മെസിയില്ലാതെ ഇറങ്ങിയിട്ടും ചിലിയോട് പകരം വീട്ടി അര്‍ജന്റീന

By Web DeskFirst Published Jun 6, 2016, 11:11 PM IST
Highlights

സാന്റ ക്ലാര: മെസിയില്ലെങ്കിലും കഴിഞ്ഞ വര്‍ഷം കോപ്പ ഫൈനലിലേറ്റ തോല്‍വിക്ക് ചിലിയോട് അര്‍ജന്റീന കണക്കുതീര്‍ത്തു. കോപ്പ അമേരിക്ക ഫുട്‌ബോളിലെ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കി അര്‍ജന്റീന ജയത്തോടെ തുടങ്ങി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയില്‍ എയ്ഞ്ചല്‍ ഡി മരിയയിലൂടെ ഗോള്‍ വേട്ട തുടങ്ങിയ അര്‍ജന്റീന എവര്‍ ബനേഗയിലൂടെ വിജയമുറപ്പിച്ച രണ്ടാം ഗോളും നേടി. കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിയിരിക്കെ പകരക്കാരന്‍ ഫണ്‍സാലിയഡയിലൂടെ ഒരു ഗോള്‍ മടക്കിയ ചില തോല്‍വിഭാരം കുറച്ചു.

ആദ്യപകുതിയില്‍ ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തില്‍ ഇരുടീമുകള്‍ക്കും ഗോളിലേക്ക് ലക്ഷ്യം വെയ്ക്കാനായില്ല. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തിലേ സമനില കെട്ടുപൊട്ടിച്ച് ഡി മരിയ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. അമ്പതാം മിനിട്ടില്‍ എവര്‍ ബനേഗയുടെ പാസില്‍ നിന്നായിരുന്നു ഡി മരിയയുടെ ഫിനിഷിംഗ്. ഒമ്പത് മിനിട്ടിനകം ആദ്യം ഗോളിന്റെ തനിയാവര്‍ത്തനം കണ്ടും. പക്ഷെ ഇത്തവണ ഡി മരിയയുടെ പാസില്‍ നിന്ന് നിറയൊഴിച്ചത് ബനേഗയായിരുന്നുവെന്ന് മാത്രം. രണ്ട് ഗോള്‍ ലീഡില്‍ വിജയമുറപ്പിച്ച അര്‍ജന്റീന വീണ്ടും ഗോളിലേക്ക് ലക്ഷ്യം വെച്ചെങ്കിലും പലപ്പോഴും ലക്ഷ്യം പാളി. 73ാം മിനിട്ടില്‍ ഹിഗ്വയിന് പകരം അഗ്യൂറോയെ മുന്നേറ്റനിരയില്‍ ഇറക്കിയെങ്കിലും ലീഡ് വര്‍ധിപ്പിക്കാന്‍ അര്‍ജന്റീനക്കായില്ല.

ആശ്വാസഗോളിനായി ചിലി സര്‍വവും മറന്ന് പൊരുതിയെങ്കിലും അര്‍ജന്റീന പ്രതിരോധം കുലുങ്ങിയില്ല. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിട്ടില്‍ അര്‍ജന്റീന ഗോളി റൊമേറോയുടെ അബദ്ധം ചിലിക്ക് ആശ്വാസ ഗോള്‍ സമ്മാനിക്കുകതന്നെ ചെയ്തു. ഗോള്‍ലൈനില്‍ നിന്ന് അനാവശ്യമായി മുന്നോട്ടു കയറിവന്ന റൊമെറോയെ കബളിപ്പിച്ച് പെഡ്രോ ഫണ്‍സാലിഡയുടെ ഹെഡ്ഡര്‍ കൃത്യം വലയില്‍. മെസിക്ക് പകരം കളിച്ച നിക്കോളസ് ഗെയ്റ്റനായിരുന്നു മധ്യനിരയില്‍ അര്‍ജന്റീനയുടെ തന്ത്രങ്ങള്‍ മെനഞ്ഞത്.തുടക്കത്തില്‍ ഗെയ്റ്റന്‍ തൊടുത്ത ഹെഡ്ഡര്‍ ബാറിലിടിച്ചുമടങ്ങിയില്ലായിരുന്നെങ്കില്‍ അര്‍ജന്റീനയുടെ വിജയമാര്‍ജിന്‍ ഇനിയും ഉയര്‍ന്നേനെ. ഗോളടിക്കുകയും ഗോളിലേക്ക് വഴിയൊരുക്കുകയും ചെയ്ത ഡി മരിയയാണ് കളിയിലെ താരം.

click me!