ഒന്നരപതിറ്റാണ്ടിലധികമായി ഇരുവര്‍ക്കും ഒപ്പം സഞ്ചരിച്ച ഇന്ത്യൻ ക്രിക്കറ്റ് ആരാധകര്‍ക്ക് മുന്നില്‍ വൈകാരിക വേലിയേറ്റങ്ങളുടെ നാളുകളാണ് ഇനി. രോ-കോയ്ക്ക് എത്രത്തോളം നിര്‍ണായകമാണ് ഈ വര്‍ഷം
12 മാസങ്ങള്‍, പരമാവധി 18 ഏകദിന രാവുകള്‍. രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്ലിക്കും 2026 കാത്തുവെച്ചിരിക്കുന്നത് ഇത്രയുമാണ്. ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും നമീബിയയും ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന 2027 ഏകദിന ലോകകപ്പ്, അത് മാത്രമാണ് ഇതിഹാസങ്ങളുടെ ലക്ഷ്യം. യാത്ര പൂര്‍ണതയിലെത്താം, പടിയിറക്കമാകാം, ഒരാള്‍ മാത്രം മുന്നോട്ട് സഞ്ചരിച്ചേക്കാം...
ഒന്നരപതിറ്റാണ്ടിലധികമായി ഇരുവര്‍ക്കും ഒപ്പം സഞ്ചരിച്ച ഇന്ത്യൻ ക്രിക്കറ്റ് ആരാധകര്‍ക്ക് മുന്നില്‍ വൈകാരിക വേലിയേറ്റങ്ങളുടെ നാളുകളാണ് ഇനി. രോ-കോയ്ക്ക് എത്രത്തോളം നിര്‍ണായകമാണ് ഈ വര്‍ഷമെന്ന് പരിശോധിക്കാം.
ടെസ്റ്റ്, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ നിന്നുള്ള വിരമിക്കലിനും ചാമ്പ്യൻസ് ട്രോഫി വിജയത്തിനും ശേഷം രോഹിതിനേയും കോഹ്ലിയേയും പോലെ സമ്മര്‍ദം തേടിയെത്തിയ താരങ്ങള്‍ ചുരുക്കമാണ്. പ്രായം, കായികക്ഷമത, ഫോമിനെക്കുറിച്ചുള്ള ആശങ്കകള്‍, പുതുതലമുറയുടെ കടന്നുവരവ്...അങ്ങനെ ഇരുവര്‍ക്കും മുന്നില്‍ തെളിഞ്ഞതൊന്നും അനുകൂലഘടകങ്ങളായിരുന്നില്ല. പക്ഷേ, തങ്ങളുടെ വിധിയെഴുതാൻ മറ്റാരും മഷിക്കുപ്പിയെടുക്കേണ്ടതില്ലെന്ന് ബാറ്റുകൊണ്ട് ഇരുവരും പറഞ്ഞുവെച്ചു. 2025 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവ് കാലചക്രത്തിനെ പിന്നോട്ട് അടിപ്പിക്കും പോലായിരുന്നു ഇരുവരുടേയും പ്രകടനങ്ങള്‍.
അവിടം കൊണ്ട് അവസാനിക്കുന്നതല്ല ഒന്നും. 2027 ലോകകപ്പ് വരെ തുടരാൻ സ്ഥിരതയും ഫോമും ഫയറും വേണം. അതിന് മുന്നിലുള്ളത് ചുരുങ്ങിയ അവസരങ്ങളാണ്. ബിസിസിഐയുടെ വെബ്‌സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം 2026ല്‍ സ്ഥിരീകരിച്ചിട്ടുള്ളത് രണ്ട് ഏകദിന പരമ്പരകള്‍ മാത്രമാണ്. ഒന്ന് ജനുവരിയില്‍ നടക്കാനിരിക്കുന്നത് ന്യൂസിലൻഡ് പരമ്പര, രണ്ട് ജൂലൈയിലെ ഇംഗ്ലണ്ട് പര്യടനം. സെപ്തംബറില്‍ ബംഗ്ലാദേശ് പര്യടനം, ഒക്ടോബറില്‍ വിൻഡിസ് പരമ്പര, നവംബറില്‍ ന്യൂസിലൻഡ് പര്യടനം, ഡിസംബറില്‍ ശ്രീലങ്കൻ പരമ്പര.
