ജയത്തോളം വലിയ സമനില; ഇന്ത്യയെ ടെെ കെട്ടിച്ച് അഫ്ഗാന്‍ വീര്യം

By Web TeamFirst Published Sep 26, 2018, 1:33 AM IST
Highlights

അവസാന ഓവര്‍ വരെ നീണ്ട ആവേശത്തിനൊടുവില്‍ ജയത്തോളം അഭിമാനകരമായ സമനിലയാണ് അഫ്ഗാന്‍റെ സിംഹക്കുട്ടികള്‍ സ്വന്തമാക്കിയത്

ദുബായ്: ഏഷ്യാ കപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യക്ക് മേല്‍ അഫ്ഗാനിസ്ഥാന്‍റെ തേരോട്ടം. അവസാന ഓവര്‍ വരെ നീണ്ട ആവേശത്തിനൊടുവില്‍ ജയത്തോളം അഭിമാനകരമായ സമനിലയാണ് അഫ്ഗാന്‍റെ സിംഹക്കുട്ടികള്‍ സ്വന്തമാക്കിയത്. അവസാന ഓവറില്‍ രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രം വേണ്ടിയിരുന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ ചുമലിലേറ്റിയ രവീന്ദ്ര ജഡേജയുടെ വിക്കറ്റ് സ്വന്തമാക്കി സൂപ്പര്‍ താരം റാഷിദ് ഖാനാണ് അഫ്ഗാന് സ്വപ്ന നേട്ടം സമ്മാനിച്ചത്.

ഒരുസമയത്ത് വിജയം മുന്നില്‍ കണ്ട അഫ്ഗാന്‍റെ വര്‍ധിത കരുത്തിന് മുന്നില്‍ അടിപതറാതെ 34 പന്തില്‍ 25 റണ്‍സെടുത്ത ജഡേജയ്ക്ക് പക്ഷേ അവസാന ഷോട്ടില്‍ റാഷിദിന് മുന്നില്‍ പിഴയ്ക്കുകയായിരുന്നു. സ്കോര്‍ അഫ്ഗാന്‍ 50 ഓവറില്‍ എട്ട് വിക്കറ്റിന് 252. ഇന്ത്യ 49.5 ഓവറില്‍ 252 റണ്‍സിന് എല്ലാവരും പുറത്ത്.

253 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 21 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 128 റണ്‍സെടുത്ത ശേഷമാണ് തകര്‍ച്ചയിലേക്ക് വീണത്. കെ.എല്‍. രാഹുലും (60) അമ്പാട്ടി  റായുഡു(57) ഓപ്പണിംഗ് വിക്കറ്റില്‍ കത്തിക്കയറിയപ്പോള്‍ വന്‍ വിജയം ഇന്ത്യ കുറിക്കുമെന്ന് ആരാധകര്‍ കരുതി.

എന്നാല്‍, ഒന്നാം വിക്കറ്റില്‍ 110 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യം പിരിഞ്ഞതോടെ അഫ്ഗാന്‍ കളത്തില്‍ തിരിച്ചെത്തി. നാല് വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു റായുഡുവിന്റെ ഇന്നിങ്‌സ്. നബിയെ ഉയര്‍ത്തി അടിക്കാനുള്ള ശ്രമത്തില്‍ റായുഡു നജീബുള്ള സദ്രാന്റെ കൈകളില്‍ ഒതുങ്ങി.

രാഹുല്‍ നാല് ഫോറും ഒരു സിക്‌സും നേടി. റാഷിദിനെ റിവേഴ്‌സ് സ്വീപ് ചെയ്യാനള്ള ശ്രമത്തിലാണ് രാഹുല്‍ പുറത്തായത്. ഇതിന് ശേഷം അഫ്ഗാന്‍ ഇന്ത്യയെ വരിഞ്ഞ് മുറുക്കി. ഒരറ്റത്ത് ദിനേശ് കാര്‍ത്തിക് പിടിച്ച് നിന്നപ്പോള്‍ പിന്നീടെത്തിയവര്‍ പൊരുതുക പോലും ചെയ്യാതെ കൂടാരം കയറി.

നാലാമനായി സ്ഥാനക്കയറ്റം ലഭിച്ച് വന്ന ധോണിയെ ജാവേദ് അഹ്മാദി വിക്കറ്റിന് മുന്നില്‍ കുരുക്കി. ഇത് വിക്കറ്റല്ലെന്ന് റിപ്ലെകളില്‍ തെളിഞ്ഞെങ്കിലും ഇന്ത്യക്ക് റിവ്യുകള്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. ജയപ്രതീക്ഷ വര്‍ധിച്ച അഫ്ഗാന്‍ സ്പിന്‍ ബൗളര്‍മാരെ നിയോഗിച്ച് ഇന്ത്യന്‍ സ്കോറിംഗിന് കടിഞ്ഞാണിട്ടു.

