ഹൈദരാബാദ് ടെസ്റ്റ്: കീഴടങ്ങാതെ ചേസ്; വിന്‍ഡീസ് മാന്യമായ സ്‌കോറിലേക്ക്

By Web TeamFirst Published Oct 12, 2018, 4:57 PM IST
Highlights
  • തുടക്കത്തില്‍ തകര്‍ന്നെങ്കിലും ഇന്ത്യക്കെതിരേ ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ഭേദപ്പെട്ട സ്‌കോറിലേക്ക്. ആദ്യദിനം അവസാനിക്കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തിട്ടുണ്ട്. 98 റണ്‍സുമായി റോസ്റ്റണ്‍ ചേസ്, ദേവേന്ദ്ര ബീഷു (2) എന്നിവരാണ് ക്രീസില്‍.

ഹൈദരാബാദ്: തുടക്കത്തില്‍ തകര്‍ന്നെങ്കിലും ഇന്ത്യക്കെതിരേ ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ഭേദപ്പെട്ട സ്‌കോറിലേക്ക്. ആദ്യദിനം അവസാനിക്കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തിട്ടുണ്ട്. 98 റണ്‍സുമായി റോസ്റ്റണ്‍ ചേസ്, ദേവേന്ദ്ര ബീഷു (2) എന്നിവരാണ് ക്രീസില്‍. കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ ഇന്ത്യക്ക് വേണ്ടി മൂന്ന് വീതം വീക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് ആദ്യദിനം ലഞ്ചിന് പിരിയുമ്പോള്‍ 86ന് മൂന്ന് എന്ന നിലയിലായിരുന്നു. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (14), കീറണ്‍ പവല്‍ (22), ഷായ് ഹോപ് (36) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് ആദ്യ സെഷനില്‍ നഷ്ടമായത്. ശേഷം ഹെറ്റ്മ്യര്‍ (12), സുനില്‍ ആംബ്രിസ് (18) എന്നിവരേയും വിന്‍ഡീസിന് നഷ്ടമായി. ഇതോടെ 113ന് അഞ്ച് എന്ന നിലയിലേക്ക് വീണു സന്ദര്‍ശകര്‍.

ഷെയ്ന്‍ ഡോര്‍വിച്ച് (30) അല്‍പ നേരം പിടിച്ച് നിന്നെങ്കിലും ഉമേഷിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി. പിന്നീടെത്തിയ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും (52) ചേസുമാണ് ടീമിനെ മാന്യമായ നിലയിലെത്തിച്ചത്. ഇരുവരും 104 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഹോള്‍ഡറെ പുറത്താക്കി യാദവ് വീണ്ടും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. അപ്പോഴും ചേസ് പുറത്താവാതെ നിന്നു. ഒരു സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു. ചേസിന്റെ ഇന്നിങ്‌സ്.  

അതേസമയം, അരങ്ങേറ്റക്കാരന്‍ ഷാര്‍ദുല്‍ ടാകൂര്‍ തുടക്കത്തില്‍ തന്നെ പരിക്കേറ്റ് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. ഷമിയെ പുറത്തിരുത്തി ഠാകൂറിന് അവസരം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. ഇന്ത്യന്‍ ടീമില്‍ വേറ്റെ മാറ്റങ്ങളൊന്നുമില്ല. രാജ്‌കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചിരുന്നു.

 

click me!