
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് വന്‍ വിവാദത്തില്‍. പന്തില്‍ കൃത്രിമം കാണിച്ചു എന്ന പേരില്‍ ഓസ്ട്രേലിയന്‍ ടീം വന്‍ ആരോപണത്തിന്റെ നിഴലില്‍ ആയിരിക്കുകയാണ്. ഓസ്ട്രേലിയയുടെ കാമറൂണ്‍ ബാൻക്രോഫ്റ്റ് സാൻഡ്പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടുന്ന വീഡിയോ പുറത്തുവന്നു.
ഇതിന് പിന്നാലെ മത്സര ശേഷം മാധ്യമങ്ങളെ കണ്ട ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബോളില്‍ കൃത്രിമം കാണിച്ചത് തുറന്ന് സമ്മതിച്ചു. ബോളില്‍ കാമറൂണ്‍ ബാൻക്രോഫ്റ്റ് നടത്തി 'ചുരണ്ടല്‍' നേരത്തെ നിശ്ചയിച്ചതാണെന്നും. ടീമിലെ നേതൃനിരയിലെ താരങ്ങള്‍ക്ക് ഇത് അറിയാമായിരുന്നെന്നും സ്റ്റീവ് സ്മിത്ത് സമ്മതിച്ചു.
സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി സ്മിത്ത് പറഞ്ഞു. എന്നാല്‍ ഈ വിഷയത്തിന്റെ പേരില്‍ താന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയില്ലെന്ന് പറഞ്ഞു. ഉച്ചയൂണിന്റെ സമയത്താണ് ഇത്തരം ഒരു തന്ത്രം ആവിഷ്കരിച്ചത്. എന്നാല്‍ നടന്ന സംഭവത്തില്‍ ഒട്ടും അഭിമാനം തോന്നുന്നില്ല. കളിയുടെ ധാര്‍മ്മികതയ്ക്കും ആവേശത്തിനും ഒപ്പം നില്ക്കുന്നതല്ല ഈ പ്രവര്‍ത്തി സ്മിത്ത് പറഞ്ഞു.
ഞങ്ങള്‍ക്ക് മേധാവിത്വം നല്കുന്ന പ്രവര്‍ത്തിയായിരിക്കും ഇതെന്നാണ് കരുതിയത്. എന്നാല്‍ അത് നടന്നില്ല. എന്റെ നേതൃത്വത്തില്‍ ഇത് ഒരിക്കലും ആവര്‍ത്തിക്കില്ല. ഈ സംഭവത്തെക്കുറിച്ച് കോച്ചിന് പോലും അറിയില്ലായിരുന്നു. ഞങ്ങള്‍ ഇതിന്റെ പേരില്‍ പിടിക്കപ്പെട്ടില്ലായിരുന്നെങ്കിലും എനിക്ക് ഈ കാര്യത്തില്‍ കുറ്റബോധം തോന്നുമായിരുന്നു എന്നും സ്മിത്ത് പറയുന്നു,
ഒരിക്കലും കളി കൈവിടരുതെന്നാണ് ഞാന്‍ ചിന്തിച്ചത്. ഒട്ടും അഭിമാനിക്കാന്‍ അല്ല പഠിക്കാനുള്ള പാഠമാണിത്. ഈ കാര്യം ഇപ്പോള്‍ പറയുമ്പോഴും എനിക്ക് നാണക്കേട് തോന്നുന്നു സ്മിത്ത് പറയുന്നു. എങ്ങനെയാണ് തങ്ങള്‍ ബോളില്‍ കൃത്രിമം കാണിച്ചത് എന്ന് കാമറൂണ്‍ ബാൻക്രോഫ്റ്റ് പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചു.
സംഭവത്തിൽ മാച്ച് റഫറി വിശദപരിശോധന നടത്തും. കുറ്റം തെളിഞ്ഞാൽ ബാൻക്രോഫ്റ്റിന് ഒരു മത്സരത്തിൽ വിലക്ക് നേരിടേണ്ടിവരും.
മത്സരത്തിനിടയ്ക്ക് ഓസീസ് യുവതാരത്തെ അമ്പയർമാർ വിളിച്ചുവരുത്തിയിരുന്നു. ടെസ്റ്റിന്റെ മൂന്നാംദിനം അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 238 റണ്‍സ് എടുത്തിട്ടുണ്ട്. ആതിഥേയർക്ക് നിലവിൽ 294 റണ്‍സ് ലീഡായി. ഓസീസ് ഒന്നാം ഇന്നിംഗ്സിൽ 255നു പുറത്തായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!