
ബാര്‍ബഡോസിലെ ട്വന്റി 20 ലോകകപ്പ് വിജയത്തിന് ശേഷം നിറകണ്ണുകളോടെ മുഹമ്മദ് സിറാജ് പറഞ്ഞ ഒരു വാചകമുണ്ട്, I only believe in Jassi Bhai, because he is a game changing player!
ഇംഗ്ലണ്ടിനെ 407 റണ്‍സിന് പുറത്താക്കി ശക്തമായ ലീഡുമായി എഡ്‌ജ്‌ബാസ്റ്റണില്‍ മൂന്നാം ദിനം ഇന്ത്യ അവസാനിപ്പിക്കുകയായിരുന്നു. ജസ്പ്രിത് ബുംറയുടെ അഭാവത്തില്‍ പേസ് നിരയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത സിറാജ് തന്റെ ദൗത്യം ഭംഗിയായി നിര്‍വഹിച്ചു, ആറ് വിക്കറ്റുകള്‍. ശേഷം നടന്ന സിറാജിന്റെ അഭിമുഖത്തിനിടെ ഇന്ത്യയുടെ യുവപേസറായ അര്‍ഷദീപ് സിങ്ങിന്റെ രസകരമായ ഇടപെടലുണ്ടായി.
സിറാജിനോട് ബാര്‍ബഡോസിലെ ഡയലോഗ് ഇങ്ങനെ മാറ്റിപ്പറയാൻ അര്‍ഷദീപ് നിര്‍ദേശിച്ചു. I only believe in myself and Jassi bhai. ഞാൻ എന്നിലും ജസി ഭായിയിലും മാത്രമെ വിശ്വസിക്കു എന്ന്. അര്‍ഷദീപ് തമാശരൂപേണ പറഞ്ഞതായിരുന്നെങ്കിലും അത് തന്നെയായിരുന്നു യാഥാര്‍ത്ഥ്യം.
കഴിഞ്ഞ അഞ്ച് വര്‍ഷം പരിശോധിച്ചാല്‍ ഇന്ത്യയുടെ വിവിധ ഫോര്‍മാറ്റുകളിലെ പേസ് നിരയിലെ പ്രധാനികള്‍ ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് ത്രയമായിരുന്നു. ഇന്ത്യയുടെ നീലയിലും വെള്ളയിലും ഒരുപോലെ തെളിഞ്ഞ പേരുകള്‍. ബുംറയും ഷമിയും നിരന്തരം പരുക്കുകളോട് പോരാടിയപ്പോള്‍ സിറാജ് നിലകൊണ്ടു. ഒരിക്കലും ജോലിഭാരവുമായി സിറാജിന്റെ പേര് ചേര്‍ക്കപ്പെട്ടില്ല.
2021 മുതല്‍ എഡ്‍ജ്‍ബാസ്റ്റണ്‍ ടെസ്റ്റ് വരെയുള്ള കണക്കുകളെടുത്താല്‍ 920.5 ഓവറുകളാണ് ടെസ്റ്റ് ക്രിക്കറ്റില്‍ സിറാജ് എറിഞ്ഞിട്ടുള്ളത്, അതായത് 5,520 ലീഗല്‍ ഡെലിവെറികള്‍. ബുംറ സമാന കാലയളവില്‍ 897 ഓവറുകളാണ് എറിഞ്ഞത്. 2023ന് ശേഷം ടെസ്റ്റ് ടീമിലെത്താത്ത ഷമി 418 ഓവറുകളിലും ഇന്ത്യയ്ക്കായി പന്തെടുത്തു. സിറാജ് 104 വിക്കറ്റ് , ബുംറ 134 വിക്കറ്റ്, ഷമി 49 വിക്കറ്റ്. വിക്കറ്റില്‍ പിന്നിലാണെങ്കിലും സിറാജിന്റെ അത്രയും മത്സരങ്ങളും ഓവറുകളും ഇരുവരും എറിഞ്ഞിട്ടില്ല.
സിറാജിന്റെ കരിയര്‍ പരിശോധിക്കുമ്പോള്‍ ഉത്തരവാദിത്തം അയാളിലെ ബൗളറെ കൂടുതല്‍ മെച്ചപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. അത് ശരി വെക്കുന്നതാണ് ബുംറയില്ലാത്തപ്പോഴും ബുംറയും ഷമിയുമില്ലാത്തപ്പോഴും സിറാജ് പുറത്തെടുത്ത പ്രകടനങ്ങള്‍. ലൈനിലും ലെങ്തിലും മാത്രം ഒതുങ്ങുന്ന കൃത്യതയല്ല ഇവിടെ കാണാനാകുന്നത് മറിച്ച് വിക്കറ്റ് എടുക്കുന്നതിലും അത് പ്രതിഫലിക്കുന്നു.
