റെ കോമോ യുണൈറ്റഡിനെ തീ‍ര്‍ത്തുകളഞ്ഞു, 4-1. ഇതിന്റെയെല്ലാം ഉത്തരവാദികളെ തിരഞ്ഞ് പോകുമ്പോള്‍ ആദ്യ പ്രതിക്കൂട്ടിലേക്ക് കയറി നില്‍ക്കേണ്ടത് ബ്രൂണോ ഫെര്‍ണാണ്ടസാണ്. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരം, ഒരു സീസണില്‍ ഏറ്റവുമധികം അസിസ്റ്റെന്ന റേക്കോര്‍ഡും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ഈ സീസണില്‍ ബ്രൂണോയുടെ ബൂട്ടുകളില്‍ നിന്ന് പിറന്നത് ഒരേയൊരു അസിസ്റ്റ് മാത്രമാണ്.

നായകനായി അയാള്‍ എന്ത് ചെയ്യുന്നുവെന്നതാണ് ഏറ്റവും പ്രസക്തിയുള്ള വിഷയം. യൂണൈറ്റഡ് പിന്നിലാകുമ്പോള്‍ അല്ലെങ്കില്‍ തോല്‍വിക്ക് അരികിലേക്ക് നീങ്ങുമ്പോള്‍ എല്ലാം നഷ്ടപ്പെട്ട് കീഴടങ്ങനൊരുങ്ങുന്ന സൈന്യാധിപന്റെ ശരീരഭാഷയാണ് അയാള്‍ക്ക്. മത്സരം തിരിച്ചുപിടിക്കണമെന്ന മെന്റാലിറ്റി ഒരു ഘട്ടത്തിലും ബ്രൂണോയില്‍ നിന്നുണ്ടാകുന്നില്ല. ഫ്രസ്ട്രേറ്റഡായതുകൊണ്ട് ജയിക്കാനാകുമോ...ക്രിസ്റ്റ്യാനോയും റൂണിയും ടെവസുമൊക്കെ നിറഞ്ഞാടിയ കാലം ഓര്‍മയില്ല, ഒന്നോ രണ്ടോ ഗോള്‍ വഴങ്ങിയാലും ചത്തിട്ടാണെങ്കിലും കളി തിരിച്ചുപിടിക്കുന്ന ഫെര്‍ഗൂസണിന്റെ കുട്ടികള്‍. പീക്ക് യൂണൈറ്റഡ് മെന്റാലിറ്റി.

യുണൈറ്റഡ് ജഴ്സി അണിയുന്ന ആര്‍ക്കെങ്കിലും അത്തരമൊരു മെന്റാലിറ്റിയുണ്ടോയെന്നത് സംശയമാണിന്ന്. ബ്രൂണോ കഴിഞ്ഞാല്‍ അടുത്തത് ലിസാൻഡ്രൊ മാര്‍ട്ടിനസാണ്. 2026 ലോകകപ്പില്‍ കേപ് വേര്‍ദേയ്ക്ക് എതിരെ ജനറേഷണല്‍ അപ്സ്റ്റിലേക്ക് പോകുമായിരുന്ന അര്‍ജന്റീനയെ തിരിച്ചുകൊണ്ടുവന്ന മാര്‍ട്ടിനസിന്റെ ബൂട്ടുകളായിരുന്നു. അതേ മാര്‍ട്ടിനസിനാല്‍ ഇന്ന് യുണൈറ്റഡ് തോല്‍വികള്‍ ക്ഷണിച്ചുവരുത്തുകയാണ്. മൈതനത്തെ ഡിഷൻ മേക്കിങ്, റെക്ക്‌‌ലസായുള്ള നീക്കങ്ങള്‍, ഡിസിപ്ലിനില്ലായ്മ, പ്രതിരോധത്തിലെ പിഴവുകള്‍ വേറെയും.

