
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെ വീണ്ടും ഇന്ത്യന്‍ നായകന്റെ തൊപ്പി അണിഞ്ഞതോടെ എംഎസ് ധോണി കുറിച്ചത് പുതിയ ചരിത്രം. ഏകദിന ക്രിക്കറ്റിലെ ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡാണ് ധോണി സ്വന്തം പേരിലാക്കിയത്. രണ്ടാം വട്ടം ക്യാപ്റ്റന്റെ തൊപ്പി ധരിച്ചപ്പോള്‍ ധോണിയുടെ പ്രായം 37 വയസും 80 ദിവസവുമാണ്. 36 വയസും 124 ദിവസവും പ്രായമുള്ളപ്പോള്‍ ഇന്ത്യന്‍ നായകനായിട്ടുള്ള മുഹമ്മദ് അസഹ്റുദ്ദീന്റെ റെക്കോര്‍ഡാണ് ധോണി തിരുത്തിയത്.
ധോണിയുടെ നായകത്വത്തില്‍ ഇന്ത്യയുടെ അഞ്ചാമത്തെ ടൈ മത്സരമാണ് അഫ്ഗാനെതിരെ കഴിഞ്ഞത്. ഇതൊരു ലോകറെക്കോര്‍ഡാണ്. റിച്ചി റിച്ചാര്‍ഡ്സണ്‍, സ്റ്റീവ് വോ, ഷോണ്‍ പൊള്ളോക്ക് എന്നിവര്‍ക്ക് കീഴില്‍ മൂന്ന് മത്സരങ്ങള്‍ ടൈ ആയിട്ടുണ്ട്. ഇതിനുപുറമെ ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും ധോണി സ്വന്തമാക്കി.
വിവിധ ഫോര്‍മാറ്റുകളിലായി 505 മത്സരങ്ങളാണ് ധോണി ഇതുവരെ കളിച്ചത്. 504 മത്സരങ്ങള്‍ കളിച്ച ദ്രാവിഡിനെയാണ് ധോണി മറികടന്നത്. 664 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സച്ചിനാണ് ഏറ്റവും കൂടുതല്‍ തവണ ഇന്ത്യയെ പ്രതിനിധീകരിച്ച കളിക്കാരന്‍. ഇതിനുപുറമെ സ്റ്റീഫന്‍ ഫ്ലെമിംഗിനും റിക്കി പോണ്ടിംഗിനും ശേഷം 200 മത്സരങ്ങളില്‍ രാജ്യത്തിന്റെ ക്യാപ്റ്റനാവുന്ന മൂന്നാമത്തെ കളിക്കാരനായും ധോണി മാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!