കോപ്പയില്‍ കിരീടം തേടി അര്‍ജന്റീനയും ചിലിയും

By Web DeskFirst Published Jun 26, 2016, 2:00 PM IST
Highlights

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്കയില്‍ കിരീടം തേടി അര്‍ജന്റീനയും മെസിയും തിങ്കളാഴ്ച ഇറങ്ങും. തിങ്കളാഴ്ച പുലര്‍ച്ചെ 5.30നാണ് കിരീടപ്പോരാട്ടം. കിരീടമില്ലാത്ത 23 വര്‍ഷങ്ങളുടെ കണക്കും പറഞ്ഞ് കുത്തി നോവിക്കുന്നവര്‍ക്ക്  മറുപടി നല്‍കാന്‍ ലയണല്‍ മെസി എന്താകും കരുതി വച്ചിട്ടുണ്ടാവുക?. കഴിഞ്ഞ കോപ്പയിലെ കലാശപ്പോരാട്ടത്തിലേറ്റ മുറിവ് മറക്കാന്‍ മെസിക്ക് ജയിച്ചേ  മതിയാകൂ ?.

കോപ്പയില്‍  ഒരിക്കല്‍ മാത്രമുള്ള ശതാബ്ദി എഡിഷന്റെ ഫൈനലിന് ലഭിക്കാവുന്ന ഏറ്റവും മികച്ച രണ്ട് ടീമുകളാണ് കളത്തിലറങ്ങുന്നത് എന്നതിനാല്‍ ഫേവറൈറ്റുകളെ പ്രവചിക്കുക അസാധ്യം. എങ്കിലും അര്‍ജന്റീനയില്‍ നിന്നും മെസിയില്‍ നിന്നും ആരാധകര്‍ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. ലോക റാങ്കിംഗില്‍ ഒന്നാമതുള്ള അര്‍ജന്റീന ചാമ്പ്യന്‍ഷിപ്പില്‍ തോല്‍വിയറിഞ്ഞിട്ടില്ല. നായകനൊത്ത മികവുമായി കളം  വാഴുന്ന മെസി.ശാരീരികക്ഷമത വീണ്ടെടുത്ത് വരുന്ന ഏയ്ഞ്ചല്‍ ഡി മരിയ. അഞ്ച് കളിയില്‍ 18 ഗോളടിച്ച സ്ട്രൈക്കര്‍മാര്‍. നീലപ്പട നല്‍കുന്ന പ്രതീക്ഷകള്‍ വാനോളം.

എന്നാല്‍ എഡ്വേര്‍ഡോ വര്‍ഗാസും അലക്‌സി സാഞ്ചസും ഭീഷണി മുഴക്കുമ്പോള്‍ അര്‍ജന്റീനിയന്‍ പ്രതിരോധധം കാര്യമായി പരീക്ഷിക്കപ്പെടുമെന്നുറപ്പ്.ആദ്യ  കളിയില്‍ അര്‍ജന്റീനയോട് തോറ്റ ചിലിയെ അല്ല കഴിഞ്ഞ മത്സരങ്ങളില്‍ കോപ്പ കണ്ടത്. കിരീടം നേടിയില്ലെങ്കില്‍ നാട്ടിലേക്ക് വരേണ്ടെന്ന് തുറന്നടിച്ച  മറഡോണ മെസിക്ക് മുന്നിലുയര്‍ത്തുന്ന സമ്മര്‍ദ്ദവും ചെറുതല്ല.

കുരിശിലേറ്റാന്‍ കാത്തിരിക്കുന്ന പതിനായിരങ്ങള്‍ക്ക് മുന്നില്‍ ലയണല്‍ മെസിക്ക് തിങ്കളാഴ്ച ഫുട്ബോള്‍ മിശിഹാ ആയി ഉയര്‍ത്തെഴുന്നേറ്റേ തീരു.

click me!