ഏഷ്യാ കപ്പ്: പ്രീ ക്വാര്‍ട്ടറിലെത്താന്‍ ഇന്ത്യയുടെ മുന്നിലുള്ള സാധ്യതകള്‍ ഇങ്ങനെ

By Web TeamFirst Published Jan 11, 2019, 9:59 PM IST
Highlights

ബഹ്റിനെതിരായ മത്സരത്തില്‍ ജയിച്ചാല്‍ കൂട്ടലും കിഴിക്കലുമില്ലാതെ ഇന്ത്യക്ക് പ്രീക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിക്കാം. യുഎഇ-തായ്‌ലന്‍ഡ് മത്സരഫലത്തെ ആശ്രയിച്ചെ ഗ്രൂപ്പ് ജേതാക്കള്‍ ആരാകും എന്ന് പറയാനാകു

ദുബായ്: ഏഷ്യാ കപ്പില്‍ തായ്‌ലന്‍ഡിനെതിരെ ഉജ്ജ്വല ജയത്തോടെ തുടങ്ങിയ ഇന്ത്യ, രണ്ടാം മത്സരത്തില്‍ ആതിഥേയരായ യുഎഇയോട് തോറ്റതോടെ പ്രീ ക്വാര്‍ട്ടറിലെത്താന്‍ യുഎഇക്കൊപ്പം ഇന്ത്യക്കും തായ്‌ലന്‍ഡിനും തുല്യ സാധ്യതകളായി. നിലവില്‍ രണ്ട് കളികളില്‍ നാലു പോയന്റുള്ള യുഎഇക്ക് തന്നെയാണ് ഗ്രൂപ്പില്‍ മുന്‍തൂക്കം. ഇന്ത്യക്കും തായ്‌ലന്‍ഡിനും രണ്ടു കളികളില്‍ നിന്ന് മൂന്ന് പോയന്റ് വീതമാണുളളത്. ബഹ്‌റിനാകട്ടെ രണ്ട് കളികളില്‍ ഒരു പോയന്റും. ഗോള്‍ ശരാശരിയില്‍ ഇന്ത്യയാണ് ഇപ്പോള്‍ തായ്‌ലന്‍ഡിനേക്കാള്‍ മുന്നിലുള്ളത്. പ്രീ ക്വാര്‍ട്ടറിലെത്താന്‍ ഇന്ത്യയ്ക്ക് മുന്നില്‍ ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെയാണ്.

ബഹ്റിനെതിരായ മത്സരത്തില്‍ ജയിച്ചാല്‍ കൂട്ടലും കിഴിക്കലുമില്ലാതെ ഇന്ത്യക്ക് പ്രീക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിക്കാം. യുഎഇ-തായ്‌ലന്‍ഡ് മത്സരഫലത്തെ ആശ്രയിച്ചെ ഗ്രൂപ്പ് ജേതാക്കള്‍ ആരാകും എന്ന് പറയാനാകു. യുഎഇ ആണ് ജയിക്കുന്നതെങ്കില്‍ ഇന്ത്യ രണ്ടാം സ്ഥാനക്കാരാവും. തായ്‌ലന്‍ഡ്, യുഎഇയെ സമനിലയില്‍ തളക്കുകയും ഇന്ത്യ ബഹ്റിനെ കീഴടക്കുകയും ചെയ്താല്‍ ഗ്രൂപ്പില്‍ നിന്ന് ഇന്ത്യ ഒന്നാമന്‍മാരായി പ്രീക്വാര്‍ട്ടറിലെത്തും.

ഇനി ഇന്ത്യ-ബഹ്റിന്‍ മത്സരം സമനിലയായാല്‍ ഇന്ത്യക്ക് 4 പോയന്റ് ആവും.  ഈ സാഹചര്യത്തില്‍ തായ്‌ലന്‍ഡ്-യുഎഇ മത്സരഫലത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ മുന്നോട്ടുള്ള സാധ്യത. തായ്‌ലന്‍ഡ്, യുഎഇയെ തോല്‍പ്പിച്ചാല്‍ അവര്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാവും. ഇന്ത്യക്കും യുഎഇക്കും നാലു പോയന്റ് വീതമാവും. അങ്ങനെ വന്നാല്‍ മികച്ച ഗോള്‍ ശരാശരി യുഎഇയ്ക്ക് തുണയാവും. അപ്പോഴും ആദ്യ റൗണ്ടിലെ മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്ക് പ്രീ ക്വാര്‍ട്ടറിലെത്താനുള്ള അവസരമുണ്ട്. ഇത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

ഇന്ത്യ, ബഹ്റിനോട് തോല്‍ക്കുകയും യുഎഇ, തായ്‌ലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്താലും മികച്ച മൂന്നാം സ്ഥാനക്കാരുടെ പരിഗണനവെച്ച് ഇന്ത്യക്ക് മുന്നേറാനുള്ള നേരിയ സാധ്യത അവശേഷിക്കുന്നുണ്ട്. ഇന്ത്യയെക്കാള്‍ താഴ്ന്ന റാങ്കിലുള്ള ബഹ്റിനെ ഇന്ത്യ കീഴടക്കുമെന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ഒപ്പം ഇന്ത്യ 4-1ന് തകര്‍ത്തുവിട്ട തായ്‌ലന്‍ഡിന് യുഎഇ മുട്ടുകുത്തിക്കുമെന്നും ആരാധകര്‍ കരുതുന്നു.

click me!