ഗാംഗുലി സ്വാര്‍ഥന്‍; ദാദയ്ക്ക് മറുപടിയുമായി ഗ്രെഗ് ചാപ്പല്‍

By Web DeskFirst Published Jun 26, 2016, 12:57 PM IST
Highlights

സിഡ്നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി ഉപദേശകസമിതി അംഗവും മുന്‍ നായകനുമായ സൗരവ് ഗാംഗുലി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് അതേഭാഷയില്‍ മറുപടി നല്‍കി ഇന്ത്യന്‍ ടീമിന്റെ മുന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പല്‍ രംഗത്തെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് മുമ്പ് ഗ്രെഗ് ചാപ്പലിനെ ശുപാർശ ചെയ്തതു പോലുള്ള അബദ്ധം ഇനി ആവര്‍ത്തിക്കില്ലെന്നായിരുന്നു ഗാംഗുലിയുടെ പരാമര്‍ശം.

എന്നാല്‍ ഗാംഗുലിയുടെ സ്വാര്‍ഥതയും നായകനെന്ന നിലയിലുള്ള കടുംപിടുത്തങ്ങളുമാണ് തങ്ങള്‍ക്കിയിലെ തമ്മിലടിക്ക് കാരണമായതെന്ന് ചാപ്പല്‍ ഒരു ദേശീയ ദിനപത്രത്തിലെഴുതിയ കോളത്തില്‍ വ്യക്തമാക്കി. ഇത്തരം സ്വാര്‍ഥരായ കളിക്കാര്‍ക്ക് പകരം ടീമിനെ ആത്മാര്‍ഥമായി സേവിക്കുന്ന കളിക്കാരായിരുന്നു ഇന്ത്യക്കുണ്ടായിരുന്നെങ്കില്‍ അവരെ തോല്‍പ്പിക്കുക അസാധ്യമായേനെ എന്നും ചാപ്പല്‍ പറഞ്ഞു. പലപ്പോഴും വിജയത്തിനായി കഠിനാധ്വാനം ചെയ്യുന്നതിന് പകരം കുറുക്കുവഴികള്‍ തേടാനായിരുന്നു ഇന്ത്യന്‍ ടീം ശ്രമിച്ചതെന്നും ചാപ്പല്‍ പറഞ്ഞു.

എന്റെ നിയമനം ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മാറ്റം വരുത്താന്‍ പറ്റിയ കളിക്കാര്‍ എനിക്ക് വേണമായിരുന്നു. അല്ലാതെ ക്യാപ്റ്റന്റെ മാത്രം നിര്‍ദേശങ്ങളല്ല. കളിക്കുകയും മാതൃകപാരമായി നയിക്കുകയും ചെയ്യുന്നൊരാള്‍. എന്നാല്‍ ദ്രാവിഡ് ക്യാപ്റ്റനാകുന്നതുവരെ അത് സംഭവിച്ചില്ല. ദ്രാവിഡിന്റെ കാലത്ത് ഇന്ത്യ നേടിയ ചില മഹത്തായ വിജയങ്ങള്‍ തലപ്പത്തെ മാറ്റം കൊണ്ട് മാത്രം ഉണ്ടായതായിരുന്നു.

സ്വാഭാവിക പ്രതിഭകളെ അതുപോലെ രാജ്യാന്തര ക്രിക്കറ്റിലേക്ക് കളിക്കാന്‍ വിടാതെ അവരെ മികച്ച, ക്രിക്കറ്റര്‍മാരാക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അത് ഉള്‍ക്കൊള്ളാന്‍ ഇന്ത്യക്കായില്ലെന്നും ചാപ്പല്‍ പറഞ്ഞു. ഇപ്പോള്‍ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട അനില്‍ കുംബ്ലെയ്ക്ക് ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുമൊത്ത് മികച്ച കൂട്ടുക്കെട്ടുണ്ടാക്കാനാവുമെന്നും ചാപ്പല്‍ പറഞ്ഞു. കളിക്കുന്ന കാലത്ത് ടീമിലെ മറ്റ് പല കളിക്കാരെക്കാളും ടീമിനോട് പ്രതിബദ്ധതയും ആത്മാര്‍പ്പണവുമുള്ള താരമായിരുന്നു കുംബ്ലെയെന്നും അതേ മികവ് പരിശീലകനാവുമ്പോഴും പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചാപ്പല്‍ പറഞ്ഞു.

 

click me!