ആഘോഷിക്കപ്പെടാത്ത ഒരു യുഗം; പരാജയഭാരത്തോടെ ആന്‍ഡി മറെ കളമൊഴിഞ്ഞു

By Web TeamFirst Published Jan 14, 2019, 6:43 PM IST
Highlights

ഫ്രെഡ് പെരിക്ക് എന്ന ഇതിഹാസ താരത്തിന് ശേഷം ഏഴര പതിറ്റാണ്ടിലേറെയാണ് ബ്രിട്ടന്‍ ഒരു വിംബിള്‍ഡണ്‍, യു എസ് ഓപ്പണ്‍ കിരീടത്തിനായി കാത്തിരുന്നത്. 1936 ലെ പെരിക്കിന്‍റെ നേട്ടത്തിന് ശേഷം ഒരു ബ്രിട്ടിഷ് താരം ഈ കിരീടത്തില്‍ മുത്തമിട്ടത് മറെയിലൂടെയായിരുന്നു. 2013, 16 വര്‍ഷങ്ങളില്‍ വിബിള്‍ഡണ്‍ സ്വന്തമാക്കിയ മറെ 2012 ല്‍ യു എസ് ഓപ്പണിലും മുത്തമിട്ടിരുന്നു

മെല്‍ബണ്‍: ആധുനിക ടെന്നിസ് ലോകത്തില്‍ അധികം ആഘോഷിക്കപ്പെടാതെ പോയൊരു വസന്തമായിരുന്നു ആന്‍ഡി മറെ എന്ന് പറയുന്നവരാണ് കായികലോകത്തെ ഏറിയപങ്കും. എന്നാല്‍ ബ്രിട്ടനെ സംബന്ധിച്ചടുത്തോളം അങ്ങനെയല്ല. സൂര്യനസ്തമിക്കാത്ത പഴയ സാമ്രാജ്യത്തിന്‍റെ പ്രതാപം സമകാലിക ടെന്നിസില്‍ രേഖപ്പെടുത്തിയെന്ന പേരിലാകും ബ്രിട്ടന്‍ ആന്‍ഡി മറെയെ അടയാളപ്പെടുത്തുക.

ഫ്രെഡ് പെരിക്ക് എന്ന ഇതിഹാസ താരത്തിന് ശേഷം ഏഴര പതിറ്റാണ്ടിലേറെയാണ് ബ്രിട്ടന്‍ ഒരു വിംബിള്‍ഡണ്‍, യു എസ് ഓപ്പണ്‍ കിരീടത്തിനായി കാത്തിരുന്നത്. 1936 ലെ പെരിക്കിന്‍റെ നേട്ടത്തിന് ശേഷം ഒരു ബ്രിട്ടിഷ് താരം ഈ കിരീടത്തില്‍ മുത്തമിട്ടത് മറെയിലൂടെയായിരുന്നു. 2013, 16 വര്‍ഷങ്ങളില്‍ വിബിള്‍ഡണ്‍ സ്വന്തമാക്കിയ മറെ 2012 ല്‍ യു എസ് ഓപ്പണിലും മുത്തമിട്ടിരുന്നു

പരിക്ക് എന്ന വില്ലനോട് പൊരിതിയാണ് മറെ എന്നും റാക്കറ്റ് വീശിയിരുന്നത്. ഒടുവില്‍ 31 ാം വയസ്സില്‍ കളം ഒഴിയുന്നതും വിട്ടുമാറാത്ത പരിക്കിനെ തുടര്‍ന്ന് തന്നെ. 36 വയസ് പിന്നിട്ട ഫെ‍ഡറര്‍ അടക്കമുള്ള നിരവധി താരങ്ങള്‍ കളം നിറഞ്ഞ് നില്‍ക്കുമ്പോഴാണ് ടെന്നിസിലെ ഒന്നാം റാങ്കടക്കം ഒരുകാലത്ത് സ്വന്തമാക്കിയിരുന്ന ബ്രിട്ടിഷുകാരന്‍ കണ്ണീരോടെ കളത്തിനോട് വിടപറഞ്ഞത്.

റോജർ ഫെഡറർ, റഫാൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നി പ്രതിഭകളോടും പരിക്കിനോടും പടവെട്ടി മൂന്ന് ഗ്രാന്‍ഡ്സ്ലാമുകളും ഒന്നാം റാങ്കും സ്വന്തമാക്കിയിട്ടും മറെ അധികം ആഘോഷിക്കപ്പെട്ടിട്ടില്ല. പരിക്ക് കരിയറിന് തിരശ്ശീല ഇടുമ്പോള്‍ ആരോടും പരിഭവവും പരാതിയുമില്ലാതെ അയാള്‍ റാക്കറ്റ് മടക്കി വയ്ക്കുകയാണ്. പരാജയഭാരത്തോടെയാണ് മറെ കളം വിടുന്നത്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ പൊരുതാനിറങ്ങിയ മറെയ്ക്ക് രണ്ടാം റൗണ്ട് പോലും കാണാനായില്ല. സ്പാനിഷ് താരം ബൗട്ടിസ്റ്റ അഗട്ടാണ് മുറയെ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 6-4, 6-7, 6-7, 6-2.

click me!