
ദീര്‍ഘകാലമായി ഞാൻ ബാലോണ്‍ ഡി ഓര്‍ നേടാൻ കഴിയുന്ന നിലവാരത്തിലാണ് കളിക്കുന്നത്, ഇത്തവണ പുരസ്കാരത്തിന് അര്‍ഹനുമാണ്, സ്പാനിഷ് യുവതാരം ലമീൻ യമാലിന്റെ വാക്കുകളാണ്. അവകാശവാദം ഉന്നയിച്ചുകൊണ്ടുള്ള യമാലിന്റെ ഈ പ്രസ്താവനയ്ക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് അല്‍പ്പം കട്ടി കൂടുതലുമായിരുന്നു. തനിക്കെതിരെ ശബ്ദമുയര്‍ത്തിയവര്‍ക്കായി സെവിയ്യയിലെ മൈതാനം യമാല്‍ മാറ്റിവെച്ചു ഇന്നലെ. യുവേഫ നേഷൻസ് ലീഗില്‍ ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ ആ ഇടം കാല്‍ കളം ഭരിച്ചപ്പോള്‍ പേരിന് നേര്‍ക്ക് വീണത് രണ്ട് ഗോളും ഒരു അസിസ്റ്റും.
ബാലോണ്‍ ഡി ഓറില്‍ പരിഗണിക്കപ്പെടാത്ത ഈ പ്രകടനങ്ങള്‍ക്കൊണ്ട് യമാലിന് വോട്ടിങ്ങില്‍ സ്വാധീനം ചെലുത്താൻ കഴിയുമോ, സുവര്‍ണഗോളം ആ കൈകളിലെത്താനുള്ള സാധ്യത എത്രത്തോളമാണ്.
മൂന്ന് പ്രധാന ക്രൈറ്റീരിയയാണ് ഫ്രാൻസ് ഫുട്ബോള്‍ നിശ്ചയിച്ചിരിക്കുന്നത്. ഒന്ന്, വ്യക്തിഗത പ്രകടനവും സ്വാധീനവും. രണ്ട്, ക്ലബ്ബിനും രാജ്യത്തിനുമൊപ്പമുള്ള കിരീടങ്ങളും ആ നേട്ടങ്ങളിലെ താരത്തിന്റെ പ്രധാന്യവും. മൂന്ന്, ക്ലാസ് ആൻഡ് ഫെയര്‍ പ്ലേ. മൈതാനത്തെ പെരുമാറ്റം, സ്പോര്‍ട്ട്സ്മാൻഷിപ്പ് എന്നിവ. 2025 ഓഗസ്റ്റ് മുതല്‍ 2026 ജൂലൈ വരെയുള്ള കാലയളവാണ് പരിഗണിക്കുന്നതും. ബാഴ്സലോണയ്ക്കൊപ്പമുള്ള ക്ലബ്ബ് സീസണിലെ യമാലിന്റെ പ്രകടനവും സ്പെയിനൊപ്പമുള്ള ലോകകപ്പുമാണ് ഇവിടെ ഏറ്റവും പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത്.
ബാഴ്സലോണയില്‍ ഹൻസി ഫ്ലിക്കിന്റെ സിസ്റ്റത്തിലെ വിങ്ങര്‍ മാത്രമല്ല യമാല്‍. അവരുടെ അറ്റാക്കിങ് സ്ട്രക്ചറിലെ ഏറ്റവും നിര്‍ണായകമായ താരമാണ്. മോസ്റ്റ് ഇൻഫ്ലുവൻഷ്യല്‍ പ്ലെയര്‍ ഓണ്‍ ദ പിച്ച്. വലതുവിങ്ങില്‍ നിന്ന് ബോക്സിലേക്കുള്ള മൂവുകള്‍, വണ്‍ ഓണ്‍ വണ്‍ സിറ്റുവേഷൻസിലെ മികവ്, ഫൈനല്‍ തേഡിലെ അണ്‍പ്രെഡിക്റ്റബിലിറ്റി, ചാൻസുകള്‍ സൃഷ്ടിക്കുന്നത്, എതിര്‍ പ്രതിരോധനിരയെ സ്ട്രെച്ച് ചെയ്യിക്കാനും തന്നിലേക്ക് എത്തിച്ച് സഹതാരങ്ങള്‍ക്ക് സ്പേസ് നേടിക്കൊടുക്കാനുമുള്ള വൈഭവം...അങ്ങനെ നീളുന്നു യമാല്‍ എന്ന അര്‍ക്കിടെക്റ്റിന്റെ ഇംപാക്റ്റ്.