എല്ലാ പരമ്പരകളിലും മൂന്ന് മത്സരങ്ങള്‍ വെച്ചാണ്. ജൂണില്‍ അഫ്ഗാനിസ്ഥാനെതിരായി ഏകദിന പരമ്പരയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ബിസിസിഐയുടെ കലണ്ടറില്‍ രേഖപ്പെടുത്തിയിട്ടില്ല. ന്യൂസിലൻഡ്, ഇംഗ്ലണ്ട് പരമ്പരകളൊഴികെയൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പരമാവധി 15 മുതല്‍ 18 മത്സരങ്ങള്‍ വരെയെന്ന് കണക്കുകൂട്ടാം. 2027 ലോകകപ്പ് വര്‍ഷമായതുകൊണ്ട് തന്നെ ഏകദിന ഫോര്‍മാറ്റിലുള്ള ഏഷ്യ കപ്പുമാത്രമായിരിക്കും പ്രധാനപ്പെട്ടത്. ലോകകപ്പിന് മുൻപ് ഒരു പരമ്പരയും ഉണ്ടായേക്കും.
2026ല്‍ തിളങ്ങുന്നവരായിരിക്കും ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കുക, 2023ലും സംഭവിച്ചത് ഇതുതന്നെയായിരുന്നു. പോയ വര്‍ഷം മുന്നില്‍ വന്ന ചോദ്യങ്ങള്‍ക്കൊക്ക് രോഹിതിനും കോഹ്ലിക്കും ഉത്തരമുണ്ടായിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിലും ദക്ഷിണാഫ്രിക്കൻ പരമ്പരയിലും ഇരുവരും തിളങ്ങി. രോഹിത് ഓസ്ട്രേലിയയില്‍ പരമ്പരയിലെ താരമായി, കോഹ്ലി ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും. രോഹിത് ആറ് ഇന്നിങ്സുകളില്‍ നിന്ന് 348 റണ്‍സ്, കോഹ്ലി 376 റണ്‍സ്. 2025ല്‍ ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയത് കോഹ്ലിയും രോഹിതുമായിരുന്നു, 651 റണ്‍സും 650ഉം. ഇത് 2026ലും ആവര്‍ത്തിക്കേണ്ടതുണ്ട് ഇരുവര്‍ക്കും.
ഇരുവര്‍ക്കും മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി പ്രായമോ ഫോമോ ഒന്നുമല്ല. ഇവ രണ്ടിനേയും അനായാസം മറികടക്കാൻ കഴിയുമെന്ന് തെളിയിച്ചു കഴിഞ്ഞു. വിജയ് ഹസാരെ ട്രോഫിയിലെ ഇന്നിങ്സുകള്‍ തന്നെ ഉദാഹരിക്കാം. യുവതാരങ്ങളുടെ നീണ്ട നിര തന്നെ ഇരുവര്‍ക്കും പിന്നിലായുണ്ട്. ഓപ്പണിങ് സ്ഥാനത്തേക്ക് നോക്കിയാല്‍ യശസ്വി ജയ്സ്വാള്‍, അഭിഷേക് ശര്‍മ, ഇഷാൻ കിഷൻ തുടങ്ങിയവരുടെ നിര. ജയ്സ്വാളാണ് ഈ നിരയില്‍ മുന്നിലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇഷാനാണ് തൊട്ടുപിന്നില്‍, 2023 ലോകകപ്പിലടക്കം ഇന്ത്യക്കായി ഓപ്പണ്‍ ചെയ്ത താരമാണ് ഇഷാൻ, അഭിഷേകിന്റെ സാധ്യതയും തള്ളിക്കളയാനാകില്ല.
