
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും പരിശീലകനായിരുന്ന അനില്‍ കുംബ്ലെയും തമ്മിലുള്ള അഭിപ്രായഭിന്നതയെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ടോസ് ലഭിച്ചാല്‍ ആദ്യം ബാറ്റ് ചെയ്യാനായിരുന്നു കുംബ്ലെ താല്‍പര്യപ്പെട്ടതെന്ന് ബിസിസിഐയിലെ ഉന്നതനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ക്യാപ്റ്റന്‍ കോലിക്ക് ബൗള്‍ ചെയ്യാനായിരുന്നു താല്‍പര്യം. ആദ്യം ബാറ്റ് ചെയ്ത് വലിയ റണ്‍നേടി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കണമെന്നായിരുന്നു കുംബ്ലെയുടെ നിലപാട്. ഇത് ശരിയായിരുന്നുവെന്ന് ഫൈനല്‍ തെളിയിക്കുകയും ചെയ്തു.
അതുപോലെ ഡ്രസ്സിംഗ് റൂമിന്റെ നിയന്ത്രണത്തിന്റെ കാര്യത്തിലും ഇരുവരും തമ്മില്‍ കടുത്ത അഭിപ്രായഭിന്നത നിലനിന്നിരുന്നു. തന്റെ ലൈഫ് സ്റ്റൈല്‍ കളിക്കാരും പിന്തുടരണമെന്ന നിലപാടുകാരനായിരുന്നു കുംബ്ലെ. എന്നാല്‍ കളിക്കാരും കോലിയും ഇതിനെ എതിര്‍ത്തു. അതുപോലെ, കളി തോറ്റാല്‍ കളിക്കാരെ തെറ്റ് ചെയ്യുന്ന ചെറിയ കുട്ടികളെ ചീത്തപറയുന്നതുപോലെയായിരുന്നു കുംബ്ലെ ചീത്ത പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ തോല്‍വിക്കുശേഷം കളിക്കാര്‍ ഏറെ ഭയപ്പാടോടെയാണ് ഡ്രസ്സിംഗ് റൂമിലെത്തിയത്.
കളിക്കാരോട് പ്രഫഷണലുകളെന്ന നിലയിലുള്ള സമീപനമല്ല കുംബ്ലെയുടെ ഭാഗത്തുനിന്നുണ്ടായത്. തന്റെ കളിക്കാരെക്കുറിച്ച് ക്യാപ്റ്റന്‍ കോലി ഏറെ ആശങ്കാകുലനായിരുന്നുവെന്നും കുംബ്ലെയുടെ ഇടപെടലുകള്‍ ഡ്രസ്സിംഗ് റൂം അന്തരീക്ഷത്തെത്തന്നെ മോശമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പ്രശ്നത്തില്‍ തന്റ നിലപാട് വ്യക്തമാക്കി കുംബ്ലെ ഫേസ്ബുക് പോസ്റ്റിട്ടെങ്കിലും കോലി ഇതുവരെ മനസുതുറന്നിട്ടില്ല.
ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ അവസാന ടെസ്റ്റില്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കാനുള്ള കുംബ്ലെയുടെ തീരുമാനം ഇരുവരെയും ഏറെ അകറ്റി. ഇതിനുശേഷം ഇരുവരും പരസ്പരം സംസാരിക്കാറില്ലായിരുന്നുവെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!