ബുംറയോടൊപ്പം 23 മത്സരങ്ങളാണ് സിറാജ് പന്തെറിഞ്ഞിട്ടുള്ളത്. 69 വിക്കറ്റുകള്‍ നേടി. 33.8 ആണ് ശരാശരി. ഒരു തവണ മാത്രം അഞ്ച് വിക്കറ്റ് പ്രകടനം. ഇനി ബുംറയില്ലാതെയുള്ള കണക്കുകള്‍ നോക്കാം. ബുംറയില്ലാതെ 15 മത്സരങ്ങളില്‍ ഇന്ത്യൻ ബൗളിങ് നിരയെ സിറാജ് നയിച്ചു. 40 തവണയാണ് ബാറ്റര്‍മാരെ കൂടാരം കയറ്റിയത്. ശരാശരി 30ല്‍ താഴെയുമാണ്. മൂന്ന് തവണ അഞ്ച് വിക്കറ്റ് പ്രകടനം സിറാജില്‍ നിന്നുണ്ടായി.
ഇനി ബുംറയ്ക്കും ഷമിക്കുമൊപ്പം ആറ് കളികളില്‍ മാത്രമാണ് സിറാജിന് അവസരം ലഭിച്ചിട്ടുള്ളത്. ആറ് മത്സരത്തില്‍ നിന്ന് 20 വിക്കറ്റുകള്‍, ശരാശരി 33. രണ്ട് പേരുടേയും സാന്നിധ്യമില്ലാതെ 12 മത്സരങ്ങളില്‍ നിന്ന് 34 വിക്കറ്റുകള്‍, ശരാശരി 25ലും താഴെ എത്തി നില്‍ക്കുന്നു.
ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത് ഇരുവരുടേയും, ബുംറയുടെ മാത്രവും സാന്നിധ്യത്തിലും, അല്ലാതെയും സിറാജ് വഹിക്കുന്ന വ്യത്യസ്ത റോളുകളാണ്. ബുംറയ്ക്കൊപ്പമാണെങ്കില്‍ സെക്കൻഡ് ബൗളറുടെ ചുമതലയാണ് സിറാജിനുള്ളത്. ബുംറയ്ക്ക് പിന്തുണ കൊടുക്കുക എന്നത് മാത്രമായി ഉത്തരവാദിത്തം ചുരുങ്ങുന്നു. ഷമിയും ബുംറയും ഇലവനിലുള്ളപ്പോള്‍ മൂന്നാം പേസറാണ് സിറാജ്.
സിറാജിന്റെ ഏറ്റവും വലിയ അഡ്വാന്റേജ് ന്യൂബോള്‍ ആണ്. ഇവിടെയാണ് സിറാജ് കൂടുതല്‍ അപകടകാരിയാകുന്നതും. മൂന്നാം പേസറുടെ റോളില്‍ സിറാജിന് ന്യൂ ബോള്‍ ലഭിക്കുന്നത് വിരളമായിരിക്കും. അതുകൊണ്ട് തന്നെ റണ്ണൊഴുക്ക് തടയുക, ബാറ്റര്‍മാരെ സമ്മര്‍ദത്തിലാക്കുക എന്നതായി സിറാജിന്റെ ദൗത്യം ചുരുങ്ങുകയും ചെയ്യും. ഇരുവരുമില്ലാത്ത മത്സരങ്ങളില്‍ സിറാജ് എന്തുകൊണ്ട് ഉയരുന്നുവെന്നത് ഇതിലൂടെ വ്യക്തമാകുന്നു.
അടുത്തിടയായി ഇന്ത്യയ്ക്കായി ഏറ്റവും മികച്ച രീതിയില്‍ ടെസ്റ്റില്‍ പന്തെറിയുന്ന പേസറാണ് സിറാജ്. വിക്കറ്റ് കോളത്തില്‍ മാത്രം പിന്നിലാകുന്നുവെന്നതാണ് താരത്തിനുള്ള ഏക വിമര്‍ശനം. ബോര്‍ഡര്‍-ഗവാസ്ക്കര്‍ ട്രോഫിയില്‍ തന്റെ മികവില്‍ നിന്ന് ഒരുപാട് ദൂരയായിരുന്നിട്ടും 20 വിക്കറ്റുകള്‍ നേടാൻ സിറാജിന് സാധിച്ചിരുന്നു.