ആഴ്സന്‍ വെംഗര്‍ പീരങ്കിപ്പടയുടെ പടിയിറങ്ങുന്നു

By Web DeskFirst Published Apr 20, 2018, 3:29 PM IST
Highlights

1996ൽ ആഴ്സനലിൽ എത്തിയ 68കാരനായ വെംഗർ ആഴ്സനലിന്റെ കൂടെ മൂന്ന് പ്രീമിയർ ലീഗ്, ഏഴ് എഫ്എ കപ്പ് കിരീട നേട്ടങ്ങളില്‍ പങ്കാളിയായി.

ലണ്ടന്‍: രണ്ട് ദശാബ്ദം നീണ്ട പരീശീലകവേഷം അഴിച്ചുവെച്ച് ഇതിഹാസ പരിശീലകന്‍ ആഴ്സന്‍ വെംഗര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ആഴ്സനലിന്റെ പിടിയിറങ്ങുന്നു. ഈ സീസണൊടുവില്‍ മാനേജര്‍ സ്ഥാനം ഒഴിയുമെന്ന് ആഴ്സനല്‍ എഫ്‌സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ക്ലബ്ബുമായി ആലോചിച്ചശേഷമാണ് സീസണൊടുവില്‍ മാനേജര്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതെന്ന് വെംഗര്‍ വ്യക്തമാക്കി. ഇത്രയും കാലം ക്ലബ്ബിനൊപ്പം തുടരാനായതില്‍ അഭിമാനമുണ്ടെന്നും പിരിശീലകനെന്നനിലയില്‍ പൂര്‍ണമായും താന്‍ ക്ലബ്ബിനായി സമര്‍പ്പിച്ചിരുന്നുവെന്നും വെംഗര്‍ പറഞ്ഞു.

https://t.co/Q9saKdTZOT

— Arsenal FC (@Arsenal)

ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വിഷമകരമായ തീരുമാനമാണ് വെംഗറുടേതെന്ന് ക്ലബ്ബിന്റെ ഭൂരിഭാഗം ഓഹരികളും കൈവശമുള്ള സ്റ്റാന്‍ ക്രോയെങ്കെ പ്രതികരിച്ചു. ഇത്രയും കാലം ഉയര്‍ന്ന നിലവാരത്തില്‍ ക്ലബ്ബിനെ നയിച്ച വെംഗറുടെ സാന്നിധ്യമായിരുന്നു തങ്ങളെ ക്ലബ്ബില്‍ മുതല്‍മുടക്കാന്‍ പോലും പ്രേരിപ്പിച്ചതെന്നും ക്രോയെങ്കെ വ്യക്തമാക്കി.

1996ൽ ആഴ്സനലിൽ എത്തിയ 68കാരനായ വെംഗർ ആഴ്സനലിന്റെ കൂടെ മൂന്ന് പ്രീമിയർ ലീഗ്, ഏഴ് എഫ്എ കപ്പ് കിരീട നേട്ടങ്ങളില്‍ പങ്കാളിയായി. 20 തവണ ആഴ്സനലിനെ ചാമ്പ്യന്‍സ് ലീഗിലെത്തിച്ചു. 2004ൽ ഒറ്റ മത്സരംപോലും തോല്‍ക്കാതെ ആഴ്സനലിനെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ചത് വെംഗറിന്റെ കരിയറിലെ പൊൻതൂവലായാണ് കണക്കാക്കപെടുന്നത്.

പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുന്ന ആഴ്സനൽ കഴിഞ്ഞ ദിവസം ന്യൂകാസിലിനോട് പരാജയപ്പെട്ടിരുന്നു. 2018ൽ ആഴ്സനലിന്റെ എവേ മത്സരങ്ങളിലെ തുടർച്ചയായ അഞ്ചാം തോൽവി ആയിരുന്നു ഇത്.

 

click me!