മെസി ഇല്ലെങ്കില്‍ അര്‍ജന്റീനയെ ആര്‍ക്കും തോല്‍പ്പിക്കാം: റിക്വല്‍മെ

By Web DeskFirst Published Nov 7, 2016, 2:11 PM IST
Highlights

റിയോ ഡ‍ി ജനീറോ: ലയണൽ മെസി ഇല്ലാത്ത അർജന്റൈൻ ടീമിനെ ആ‍ർക്കുവേണമെങ്കിലും തോൽപിക്കാമെന്ന് മുൻതാരം യുവാൻ റൊമാൻ റിക്വൽമേ. പെപ് ഗാർ‍ഡിയോളയെക്കാൾ മികച്ച പരിശീലകൻ ഹോസെ മോറീഞ്ഞോ ആണെന്നും റിക്വൽമേ പറഞ്ഞു.ശരാശരി താരങ്ങളുടെ സംഘമാണ് അർജന്റീന. ലയണൽ മെസ്സി ഇല്ലെങ്കിൽ ആർക്കും അർജന്റീനയെ തോൽപിക്കാം. അതുകൊണ്ടുതന്നെ മെസിക്ക് പരിക്കേൽക്കാതിരിക്കേണ്ടത് അർജന്റീനയുടെ ആവശ്യമാണെന്നും  റിക്വൽമേ പറഞ്ഞു.

അർജന്റീന ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിനെയും കൊളംബിയയെയും നേരിടാൻ തയ്യാറെടുക്കവേയാണ് റിക്വൽമേയുടെ മുന്നറിയിപ്പ്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മെസി കളിച്ച മൂന്ന് കളികളിലും  അ‍ർജന്‍റീന ജയിച്ചു. എന്നാൽ, മെസി ഇല്ലാതെ കളിച്ച ഏഴ് മത്സരങ്ങളിൽ ജയിക്കാനായത് ഒന്നിൽ മാത്രം. 10 ടീമുകളുള്ള തെക്കേ അമേരിക്കയിലെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണിപ്പോൾ അർജന്‍റീന.

വ്യാഴാഴ്ച റിയോ ഡി ജനീറോയിലാണ് അർജന്റീന-ബ്രസീൽ പോരാട്ടം. ഈമാസം 15ന് കൊളംബിയ-അർജന്റീന മത്സരവും. ബ്രസീലിനെ നേരിടുമ്പോൾ നെയ്മറെ ഏപ്പോഴും പേടിക്കണം. മെസി അർജന്റീനയ്ക്ക് എങ്ങനെയാണോ അതുപോലെയാണ് ബ്രസീലിന് നെയ്മർ. മെസി ഇല്ലെങ്കിൽ അർജന്റീനയ്ക്ക് ഇപ്പോൾ പ്രതീക്ഷിക്കാൻ ഒന്നുമില്ല.

പലതവണ ടീമിനെ ഒറ്റക്ക് ഫൈനലിൽ എത്തിച്ച താരമാണ് മെസി. മെസ്സിക്ക് പകരം വയ്ക്കാൻ മറ്റൊരു താരമില്ലെന്നും റിക്വൽമേ പറയുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാർഡിയോളയെക്കാൾ മികച്ച പരിശീലകൻ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹോസെ മൗറീഞ്ഞോയാണെന്നും റിക്വൽമേ പറഞ്ഞു.

 

click me!