കഴിഞ്ഞ സീസണില്‍ ലാ ലിഗയിലെ മികച്ച താരമായി തിരഞ്ഞെടുക്കുമ്പോള്‍ 27 ഗോള്‍ കോണ്‍ട്രിബ്യൂഷനായിരുന്നു യമാലിന്റെ പേരിലുണ്ടായിരുന്നത്. 16 ഗോളുകളും 11 അസിസ്റ്റും. ബാഴ്സയെ കിരീടം നിലനിര്‍ത്താൻ സഹായിച്ചത് യമാലിന്റെ ബൂട്ടുകളായിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗിലാണെങ്കില്‍ 10 ഗോളും ഏഴ് അസിസ്റ്റും നേടി. ഒരു അറ്റാക്കിങ് പ്ലെയറിനെ സംബന്ധിച്ച് ചാമ്പ്യൻസ് ലീഗിലെ ഈ കണക്കുകള്‍ എലൈറ്റ് ലൈവലില്‍ തന്നെയാണ്. പക്ഷേ, ഇവിടെ യമാല്‍ തിരിച്ചടി നേരിടുന്ന ഒരു ഘടകം കൂടിയുണ്ട്.
അത് ചാമ്പ്യൻസ് ലീഗിലെ ബാഴ്സയുടെ പ്രകടനമാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്ലിക്കിന്റെ സംഘം പുറത്താവുകയായിരുന്നു. ബാലോണ്‍ ഡി ഓറില്‍ ഏറ്റവും നിര്‍ണായകമായ ടൂര്‍ണമെന്റുകളിലൊന്നാണ് ചാമ്പ്യൻസ് ലീഗ്. സ്പെയിനില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നതാണ് ക്ലബ്ബ് തലത്തിലെ യമാലിന്റെ പ്രകടനങ്ങള്‍. ഈ ഒരു വസ്തുത മുന്നിലുണ്ടെങ്കിലും ലോകകപ്പ് നടക്കുന്ന വര്‍ഷങ്ങളില്‍ മറ്റെന്തിനേക്കാള്‍ മുൻതൂക്കം ലോകകപ്പിന് തന്നെയായിരിക്കും. യമാലിന്റെ പ്രസ്താവനയ്ക്ക് പിന്നിലെ ആത്മവിശ്വാസവും ലോകകപ്പാണ്.
ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്നായി 615 മിനുറ്റുകളാണ് സ്പെയിനിനുവേണ്ടി യമാല്‍ കളിച്ചത്. ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ മാത്രമാണ് യമാല്‍ നേടിയത്. ഗോളുകളുടെ എണ്ണത്തിനേക്കാള്‍ വലുതായിരുന്നു യമാല്‍ മൈതാനത്ത് ചെലുത്തിയ സ്വാധീനം. സ്പെയിനിന്റെ അറ്റാക്കിങ് പ്ലേയില്‍ യമാലിന്റെ ഡിസിഷൻ മേക്കിങ്ങും എതിര്‍ ഡിഫൻസിനെ സ്ട്രെച്ച് ചെയ്യാനുള്ള കഴിവുമെല്ലാം ഏറെ നിര്‍ണായകമായിരുന്നു.