ഇതിനിടെ മനീഷ് പാണ്ഡെയും പുറത്തായതോടെ പ്രതീക്ഷകളെല്ലാം ദിനേശ് കാര്‍ത്തിക്കിലായി. എന്നാല്‍, 44 റണ്‍സെടുത്ത കാര്‍ത്തിക്കിനെ നബി എല്‍ബിഡബ്ല്യു ആക്കി പറഞ്ഞ് വിട്ടതോടെ മത്സരം കൂടുതല്‍ ആവേശമായി. നിര്‍ഭാഗ്യകരമായ റണ്‍ഔട്ടില്‍ കേദാര്‍ ജാദവും കൂടെ പവലിയനില്‍ എത്തിയതോടെ അഫ്ഗാന്‍ അഭിമാന ജയത്തിന്‍റെ സ്വപ്നങ്ങള്‍ മെനഞ്ഞ് തുടങ്ങി.

കുല്‍ദീപ് യാദവിനെ കൂട്ടി രവീന്ദ്ര ജഡേജ കളി നിയന്ത്രിച്ചതോടെ വീണ്ടും ഇന്ത്യക്കായി മുന്‍തൂക്കം. എന്നാല്‍, ഫീല്‍ഡിംഗില്‍ അസാമാന്യ മികവ് പുലര്‍ത്തിയ അഫ്ഗാന്‍ കുല്‍ദീപിനെയും പിന്നീടെത്തിയ സിത്ഥാര്‍ഥ് കൗളിനെയും റണ്‍ഔട്ടിലൂടെ പറഞ്ഞ് വിട്ടതോടെ ആവേശം ഇരട്ടിച്ചു.

അവസാന ഓവറില്‍ രണ്ടാം പന്തില്‍ ജഡജേ റാഷിദിനെ ഫോര്‍ അടിച്ചതോടെ കളി ഇന്ത്യയുടെ വഴിയെയെന്നാണ് തോന്നിച്ചത്. തൊട്ടടുത്ത പന്തില്‍ സിംഗിള്‍ വഴങ്ങിയെങ്കിലും ഖലീല്‍ അഹമ്മദ് വിക്കറ്റ് കാത്ത് ഒരു റണ്‍സ് സ്വന്തമാക്കിയതോടെ കളി സമാസമം ആയി.

ഇതിന് ശേഷം ജഡേജയുടെ ബാറ്റില്‍ നിന്ന് വിജയറണ്‍ പിറക്കുമെന്ന് കരുതിയിരുന്ന ആരാധകരെ ഞെട്ടിച്ചാണ് റാഷിദിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ ജഡേജ പുറത്തായത്. അഫ്ഗാന് വേണ്ടി അഫ്താബ് ആലം, മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

നേരത്തെ, സെഞ്ചുറി നേടിയ മുഹമ്മദ് ഷെഹ്‌സാദ് (116 പന്തില്‍ 124), അര്‍ധ സെഞ്ചുറി നേടിയ മുഹമ്മദ് നബി (56 പന്തില്‍ 64) എന്നിവരാണ് അഫ്ഗാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. മികച്ച തുടക്കമാണ് ഷെഹ്‌സാദ് അഫ്ഗാന് നല്‍കിയത്.

ജാവേദ് അഹമ്മദിയുമായി 65 റണ്‍സ് കൂട്ടുക്കെട്ടാണ് ഷെഹ്‌സാദ്  പടുത്തുയര്‍ത്തിയത്. ഇതില്‍ 56 റണ്‍സ് ഷെഹ്‌സാദിന്റെ സംഭാവനയായിരുന്നു. അഞ്ച് റണ്‍സ് മാത്രമാണ് ജാവേദ് നേടിയത്. ആറ് പടുക്കൂറ്റന്‍ സിക്‌സും  10 ഫോറും അടങ്ങുന്നതായിരുന്നു ഷെഹാസാദിന്റെ ഇന്നിങ്‌സ്.

124 റണ്‍സെടുത്ത ഷെഹ്‌സാനദിനെ കേദാര്‍ ജാദവിന്റെ പന്തില്‍ ദിനേശ് കാര്‍ത്തിക് ക്യാച്ചെടുത്ത് പുറത്താക്കി. അഫ്ഗാന്‍ വിക്കറ്റ് കീപ്പറുടെ അറാം സെഞ്ചുറിയാണിത്. ജഡേജയ്ക്ക് പുറമെ കുല്‍ദീപ് യാദവ് രണ്ടും, ദീപക് ചാഹര്‍, കേദാര്‍ ജാദവ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. സൂപ്പര്‍  ഫോറിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഫെെനല്‍ ഉറപ്പിച്ചതോടെ പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചിരുന്നു. 

click me!