ഫുള്‍ഹാമിനെതിരെ ഓണ്‍ ഗോള്‍, ടോട്ടൻഹാമിനെതിരെ മോശം പൊസിഷനിങ്. ചെല്‍സിക്കെതിരായ മത്സരം മാര്‍ട്ടിനസിന്റെ സീസണിനെ കൂടുതല്‍ വേസ്റ്റാക്കുകയായിരുന്നു. ചെല്‍സിയുടെ ആദ്യ ഗോള്‍ മോര്‍ഗൻ റോജേര്‍സ് നേടുമ്പോള്‍ അതിന് അനുവദിച്ചത് മാര്‍ട്ടിനസായിരുന്നു. ഫ്രീയായി ബോക്സിനുള്ളിലേക്ക് ഓടാൻ റോജേര്‍സിന് അവസരം നല്‍കി, ഫലം ഗോള്‍. തൊട്ടുപിന്നാലെ ഈ ഫ്രസ്ട്രേഷൻ തീര്‍ക്കുന്നത് റോജേര്‍സിനെ ഫൗള്‍ ചെയ്താണ്, പലതവണ ചെല്‍സി താരത്തെ ഡ്രാഗ് ചെയ്ത് വീഴ്ത്താൻ ശ്രമം നടത്തിയാണ് യെലൊ കാര്‍ഡ് വാങ്ങിയത്.

ഇവിടം കൊണ്ട് അവസാനിച്ചില്ല. യെലോ കാര്‍ഡ് വാങ്ങിയ ശേഷം കുറച്ചുകൂടി ഇന്റലിജന്റായി കളിക്കുക എന്നതായിരുന്നില്ല മാര്‍ട്ടിനസിന്റെ തീരുമാനം. 63-ാം മിനുറ്റില്‍ ബോക്സിനുള്ളില്‍ ഫൊഫാനയുടെ മുഖത്ത് കൈമുട്ടുകൊണ്ട് ഫൗള്‍ ചെയ്തു, ചെല്‍സിക്ക് പെനാലിറ്റി, മാര്‍ട്ടിനസിന് രണ്ടാം യെല്ലോ, റെഡ് കാര്‍ഡ്. 10 പേരായി ടീമിനെ ദുര്‍ബലമാക്കിയിട്ട് മടക്കം.

ഇവര്‍ രണ്ടും മാത്രമല്ല, ഡിഫൻസീവിലെ പിഴവുകള്‍ വേറെയുമുണ്ട്. മിഡ് ഫീല്‍ഡും ഡിഫൻസും തമ്മിലുള്ള സ്പേസ്, പൊസിഷനിങ്, കോര്‍ഡിനേഷൻ ഇല്ലായ്മ, ഫോമിന്റെ അഭാവം അങ്ങനെയെല്ലാം. ടാക്റ്റിക്കലിയുള്ള പോരായ്മകള്‍ വേറെയും. ഹൈ പ്രെസ് ചെയ്ത് കളിക്കുമ്പോള്‍ യുണൈറ്റഡിന്റെ മധ്യനിരയ്ക്കൊ ഡിഫൻസിനൊ അതിനെ പിന്തുണയ്ക്കാനാകുന്നില്ല, ഓപ്പോണന്റ് പ്രെസ് ബീറ്റ് ചെയ്ത് കഴിയുന്ന നിമിഷം യുണൈറ്റഡ് എക്സ്പോസ്ഡാവുകയാണ്. കൃത്യമായൊരു ഐഡന്റിന്റി തന്നെയില്ലെന്ന് പറയാം. അന്തരീക്ഷം അത്ര മോശമാകുമ്പോള്‍ എങ്ങനെ ഒരു സിസ്റ്റം ബില്‍ഡ് ചെയ്യാൻ കാരിക്കിന് കഴിയും.

PREV
Read more Articles on
click me!

Recommended Stories

ശ്രേയസ് അയ്യർ എന്ന നായകൻ പോരെ? ഇത്രയധികം വിമർശനങ്ങള്‍ അർഹിക്കുന്നുണ്ടോ?
ആർക്കാണ് കണ്‍സിസ്റ്റൻസിയുള്ളത്? സഞ്ജുവിനെ മാത്രം വിമർശിച്ചാല്‍ മതിയോ?