വൈഭവ് സൂര്യവംശിക്ക് അവസരം നിഷേധിക്കപ്പെടുന്നുവെന്ന ഒരു കാരണം കൊണ്ട് ഇത്രയധികം വിമർശിക്കേണ്ടതുണ്ടോ. ന്യൂസിലൻഡ് പര്യടനത്തില്‍ കണ്‍സിസ്റ്റന്റായി ബാറ്റുകൊണ്ട് മികവ് പുലർത്തിയ എത്ര പേരുണ്ട് ഇന്ത്യൻ ടീമില്‍?
ജസ്റ്റിസ് 100 ശതമാനം, പെര്‍ഫോമൻസ് പൂജ്യം. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം സഞ്ജുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന പരിഹാസങ്ങളിലൊന്നാണിത്. ശരിയാണ്, അവസാന രണ്ട് മത്സരങ്ങളില്‍ ഒറ്റയക്ക സ്കോറിലാണ് പുറത്തായത്. എന്നാല്‍, വൈഭവ് സൂര്യവംശിക്ക് അവസരം നിഷേധിക്കപ്പെടുന്നുവെന്ന ഒരു കാരണം കൊണ്ട് ഇത്രയധികം വിമർശിക്കേണ്ടതുണ്ടോ. അങ്ങനെ കരുതുന്നുണ്ടെങ്കില്‍ അവരോട് ഒരു ചോദ്യമണുള്ളത്. ന്യൂസിലൻഡ് പര്യടനത്തില്‍ കണ്‍സിസ്റ്റന്റായി ബാറ്റുകൊണ്ട് മികവ് പുലർത്തിയ എത്ര പേരുണ്ട് ഇന്ത്യൻ ടീമില്‍?
ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പില്‍ അഞ്ച് മത്സരങ്ങളിലും ക്രീസിലെത്തിയത് അഭിഷേക് ശർമ, സഞ്ജു, ശ്രേയസ് അയ്യർ, തിലക് വർമ, നമൻ ധീർ എന്നിവരാണ്. നീതീഷ് നാലും ഇഷാനും അക്സറും മൂന്ന് വീതവം ടി20കളിലും ബാറ്റ് ചെയ്തു, വൈഭവ് ക്രൈസ്റ്റ്ചർച്ചിലും വെല്ലിങ്ടണിലും. ഫിനിഷർ റോളിലെത്തിയ നമൻ ധീർ മാത്രമാണ് പരമ്പരയിലെ എല്ലാ മത്സരങ്ങളിലും നിരാശപ്പെടുത്താതെ കോണ്ട്രിബ്യൂട്ട് ചെയ്ത താരം, അഞ്ച് മത്സരങ്ങളില്‍ നിന്ന് 200 സ്ട്രൈക്ക് റേറ്റില്‍ 138 റണ്‍സ്. ഇന്ത്യൻ ബാറ്റർമാരില്‍ സെക്കൻഡ് ടോപ് സ്കോറര്‍.
ഇന്ത്യയുടെ ടോപ് സ്കോററായ അഭിഷേക് ശർമ. വെല്ലിങ്ടണില്‍ 38 പന്തില്‍ നേടി 113 റണ്‍സ് മാറ്റി നിർത്തിയാല്‍ പര്യടനത്തിലെ അഭിഷേകിന്റെ നേട്ടം 86 റണ്‍സാണ്. ക്രൈസ്റ്റ് ചർച്ചിലെ രണ്ടാം ടി20യിലും ഓക്ക്ലൻഡിലും ഹാമില്‍ട്ടണിലും ന്യൂബോളില്‍ താരം സ്ട്രഗിള്‍ ചെയ്തിരുന്നു. അഞ്ചാം ടി20യില്‍ ഒഴികെ മറ്റെല്ലാ ഇന്നിങ്സുകളിലും തന്റെ സ്കോര്‍ 25 കടത്താൻ ഇടം കയ്യൻ ബാറ്റർക്ക് സാധിച്ചു. ഇംപാക്റ്റ്ഫുള്ളായ ഇന്നിങ്സ് സെഞ്ചുറിയാണ്.
ഇനി നായകൻ ശ്രേയസ് അയ്യര്‍, 126 റണ്‍സാണ് പര്യടനത്തിലെ ആകെ നേട്ടം. ഹാമില്‍ട്ടണില്‍ അര്‍ദ്ധ സെഞ്ചുറി. എട്ട് മത്സരങ്ങള്‍ക്ക് ശേഷമാണ് ശ്രേയസ് തന്റെ സ്കോര്‍ 50ലെത്തിക്കുന്നത്. ആദ്യ ടി20യില്‍ 28 പന്തില്‍ 42 റണ്‍സുമായി റണ്‍ചെയ്സില്‍ നിർണായക പങ്ക് വഹിക്കാൻ ശ്രേയസിന് കഴിഞ്ഞിരുന്നു. മറ്റ് മൂന്നിലും ശ്രേയസിന്റെ ക്രീസിലെ സാന്നിധ്യമൊരു ഷോർട്ട് സ്റ്റേയായിരുന്നു.