ടൂര്‍ണമെന്റിലെ ഫേവറൈറ്റ്സായിരുന്നു ഫ്രാൻസിനെതിരെ സ്പെയിനെ ലീഡിലേക്ക് എത്തിച്ച പെനാലിറ്റി നേടിക്കൊടുത്തതും യമാലായിരുന്നു. ഫൈനലിലെ പ്രകടനമെടുത്താല്‍ ഒരു ബിഗ് ചാൻസ്, കീ പാസുകള്‍, നാല് ഷോട്ടുകള്‍, ഡിഫൻസീവ് കോണ്‍ട്രിബ്യൂഷൻസ്...ഫെറാൻ ടോറസിന്റെ വിജയഗോള്‍ ജനിക്കുന്നത് വലതുവിങ്ങില്‍ യമാലിന്റെ ബൂട്ടില്‍ നിന്നാണ്, ശേഷമാണ് പെഡ്രൊ പോറോയിലേക്കും നിക്കോ വില്യംസിലേക്കും പന്തെത്തുന്നത്. യമാലിലേക്ക് അര്‍ജന്റീനൻ പ്രതിരോധന നിര കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും ഗോളിലേക്ക് വഴിവെച്ചു.
എന്നിരുന്നാലും ലോകകപ്പിലെ ഏറ്റവും മികച്ച താരം യമാലായിരുന്നില്ല, സ്പെയിന്റെ റോഡ്രിയായിരുന്നു. എംബാപെ ഗോള്‍ഡൻ ബൂട്ടും സ്വന്തമാക്കി. കുബാര്‍സി യുവതാരവും. പക്ഷേ, ബാഴ്സലോണ, ലാ ലിഗ, ചാമ്പ്യൻസ് ലീഗ്, സ്പെയിൻ, ലോകകപ്പ് - ഈ ടോട്ടല്‍ ഇക്വേഷൻ നോക്കുമ്പോള്‍ യമാലിന് സാധ്യതയുണ്ട്.
ഇനി നടപ്പ് സീസണിന്റെ സ്വാധീനം. ലാ ലിഗയില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളും നാല് അസിസ്റ്റും. ചാമ്പ്യൻസ് ലീഗില്‍ ഒരു ഗോളും രണ്ട് അസിസ്റ്റും. നേഷൻസ് ലീഗില്‍ രണ്ട് മത്സരങ്ങളില്‍ മൂന്ന് ഗോളും ഒരു അസിസ്റ്റും. ആകെ 10 മത്സരങ്ങളില്‍ നിന്ന് 18 ഗോള്‍ കോണ്‍ട്രിബ്യൂഷൻസ്. ബലോണ്‍ ദി ഓറിന് പരിഗണിക്കപ്പെടില്ലെങ്കിലും യമാലിന്റെ നിലവിലെ പ്രകടനങ്ങള്‍ വോട്ടിങ്ങിനെ സ്വാധീനിക്കാൻ കെല്‍പ്പുള്ളതാണ്.
ബലോണ്‍ ഡി ഓറിന്റെ മൂന്ന് ക്രൈറ്റീരയകളും യമാലിന്റെ കാര്യത്തില്‍ അനുകൂലമാണ്. യമാലിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഹാരി കെയിനും കിലിയൻ എംബാപയും ഗോളടിയുടെ കാര്യത്തില്‍ ലോകകപ്പിലും ക്ലബ്ബ് തലത്തിലും വലിയ ഇംപാക്റ്റുണ്ടാക്കിയ താരങ്ങളാണ്. എംബാപെ ലോകകപ്പിന്റെ ചരിത്രത്തിലെ ടോപ് സ്കോററാകുകയും രണ്ടാം തവണയും ടൂര്‍ണമെന്റിലെ ഗോള്‍ഡൻ ബൂട്ട് നേടുകയും ചെയ്തു, ചാമ്പ്യൻസ് ലീഗിലും ടോപ് സ്കോററായി. കെയിനാകട്ടെ യൂറോപ്പിലെ ടോപ് സ്കോറര്‍. ഇരുവരുടേയും സാധ്യതകള്‍ കുറയ്ക്കുന്നത് കിരീടങ്ങളുടെ അഭാവമാണ്...
യമാലാകട്ടെ 2025 ബലോണ്‍ ഡി ഓര്‍ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു, അതിലും മികച്ച നേട്ടവുമായാണ് ഇക്കുറി എത്തുന്നതും...അതുകൊണ്ട് യമാലിന് സാധ്യതയേറെയാണ്...