സൈക്ലിംഗ്‌ പരിശീലനം നടത്തിയതിന്‌ നാട്ടുകാര്‍ കല്ലെറിഞ്ഞു, ഫാരിബയും സഹോദരിയും ഇന്ന്‌ രാജ്യാന്തര താരങ്ങള്‍!

Published : Sep 24, 2026, 09:02 PM IST
FARIBA HASHIMI

Synopsis

2021 ല്‍ താലിബാന്‍ അഫ്‌ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതോടെ ഫാരിബയും സഹോദരിയും അവരുടെ കായിക സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലായി. അപ്പോഴാണ്‌, മുന്‍ ഇറ്റാലിയന്‍ സൈക്ലിംഗ്‌ ചാമ്പ്യനായ അലസാന്ദ്ര കാപ്പെലോട്ടോ ദൈവദൂതനെ പോലെ സഹായഹസ്‌തം നീട്ടുന്നത്‌.

ഫാരിബ ഹാഷിമി - അതൊരു വെറും പേരല്ല, താലിബാന്‍ ഭരണകൂടം അഫ്‌ഗാനിസ്ഥാനിലെ സ്‌ത്രീകള്‍ക്ക്‌ നിഷേധിച്ച സ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ ലോകം കാണ്‍കെ പോരാട്ടം നടത്തുന്ന വിപ്ലവകാരിയുടെ നാമധേയമാണത്‌.ജപ്പാനിലെ ഐചി നഗോയ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ സൈക്ലിംഗില്‍ വ്യക്തിഗത റോഡ്‌ റേസില്‍ വെള്ളി മെഡല്‍ നേടിയ ഫാരിബ ഹാഷിമിയെന്ന ഇരുപത്തിമൂന്നുകാരിയുടെ സ്ഥാനം ഈ ലോകത്തിന്റെ നെറുകയിലാണ്‌.

അഫ്‌ഗാനിസ്ഥാനിലെ ഫര്യാബ്‌ പ്രവിശ്യയിലാണ്‌ ഫാരിബ ജനിച്ചത്‌. പതിനഞ്ചാമത്തെ വയസിലാണ്‌ ഫാരിബക്ക്‌ സൈക്ലിംഗില്‍ കമ്പം തോന്നിയത്‌. നാട്ടില്‍ പെണ്‍കുട്ടികള്‍ സൈക്കിള്‍ ചവിട്ടുന്നത്‌ എതിര്‍ക്കപ്പെട്ടിരുന്നതിനാല്‍ വേഷം മാറിയും പുരുഷന്‍മാരെ പോലെ വസ്‌ത്രംധരിച്ചും മുഖംമൂടി ധരിച്ചുമാണ്‌ ഫാരിബയും സഹോദരി യുല്‍ദൂസും പരിശീലനം നടത്തിയിരുന്നത്‌. പ്രാദേശിക എതിര്‍പ്പുകളെ അവഗണിച്ച്‌ ഈ സഹോദരിമാര്‍ റോഡിലൂടെ സൈക്കിള്‍ ചവിട്ടുന്നത്‌ ശ്രദ്ധയില്‍ പെട്ടപ്പോള്‍ കാറിടിപ്പിച്ച്‌ അപായപ്പെടുത്താന്‍ പോലും ശ്രമമുണ്ടായി. പലപ്പോഴും നാട്ടുകാര്‍ ഇവരെ കല്ലെറിഞ്ഞു.

2021 ല്‍ താലിബാന്‍ അഫ്‌ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതോടെ ഫാരിബയും സഹോദരിയും അവരുടെ കായിക സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലായി. അപ്പോഴാണ്‌, മുന്‍ ഇറ്റാലിയന്‍ സൈക്ലിംഗ്‌ ചാമ്പ്യനായ അലസാന്ദ്ര കാപ്പെലോട്ടോ ദൈവദൂതനെ പോലെ സഹായഹസ്‌തം നീട്ടുന്നത്‌. ജനിച്ച നാടും വീടും ഉപേക്ഷിച്ച്‌, കുടുംബാംഗങ്ങളെ ഇനിയെന്ന്‌ കാണാന്‍ സാധിക്കുമെന്നറിയാതെ അഫ്‌ഗാന്‍ സഹോദരിമാര്‍ രാജ്യം വിടാന്‍ തീരുമാനിച്ചു.അമ്മയില്‍ നിന്ന്‌ അകന്ന്‌ കഴിയേണ്ടി വരുമെന്നത്‌ ഫാരിബയെ വല്ലാതെ അലട്ടി. സൈക്ലിംഗ്‌ കാരണം സഹോദരി സഹോദരന്‍മാരില്‍ നിന്ന്‌ വേര്‍പിരിയേണ്ടി വരുമെന്ന്‌ ഫാരിബ ഒരിക്കലും കരുതിയിരുന്നില്ല. അന്താരാഷ്ട്ര സൈക്ലിംഗ്‌ രംഗത്തുള്ള ബന്ധങ്ങള്‍ വഴി, ഇറ്റലിയിലേക്കുള്ള ഒരു ഒഴിപ്പിക്കല്‍ വിമാനത്തില്‍ അവര്‍ക്ക്‌ സീറ്റുകള്‍ ലഭിച്ചു.

1997 ല്‍ റോഡ്‌ സൈക്ലിംഗ്‌ ചാമ്പ്യനായ അലെസാന്ദ്ര കാപ്പെല്ലോട്ടോയുടെ സഹായത്തോടെ അവര്‍ ഇറ്റലിയിലേക്ക്‌ പലായനം ചെയ്‌തു. ഇറ്റലിയിലെത്തിയ ശേഷം സഹോദരിമാര്‍ ഒരു പ്രോഫഷണല്‍ സൈക്ലിംഗ്‌ ടീമില്‍ ചേരുകയും ആദ്യമായി ഔദ്യോകിക പരിശീലനം നേടുകയും ചെയ്‌തു. മുമ്പൊരിക്കലും സാധ്യമാകാത്ത വിധം തങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ അവരെ സഹായിച്ച, ജീവിതം തന്നെ മാറ്റിമറിച്ച ഒരു അനുഭവമായിരുന്നു അത്‌.

