ടി20 ലോകകപ്പില്‍ ഒന്നാം വിക്കറ്റ് കീപ്പറിന്റെ സ്ഥാനം സുരക്ഷിതമായി സഞ്ജുവിന്റെ കൈകളിലാണെന്നാണ് നായകൻ സൂര്യകുമാര്‍ യാദവ് പറയുന്നത്. അതിനായി കിവീസ് പരമ്പര വരെ കാത്തിരിക്കേണ്ടി വന്നേക്കാം

Once the brightest cricketing hope, but still India's most mismanaged talent - മലയാളിതാരം സഞ്ജു സാംസണിനെക്കുറിച്ചാണ്. പ്രതിഭാധാരാളിത്തം ഏറെ ഉണ്ടായിട്ടും കണ്ടില്ലെന്ന് നടിച്ചതോ കാണാൻ മടിച്ചതോ എന്നറിയില്ല, ഇന്നും ഇന്ത്യൻ ക്രിക്കറ്റിന് കൃത്യമായി ഉപയോഗിക്കാൻ കഴിയാതെ പോകുന്നു അയാളെ. 2026 സഞ്ജുവിന്റെ കരിയറിന്റെ വിധിയെഴുതുന്ന വര്‍ഷമായിരിക്കും. ട്വന്റി 20 ലോകകപ്പ്, ഇന്ത്യൻ ടീമിലെ സ്ഥാനം നിശ്ചയിക്കപ്പെടും വരുന്ന രണ്ട് മാസങ്ങളില്‍, പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ഐപിഎല്‍, അതും സാക്ഷാല്‍ എം എസ് ധോണിയുടെ പിൻഗാമിയായി. സഞ്ജുവിന് എത്രത്തോളം നിര്‍ണായകമാണ് 2026.

ട്വന്റി 20 ലോകകപ്പില്‍ ഒന്നാം വിക്കറ്റ് കീപ്പറിന്റെ സ്ഥാനം സുരക്ഷിതമായി സഞ്ജുവിന്റെ കൈകളിലാണെന്നാണ് നായകൻ സൂര്യകുമാര്‍ യാദവ് പറയുന്നത്. എത്രത്തോളം സുരക്ഷ അതിനുണ്ട് എന്നത് ജനുവരി അവസാന വാരം ആരംഭിക്കുന്ന ന്യൂസിലൻഡ് പരമ്പര പറയും. കാരണം, ഇഷാൻ കിഷൻ എന്ന പേരുതന്നെയാണ്. ഫോമിന്റെ തുലാസില്‍ അളന്നാല്‍ സഞ്ജുവിനേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇഷാൻ എന്ന് പറയേണ്ടി വരും. ഇഷാനെ ടീമില്‍ ഉള്‍പ്പെടുത്താൻ പ്രേരിപ്പിക്കുന്ന ഘടകവും അതാണ്. എന്നിരുന്നാലും, സഞ്ജുവിനൊപ്പം ചില ആനുകൂല്യങ്ങളുണ്ട്.

അതില്‍ മുൻപന്തിയിലുള്ളത്, അഭിഷേക് ശർമയ്ക്ക് ഒപ്പം ഓപ്പണറായുള്ള തിളക്കം തന്നെയാണ്. അഭിഷേക് - സഞ്ജു സഖ്യം നല്‍കുന്ന മുൻതൂക്കം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി മറ്റൊരു ഓപ്പണിങ് ദ്വയത്തിനും നല്‍കാനായിട്ടില്ല. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ട്വന്റി 20. ഇരുവരും ക്രീസിലുള്ളപ്പോള്‍ ഇന്ത്യയുടെ റണ്‍റേറ്റ് പത്തിന് മുകളില്‍ സ്ഥിരതയോടെ തുടരുന്നു. അഭിഷേകിനേക്കാള്‍ സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാനുള്ള മികവും സഞ്ജുവിനുണ്ട്.

ഫോര്‍മാറ്റില്‍ ഓപ്പണറായി മൂന്ന് സെഞ്ചുറികള്‍ എന്നത് ലോക ക്രിക്കറ്റില്‍ പോലും വിരളമായി സംഭവിച്ചിട്ടുള്ളതാണ്. ദൈര്‍ഘ്യമേറിയ ഇന്നിങ്സ് കളിക്കാനുള്ള വൈഭവവും സഞ്ജുവിനുണ്ടെന്ന് ആ മുന്ന് ഇന്നിങ്സുകള്‍ അടിവരയിട്ട് പറയുന്നു. എങ്കിലും ന്യൂസിലൻഡ് പരമ്പരയില്‍ സ്ഥിരതയോടെ ബാറ്റ് വീശുക എന്നത് സഞ്ജുവിനെ സംബന്ധിച്ച് ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ഏഷ്യ കപ്പ് മുതല്‍ ദക്ഷിണാഫ്രിക്കൻ പരമ്പര വരെ കൃത്യമായ ഒരു ബാറ്റിങ് പൊസിഷനില്‍ ക്രീസിലെത്താൻ സഞ്ജുവിന് സാധിച്ചിട്ടില്ല. ഓപ്പണിങ് സ്ഥാനം തിരികെ ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലാകും കിവീസിനെതിരെ സഞ്ജു മൈതാനത്ത് എത്തുക.

