ഏഷ്യാ കപ്പ്: കോലിയില്ലാത്ത ഇന്ത്യക്കെതിരെ പാക്കിസ്ഥാന് മുന്‍തൂക്കമെന്ന് ഹസന്‍ അലി

By Web TeamFirst Published Sep 7, 2018, 5:06 PM IST
Highlights

ഏഷ്യാ കപ്പില്‍ ക്യാപ്റ്റന്‍ വിരാട് കോലിയില്ലാതെ ഇറങ്ങുന്ന ഇന്ത്യക്കെതിരെ പാക്കിസ്ഥാന് മുന്‍തൂക്കമുണ്ടെന്ന് പാക് പേസര്‍ ഹസന്‍ അലി. കോലി ഒരു പ്രതിഭാസമാണെന്നും കോലിയുമായി തന്നെ ഒരിക്കലും താരതമ്യം പോലും ചെയ്യാനാവില്ലെന്നും ഹസന്‍ അലി പറഞ്ഞു.

ദുബായ്: ഏഷ്യാ കപ്പില്‍ ക്യാപ്റ്റന്‍ വിരാട് കോലിയില്ലാതെ ഇറങ്ങുന്ന ഇന്ത്യക്കെതിരെ പാക്കിസ്ഥാന് മുന്‍തൂക്കമുണ്ടെന്ന് പാക് പേസര്‍ ഹസന്‍ അലി. കോലി ഒരു പ്രതിഭാസമാണെന്നും കോലിയുമായി തന്നെ ഒരിക്കലും താരതമ്യം പോലും ചെയ്യാനാവില്ലെന്നും ഹസന്‍ അലി പറഞ്ഞു.

കോലിയുമായി താരതമ്യത്തിന്റെ ആവശ്യമില്ല. അദ്ദേഹം എന്നേക്കാള്‍ മുതിര്‍ന്ന കളിക്കാരനും ബാറ്റിംഗ് പ്രതിഭാസവുമാണ്. എന്റെ കായികക്ഷമതയില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. ഇന്ത്യന്‍ നിരയില്‍ കോലിയില്ലാത്തത് അവര്‍ക്കെതിരെ ഞങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കാനുള്ള കോലിയുടെ മിടുക്ക് പകരംവരുന്ന താരങ്ങള്‍ക്കുണ്ടാവണമെന്നില്ല.

പക്ഷെ കോലിയില്ലെങ്കിലും അപകടകാരികളായ താരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ടെന്ന് ഞങ്ങള്‍ക്കറിയാം.എങ്കിലും ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തകര്‍ത്തശേഷം  ഞങ്ങളാണ് ഇവിടെ ഫേവറൈറ്റുകള്‍. ‌ഞ‌ങ്ങള്‍ക്കെതിരെ ഇറങ്ങുമ്പോള്‍ സമ്മര്‍ദ്ദം ഇന്ത്യക്കാണ്. യുഎഇയില്‍ കളിക്കുന്നതിന്റെ ആനുകൂല്യവും ഞങള്‍ക്കുണ്ട്.

ഇവിടെ ദീര്‍ഘകാലമായി കളിക്കുന്നതിനാല്‍ ഇത് ഞങ്ങളുടെ ഹോം ഗ്രൗണ്ട് പോലെയാണ്. ഈ സാഹചര്യങ്ങളില്‍ എങ്ങനെ കളിക്കണമെന്ന് തങ്ങള്‍ക്ക് നന്നായി അറിയാം-ഹസന്‍ അലി പറഞ്ഞു. ഐസിസി ബൗളിംഗ് റാങ്കിംഗില്‍ മൂന്നാം സ്ഥാനക്കാരനായ അലി 33 ഏകദിനങ്ങളില്‍ നിന്ന് 68 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

click me!