രണ്ടാം ടി20യില്‍ പരാജയത്തിന്റെ വക്കില്‍ നിന്ന് ഇന്ത്യയെ കൈപിടിച്ചുകയറ്റിയ അസാധാരണമായ ഇന്നിങ്സാണ് തിലക് വർമയ്ക്ക് പര്യടനത്തില്‍ ഓർത്തുവെക്കാനുള്ളത്. അഞ്ച് കളികളില്‍ നിന്ന് 122 സ്ട്രൈക്ക് റേറ്റില്‍ 99 റണ്‍സാണ് തിലകിന്റെ സമ്പാദ്യം. ഇനി ഇഷാൻ കിഷനിലേക്ക് എത്തിയാല്‍ അവസാന ടി20യില്‍ അർദ്ധ ശതകം, മറ്റ് രണ്ട് ടി20കളിലെ സ്കോറുകള്‍ പൂജ്യവും ഒന്നുമാണ്. വൈഭവിന് തിളങ്ങാനായത് വെല്ലിങ്ടണില്‍, 19 പന്തില്‍ 45 റണ്‍സ്. അക്സര്‍ പട്ടേലിനാകട്ടെ ബാറ്ററെന്ന ലേബലില്‍ ഓർത്തുവെക്കാൻ ഒന്നുമുണ്ടായിരുന്നില്ല, ആകെ 42 റണ്‍സ്.
നമനേയും അഭിഷേകിനെയും മാറ്റിനിർത്തിയാല്‍ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പില്‍ ഒന്നിലധികം മത്സരങ്ങളില്‍ ഇംപാക്റ്റ്ഫുള്ളായ കോണ്ട്രിബ്യൂഷൻ നല്കിയവരില്ലാ എന്ന് കാണാനാകും. സമാനമാണ് സഞ്ജുവിന്റെ സ്ഥിതിയും. അഞ്ച് കളികളില്‍ നിന്ന് 142 സ്ട്രൈക്ക് റേറ്റില്‍ 107 റണ്‍സാണ് പരമ്പരയില്‍ സ്കോര്‍ ചെയ്തത്. ക്രൈസ്റ്റ് ചര്‍ച്ചിലെ ആദ്യ ടി20യില്‍ നേടിയ അർദ്ധ സെഞ്ചുറി, 33 പന്തില്‍ 67 റണ്‍സ്. ഇന്ത്യൻ വിജയത്തില്‍ നിർണായകമായ ഇന്നിങ്സ്.
പിന്നീട് ബാറ്റ് ചെയ്ത നാല് മത്സരങ്ങളില്‍ 40 റണ്‍സ്, മൂന്നാം ടി20യില്‍ വൈഭവിനായി ഓപ്പണിങ് സ്ഥാനം വിട്ടുനല്‍കുകയും ചെയ്യേണ്ടതായി വന്നു. മറ്റെല്ലാ ബാറ്റർമാരെയും പരിഗണിക്കുമ്പോള്‍ സഞ്ജുവിന്റെ പ്രകടനവും ശരാശരിയില്‍ തന്നെയാണ് ഒതുങ്ങിയത്. ഓവർസീസ് കണ്ടീഷനുകളില്‍ ആരും അത്ര എക്സ്ട്രാ ഓർഡിനറിയായിരുന്നില്ല എന്ന വസ്തുതകൂടി ചേർത്ത് വെക്കുമ്പോള്‍ നേരിടുന്ന വിമർശനങ്ങള്‍ സഞ്ജു അർഹിക്കുന്നില്ല എന്ന് ബോധ്യമാകും.
എന്നാല്‍, ഇന്ത്യയെ സംബന്ധിച്ച് ഈ പരമ്പരയ്ക്ക് പ്രാധാന്യമുണ്ടായിരുന്നു. അത് 2028 ടി20 ലോകകപ്പാണ്. ടൂർണെന്റിന് സഹ ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളിലൊന്ന് ന്യൂസിലൻഡാണ്. അതുകൊണ്ട് ന്യൂസിലൻഡിലെ സാഹചര്യങ്ങളില്‍ തിളങ്ങാൻ കഴിയുന്നവർക്ക് തീർച്ചയായും ലോകകപ്പ് ടീം സെലക്ഷനില്‍ മുൻതൂക്കമുണ്ടാകുമായിരുന്നു. ഇവിടെയാണ് സഞ്ജു ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ബാറ്റർമാരും പരാജയപ്പെട്ടത്.
ഇനി ഇന്ത്യയുടെ അടുത്ത പരമ്പര ഡിസംബറില്‍ ശ്രീലങ്കയ്ക്ക് എതിരെയാണ്, മൂന്ന് മത്സരങ്ങള്‍. രാജ്കോട്ടിലും കട്ടക്കിലും പൂനെയിലുമാണ് മത്സരങ്ങള്‍.






