
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം നേടികൊടുക്കുന്നതില്‍ രവിചന്ദ്ര അശ്വിന്‍റെ സ്ഥാനം വളരെ വലുതാണ്. ഇന്ത്യന്‍ മണ്ണില്‍ നടന്ന ടെസ്റ്റ് പരമ്പരകളില്‍ അവിസ്മരണീയ പ്രകടനമാണ് അശ്വിന്‍ നടത്തിയത്. മിക്കവാറും എല്ലാ പരമ്പരകളിലും താരമായി തിരഞ്ഞെടുക്കപ്പെട്ടതും മറ്റാരുമായിരുന്നില്ല.
അശ്വിന്‍റെ കറങ്ങുന്ന പന്തുകള്‍ക്ക് മുന്നിലാണ് ഓസ്ട്രേലിയയും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ന്യൂസിലാന്‍ഡുമെല്ലാം വട്ടം കറങ്ങി വീണത്. ഇപ്പോഴിതാ ഇംഗ്ലിഷ് മണ്ണില്‍ ചരിത്രം കുറിക്കാനായി കോലിപ്പട ഇറങ്ങിയപ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതും അശ്വിന്‍ തന്നെയാണ്.
ഒന്നാം ടെസ്റ്റിന്‍റെ ആദ്യ സെഷനില്‍ തന്നെ സ്കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് കൂട്ടിചേര്‍ക്കുമ്പോഴേക്കും ഇംഗ്ലണ്ടിന്‍റെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് സാധിച്ചു.
ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായ അലിസ്റ്റര്‍ കുക്കിന്‍റെ വിക്കറ്റ് അശ്വിന്‍ തെറിപ്പിക്കുകയായിരുന്നു. 28 പന്തില്‍ നിന്ന് 13 റണ്‍സ് നേടിയാണ് കുക്ക് പുറത്തായത്. ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാനായ കുക്കിനെ അക്ഷരാര്‍ത്ഥത്തില്‍ കറക്കിവീഴ്ത്തുകയായിരുന്നു അശ്വിന്‍.
കുക്കിനെ വീഴ്ത്തിയ അശ്വിന്‍റെ മാന്ത്രിക പന്തിന് ക്രിക്കറ്റ് ലോകത്ത് വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഇംഗ്ലിഷ് വിക്കറ്റിലും അശ്വിന്‍ ബാറ്റ്സ്മാന്‍മാരെ വട്ടം കറക്കുന്നത് ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.