Latest Videos

കോടതിയും കൈവിട്ടു; സുശീല്‍ കുമാര്‍ ഒളിമ്പിക്‌സിനില്ല

By Web DeskFirst Published Jun 6, 2016, 9:27 AM IST
Highlights

ദില്ലി: റിയോ ഒളിമ്പിക്‌സ് ഗുസ്തി മത്സരത്തില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ താരത്തെ തെരഞ്ഞെടുക്കുന്നതിന് ട്രയല്‍സ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരം സുശീല്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. റെസ്‍ലിംഗ് ഫെഡറേഷന്റെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒളിമ്പിക്സിന് ഇനി അധികം സമയമില്ലാത്ത സാഹചര്യത്തില്‍ ഈ സമയത്ത് ട്രയല്‍സ് നടത്തിയാല്‍ അത് കായികതാരത്തെ മാനസികമായി തളര്‍ത്തുമെന്നും പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നും ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനാ ബെഞ്ച് വ്യക്തമാക്കി.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ റിയോയില്‍ യുവ താരം നാര്‍സിംഗ് യാദവ് തന്നെയാകും 74 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്ന് ഏതാണ്ട് ഉറപ്പായി. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ സുശീല്‍കുമാര്‍ സുപ്രീംകോടതിയില്‍ പോകുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധികരിക്കാന്‍ നാര്‍സിംഗ് യാദവാണ് നേരത്തെ യോഗ്യത നേടിയിരുന്നു. എന്നാൽ, പരിക്കുമൂലം തനിക്ക് യോഗ്യതാ മൽസരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും ഒളിമ്പിക്സ് യോഗ്യത നേടാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടാണാണ് സുശീൽ കുമാര്‍ കോടതിയിലെത്തിയത്. നാർസിങ്ങും താനും തമ്മിലുള്ള ട്രയൽസിൽ വിജയിക്കുന്നവരെ ഒളിംപിക്സിന് അയയ്ക്കണമെന്നും സുശീല്‍ ആവശ്യപ്പെട്ടിരുന്നു.

പ്രശ്നത്തിൽ ഇടപെടില്ലെന്നു കേന്ദ്ര കായിക മന്ത്രാലയവും നേരത്തെ നിലപാടെടുത്തിരുന്നു. 2008 ബെയ്ജിങ്, 2012 ലണ്ടൻ ഒളിംപിക്സുകളിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ താരമാണു സുശീൽ കുമാർ. ലണ്ടൻ ഒളിംപിക്സിനു ശേഷം തുടർച്ചയായി വേട്ടയാടിയ പരിക്കും ഇഷ്ട ഇനമായ 66 കിലോ ഫ്രീസ്റ്റൈൽ ഒളിംപിക്സിൽനിന്ന് ഒഴിവാക്കിയതുമാണു സുശീൽ കുമാറിനു വിനയായത്.

കഴിഞ്ഞ രണ്ട് ഒളിംപിക്സിലും 66 കിലോ വിഭാഗത്തിലായിരുന്നു സുശീൽ കുമാറിന്റെ മെഡൽ നേട്ടം. ഇഷ്ട ഇനം ഒഴിവാക്കിയതോടെ സുശീൽ 74 കി.ഗ്രാം വിഭാഗത്തിലേക്കു മാറി. ലണ്ടൻ ഒളിംപിക്സിനു ശേഷം സുശീൽ കുമാർ പങ്കെടുത്ത പ്രധാന ടൂർണമെന്റ് 2014ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസാണ്. അവിടെ സ്വർണ നേട്ടം കുറിച്ചു. വിടാതെ പിടികൂടിയ പരിക്കു കാരണം പിന്നീട് ടൂർണമെന്റുകളിലോ ദേശീയ ക്യാംപിലോ പങ്കെടുത്തില്ല.

ഏറെ ആവേശം വിതറിയ പ്രോ റസ്‌ലിങ് ലീഗിലും സുശീലിന്റെ സാന്നിധ്യമില്ലായിരുന്നു. അതേസമയം, ലോക ചാംപ്യൻഷിപ്പിൽ മെഡൽ നേട്ടത്തോടെ നാർസിങ് ഒളിംപിക്സ് യോഗ്യത സ്വന്തമാക്കുകയും ചെയ്തു. പ്രോ റസ്‌ലിങ് ലീഗിലും നാര്‍സിംഗ് മിന്നിത്തിളങ്ങിയിരുന്നു. ഇതിനുശേഷം പരിക്ക് ഭേദമായ തനിക്ക് ട്രയൽസിന് അവസരം നൽകണമെന്നാവശ്യപ്പെട്ട് സുശീൽ റസ്‌ലിങ് ഫെഡറേഷനെ സമീപിച്ചെങ്കിലും തീരുമാനമുണ്ടായില്ല. ഒളിംപിക്സ് ക്യാംപിലേക്കുള്ള താരങ്ങളുടെ പട്ടികയിൽനിന്നു ഫെഡറേഷൻ സുശീലിനെ ഒഴിവാക്കി. ഇതോടെയാണ് അവസാന ആശ്രയമെന്ന നിലയിൽ സുശീൽ കോടതിയെ സമീപിച്ചത്.

click me!