അഫ്‌ഗാനിസ്ഥാനില്‍ സഹോദരിമാര്‍ക്ക്‌ പ്രൊഫഷണല്‍ പരിശീലനം ലഭിച്ചിരുന്നില്ല. സൈക്കിളെടുത്ത്‌ ഓടിക്കുക എന്നത്‌ മാത്രമായിരുന്നു അവര്‍ ചെയ്‌തിരുന്നത്‌. കുടുംബത്തെയും നാടിനേയും ഉപേക്ഷിക്കേണ്ടി വന്നത്‌ അങ്ങേയറ്റം വേദനാജനകമായിരുന്നെങ്കിലും, അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കുക എന്ന സ്വപ്‌നത്തില്‍ ഫാരിബ ഉറച്ചു നിന്നു. ആ തീരുമാനം പിന്നീടവരെ അഭൂതപൂര്‍വമായ നേട്ടങ്ങളിലേക്ക്‌ നയിച്ചു.2022 ല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച്‌ നടന്ന അഫ്‌ഗാന്‍ നാഷണല്‍ റോഡ്‌ റേസ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഫാരിബ ചാമ്പ്യനായി. അതൊരു തുടക്കമായിരുന്നു. രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം സഹോദരി യു്‌ല്‍ദൂസിനൊപ്പം പാരിസ്‌ ഒളിംപിക്‌സില്‍ അഫ്‌ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ മത്സരിച്ചത്‌ ചരിത്ര സംഭവമായി.

ജിറോ ഡി ഇറ്റാലിയ എന്ന പ്രശസ്‌തമായ അന്താരാഷ്ട്ര സൈക്ലിംഗ്‌ റേസില്‍ മത്സരിക്കുന്ന ആദ്യ അഫ്‌ഗാന്‍ വനിതയായി ഫാരിബ മാറി. ആ ഘട്ടത്തിലും ഫാരിബയുടെ മനസിലേക്ക്‌ ഓടി വന്നത്‌ പ്രാദേശികമായ സാമുഹിക കീഴ്‌വഴക്കങ്ങള്‍ പിന്തുടരുന്ന അവരുടെ കുടുംബത്തെ കുറിച്ചുള്ള ഓര്‍മകളാണ്‌. പെണ്‍മക്കളുടെ വ്യത്യസ്‌തമായ അഭിലാഷത്തെ കുറിച്ച്‌ അറിഞ്ഞപ്പോള്‍ കുടുംബം അവരോട്‌ അത്‌ ഉപേക്ഷിക്കാനാണ്‌ ആവശ്യപ്പെട്ടത്‌. സൈക്ലിംഗ്‌ നിര്‍ത്താന്‍ ഫാരിബക്ക്‌ മുന്നറിയിപ്പ്‌ നല്‍കി. എന്നാല്‍, സാമൂഹിക വിലക്കുകളെ വെല്ലുവിളിക്കാന്‍ മാത്രം മൂല്യമുള്ള ഒരു അഭിനിവേശമാണ്‌ താന്‍ കണ്ടെത്തിയതെന്ന തിരിച്ചറിവില്‍ ഫാരിബ തന്റെ സഹോദരിയേയും ചേര്‍ത്തുപിടിച്ച്‌ മുന്നോട്ട്‌ പോയി.

ഇപ്പോഴിതാ, ഏഷ്യന്‍ ഗെയി്‌ംസിലും ഫാരിബ തന്റെ ചരിത്ര സാന്നിധ്യം അറിയിച്ചിരിക്കുന്നു. അഫ്‌ഗാനിലെ സ്‌ത്രീകള്‍ താലിബാന്‍ ഭരണത്തിന്‌ കീഴില്‍ അടിച്ചമര്‍ത്തപ്പെട്ടവരായി കഴിയുമ്പോള്‍, ആ രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥിതിയോട്‌, തങ്ങളെ കല്ലെറിഞ്ഞവരോട്‌, ഫാരിബയും യുല്‍ദുസും പറയുന്നത്‌ മറ്റൊന്നുമല്ല - ആകാശത്തില്‍ സര്‍വസ്വാതന്ത്ര്യത്തോടെ പറക്കുന്ന പറവകളെ പോലെ, ഞങ്ങള്‍ ഈ ലോകത്ത്‌ ജീവിക്കുന്നു. അഫ്‌ഗാനിസ്ഥാന്റെ അസ്‌തിത്വത്തില്‍ നിന്നു കൊണ്ട്‌, ലോകം മുഴുവന്‍ ഞങ്ങള്‍ സൈക്കിള്‍ ചവിട്ടുന്നു...അഫ്‌ഗാനിലെ സ്‌ത്രീകള്‍ക്ക്‌ സ്വാതന്ത്ര്യത്തോട്‌ അടങ്ങാത്ത മോഹം തോന്നിപ്പിക്കും വിധം ആ സഹോദരിമാര്‍ പാറിപ്പറക്കുന്നു....

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV
Read more Articles on
click me!

Recommended Stories

മാറ്റമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, കാരിക്കിനും പറ്റില്ലെ? യഥാർത്ഥ പ്രശ്നമെന്താണ്?
രാജാവിന് വഴിയൊരുക്ക്! കോലി എന്തുകൊണ്ട് ഓട്ടോമാറ്റിക്ക് ചോയ്‌സാകുന്നു?