ന്യൂസിലൻഡ് പരമ്പര ട്വന്റി 20 ലോകകപ്പിന്റെ ട്രെയിലറായിരിക്കുമെന്നും പറയാം. വലിയ പരീക്ഷണങ്ങളുണ്ടായേക്കില്ല പരിശീലകൻ ഗൗതം ഗംഭീറില്‍ നിന്ന്. എങ്കിലും ഓപ്പണറായി ക്രീസിലെത്തി പരാജയപ്പെട്ടാല്‍ അത് മുന്നോട്ടുള്ള യാത്രയെ ദുര്‍ഘടമാക്കിയേക്കും. തിളങ്ങിയാലോ, ഒരു തിരിഞ്ഞുനോട്ടത്തിന്റെ ആവശ്യം കരിയറിലുണ്ടാകില്ല, നിറങ്ങള്‍ മങ്ങുകയുമില്ല. സഞ്ജുവിന്റെ 2026ലെ മറ്റൊരു നിര്‍ണായകമായ അധ്യായം ഐപിഎല്‍ ആണ്. അഞ്ച് കിരീടങ്ങള്‍ ചൂടിയ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം ആദ്യ സീസണ്‍ കാത്തിരിക്കുന്നു.

രവീന്ദ്ര ജഡേജ എന്ന തങ്ങളുടെ ഇതിഹാസത്തെ കൈമാറിയാണ് സഞ്ജുവിനെ ചെന്നൈയിലേക്ക് മാനേജ്മെന്റ് എത്തിച്ചത്. അതിന് പിന്നില്‍ കൃത്യമായ കാരണങ്ങളും കണക്കുകൂട്ടലുകളുമുണ്ട്. ധോണിയുടെ പിൻഗാമിയെ കണ്ടെത്താനുള്ള ദീര്‍ഘകാലമായുള്ള ചെന്നൈയുടെ യാത്ര ധോണിയില്‍ തന്നെ അവസാനിക്കുന്നതായിരുന്നു ഇതുവരെയുള്ള ചരിത്രം. എന്നാല്‍, സഞ്ജുവിന്റെ വരവോടെ അതിന് പുതിയ ദിശ കൈവരിച്ചിരിക്കുകയാണ്. 2026 ഐപിഎല്‍ ഒരുപക്ഷേ, ധോണിയുടെ കരിയറിലെ അവസാന ക്രിക്കറ്റ് സീസണ്‍ കൂടിയായിരിക്കും. ശേഷമാര് എന്ന ചോദ്യത്തിന് ഉത്തരം സഞ്ജുവെന്ന് തന്നെയാണ്.

ചെപ്പോക്കില്‍ സഞ്ജുവിനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ തന്നെയാണ്. പ്രത്യേകിച്ചും ബാറ്ററെന്ന നിലയില്‍. ചെപ്പോക്കില്‍ സഞ്ജുവിന് മികച്ച റെക്കോര്‍‍ഡില്ല എന്നതാണ് കാരണം. 11 ഇന്നിങ്സുകളില്‍ നിന്ന് നേടിയത് 134 റണ്‍സ് മാത്രമാണ്. സ്ട്രൈക്ക് റേറ്റ് നൂറും. സ്പിന്നിന് അനുകൂലമായ വിക്കറ്റാണ് ചെപ്പോക്കിലേത്. സ്പിന്നര്‍മാര്‍ക്കെതിരെ കരിയറില്‍ ആധിപത്യം പുലര്‍ത്താൻ കഴിഞ്ഞ താരമായിട്ടുകൂടി സഞ്ജുവിന് തിളങ്ങാൻ സാധിച്ചിട്ടില്ല. ഇത് തിരുത്തുക എന്നതാണ് മുൻ ചാമ്പ്യന്മാര്‍ക്കൊപ്പമുള്ള ആദ്യ സീസണിലെ വെല്ലുവിളിയിലൊന്ന്.

സഞ്ജുവില്‍ ചെന്നൈയുടെ ഭാവി കാണുന്നുവെന്നാണ് മാനേജ്മെന്റ് ട്രേഡിന് ശേഷം വ്യക്തമാക്കിയത്. അതുകൊണ്ട് വരാനിരിക്കുന്ന സീസണുകളില്‍ നായകനായും സഞ്ജുവിനെ പ്രതീക്ഷിക്കാം. വിക്കറ്റിന് പിന്നിലും നായകനായും ധോണിയുടെ വിടവ് നികത്തേണ്ട ഉത്തരവാദിത്തം കയ്യിലെത്തും. അത് ആര്‍ക്കും എളുപ്പമുള്ള ഒന്നല്ല. ചെന്നൈയുടെ നിര യുവതാരങ്ങളാല്‍ സമ്പന്നമാണ്, രാജസ്ഥാൻ റോയല്‍സില്‍ സമാന അനുഭവമാണ് താരത്തിനുണ്ടായത്, അതുകൊണ്ട് കാര്യങ്ങള്‍ അത്ര കഠിനമായേക്കില്ല. ട്വന്റി 20 ലോകകപ്പിലെ മികച്ച പ്രകടനവും ഐപിഎല്ലിലും തിളങ്ങാനായാല്‍, സഞ്ജുവിന്റെ കരിയറിലെ ഏറ്റവും തിളക്കമാര്‍ന്ന താളായി 2026 മാറും.