തായ്‌ലന്‍ഡിനെതിരെ ചരിത്ര ജയം; ഇന്ത്യന്‍ വലയിലായത് ഈ നേട്ടങ്ങള്‍

By Web TeamFirst Published Jan 6, 2019, 10:10 PM IST
Highlights

എ എഫ് സി ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ 55 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ വിജയിക്കുന്നത്. 1964ലായിരുന്നു ഇതിന് മുന്‍പ് ഇന്ത്യയുടെ ജയം. ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ മികച്ച വിജയം കൂടിയാണ് തായ്‌ലന്‍ഡിനെതിരെ പിറന്നത്. 

അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ തകര്‍പ്പന്‍ തുടക്കവുമായി ഇന്ത്യ പന്തടിച്ചത് ചരിത്രത്തിലേക്ക്. ചാമ്പ്യന്‍ഷിപ്പില്‍ 55 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ വിജയിക്കുന്നത്. 1964ലായിരുന്നു ഇതിന് മുന്‍പ് ഇന്ത്യയുടെ ജയം. ഏഷ്യന്‍ കപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയമാണ് തായ്‌ലന്‍ഡിനെതിരെ പിറന്നത്. 

സുനില്‍ ഛേത്രി ഇരട്ട ഗോളുമായി താണ്ഡവമാടിയ മത്സരത്തില്‍ 4-1നായിരുന്നു തായ്‌ലന്‍ഡിനെതിരെ ഇന്ത്യയുടെ ജയം. 27, 46 മിനുറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകള്‍. 68-ാം മിനുറ്റില്‍ അനിരുദ്ധ് ഥാപ്പയും 80-ാം മിനുറ്റില്‍ ജെജെ ലാല്‍പെഖുലയും ഇന്ത്യയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. മുപ്പത്തിമൂന്നാം മിനുറ്റില്‍ തായ്‌ലന്‍ഡിന്‍റെ ഏക ഗോള്‍ തേരാസില്‍ മടക്കി.

മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ സുനില്‍ ഛേത്രിയും ചരിത്രത്തിലേക്ക് നടന്നുകയറി. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലെത്തി ഛേത്രി. അര്‍ജന്‍റീനന്‍ ഇതിഹാസം ലിയോണല്‍ മെസിയെയാണ് പിന്തള്ളിയത്. ഛേത്രിക്ക് 67 ഗോളുകളും മെസിക്ക് 65 ഗോളുകളുമാണുള്ളത്. മുന്നിലുള്ള പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 85 ഗോളുകളുണ്ട്.   

click me!