കോഹ്ലിയുടെ സ്ഥാനത്തിനുമുണ്ട് പിൻമുറക്കാര്‍. റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, സര്‍ഫറാസ് ഖാൻ എന്നിങ്ങനെ നീളുന്നു. നിലവില്‍ നാലാം സ്ഥാനത്തിറങ്ങുന്ന റുതുരാജ് ശ്രേയസ് മടങ്ങിയെത്തുന്നതോടെ പുറത്തിരിക്കേണ്ടി വന്നേക്കാം. ഉപനായകൻ കൂടിയാണ് ശ്രേയസ്. കോഹ്ലിക്ക് സമാനമായ ശൈലിയാണ് റുതുരാജിന്റേത്. താരത്തിന്റെ പിൻഗാമിയായി ഇതിനോടകം തന്നെ പണ്ഡിതന്മാര്‍ റുതുരാജിനെ വിലയിരുത്തുന്നുണ്ട്. മേല്‍പ്പറഞ്ഞ താരങ്ങളെല്ലാം ഇന്ത്യൻ ക്രിക്കറ്റിനെ ഭാവിയില്‍ നയിക്കേണ്ടവരാണ്, എത്രകാലം കാണിയാക്കി പുറത്തിരുത്തുമെന്ന ചോദ്യമുണ്ട്.
പക്ഷേ, രോഹിതിന്റേയും കോഹ്ലിയുടേയും പരിചയസമ്പത്തും കളത്തിലെ സ്വാധീനവും മറ്റാരുടെ പേരുവെച്ചും അളക്കാൻ സാധിക്കുന്ന ഒന്നല്ല. അത് കഴിഞ്ഞ പരമ്പരകള്‍ തെളിയിക്കുകയും ചെയ്തു. രോഹിത് 2023ന് മുൻപുള്ള ശൈലിയിലേക്ക് ചുവടുമാറിയതും കോഹ്ലി ഫോമിലേക്ക് മടങ്ങിയെത്തിയതും ഇന്ത്യയുടെ ബാറ്റിങ് നിരയുടെ കരുത്ത് കൂട്ടിയിട്ടുണ്ട്. ബാറ്റിങ്ങില്‍ മാത്രമല്ല, ലോകകപ്പിലേക്ക് ഗില്‍ എന്ന നായകനെ പരുവപ്പെടുത്തുന്നതിലും രോ-കോ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. അത് ഈ വര്‍ഷമുടനീളം തുടരേണ്ടത് നിര്‍ണായകമാണ്.
രോഹിതും കോഹ്ലിയും ട്രയലില്‍ അല്ല എന്ന് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറയുമ്പോഴും ഈ വര്‍ഷം നടക്കാനിരിക്കുന്ന ഓരോ പരമ്പരയും മത്സരവും ഇരുവര്‍ക്കും കരിയറിനെ ഡിഫൈൻ ചെയ്യുന്നതാകും. തുടരെ രണ്ട് പരമ്പരകളില്‍ ഫോം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍, മറ്റൊരു അവസരം തേടിയെത്തിയേക്കില്ല. റണ്‍സ് പ്രധാനമാണ്, റണ്‍സ് നേടുന്ന വിധവും നിര്‍ണായകമാണ്, ആധുനിക ക്രിക്കറ്റില്‍ സ്ട്രൈക്ക് റേറ്റിന്റെ പ്രധാന്യം പറയേണ്ടതില്ലല്ലോ. 2027 ലോകകപ്പാണ് പടിയിറക്കത്തിന് ഏറ്റവും അനുയോജ്യമായ വേദി, ഒന്നരവര്‍ഷത്തെ ദൂരമുണ്ട്, ഓസ്ട്രേലിയൻ പര്യടനവും ദക്ഷിണാഫ്രിക്കൻ പരമ്പരയും നിരന്തരം ആവര്‍ത്തിക്കേണ്ടതുണ്ട്.


