
അബുബാബി: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അവസാന ഓവറില്‍ നിര്‍ഭാഗ്യം അഫ്ഗാനിസ്ഥാനെ പിന്തുര്‍ന്നപ്പോള്‍ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിന് വിജയം. അവസാന ഓവറില്‍ എട്ട് റണ്‍സ് മാത്രം വേണ്ടിയിരുന്ന അഫ്ഗാനെ കൃത്യയാര്‍ന്ന ബൗളിംഗ് കൊണ്ട് വരിഞ്ഞ് മുറുക്കിയ മുസ്താഫിസൂറാണ് ബംഗ്ലാദേശിന്‍റെ വിജയശില്‍പി.
ഇരു ടീമിനും ഏറെ നിര്‍ണായകമായ പോരാട്ടത്തില്‍ മൂന്ന് റണ്‍സിന്‍റെ വിജയമാണ് ബംഗ്ല സംഘം നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ആദ്യം നേരിട്ട തകര്‍ച്ചയ്ക്ക് ശേഷം അഫ്ഗാന് മുന്നില്‍ വച്ചത് 250 റണ്‍സ് വിജയലക്ഷ്യം. പക്ഷേ, നിശ്ചിത ഓവറില്‍ 246 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ എഴുതി ചേര്‍ക്കാനെ അഫ്ഗാന് കഴിഞ്ഞുള്ളൂ.
മോശം തുടക്കത്തില്‍ നിന്ന് കരകയറിയ അഫ്ഗാനും തിരിച്ചടിച്ചതോടെ അവസാന ഓവറുകള്‍ ആവേശത്തിന്‍റെ തിരമാലകള്‍ തീര്‍ത്തു. എന്നാല്‍, കൂറ്റനടിക്ക് ശ്രമിച്ച് മുഹമ്മദ് നബി പുറത്തായതാണ് ബംഗ്ലാദേശിന് രക്ഷയായത്. തുടര്‍ന്നെത്തിയ റാഷിദ് ഖാനും കാര്യമായി ഒന്നും ചെയ്യനാകാതെ കൂടാരം കയറേണ്ടി വന്നും അഫ്ഗാന്‍ സ്വപ്നങ്ങളുടെ ചിറകരിഞ്ഞു.
ബംഗ്ലാദേശിന്‍റെ സ്കോറിനെതിരെ മുഹമ്മദ് ഷഹ്സാദും ഹഷ്മത്തുള്ളാഹ് ഷാഹിദിയും നേടിയ അര്‍ധ സെഞ്ചുറികളാണ് അഫ്ഗാനെ വിജയത്തിന്‍റെ അടുത്ത് വരെയെത്തിച്ചത്. എന്നാല്‍, 53 റണ്‍സെടുത്ത ഷഹ്സാദും 71 റണ്‍സെടുത്ത ഷഹീദിയും പുറത്തായതോടെ ബംഗ്ല കടുവകള്‍ കളിയിലേക്ക്തിരിച്ച് വന്നു.
പക്ഷേ, നായകന്‍ അസ്ഗാര്‍ അഫ്ഗാനും മുഹമ്മദ് നബിയും വിജയത്തിലേക്ക് തോണി തുഴഞ്ഞെങ്കിലും അവസാന ഓവറുകളില്‍ ഇത്തരം സാഹചര്യങ്ങളില്‍ പുലര്‍ത്തേണ്ട അനുഭവപരിചയത്തിന്‍റെ കുറവാണ് ഇത്തവണയും അഫ്ഗാന്‍റെ കെെയില്‍ നിന്ന് വിജയം തട്ടിയെടുത്തത്. അസ്ഗാര്‍ 39 റണ്‍സും നബി 38 റണ്‍സുമാണ് കൂട്ടിച്ചേര്‍ത്തത്.
ബംഗ്ലാദേശിനായി മൊര്‍ത്താസയും മുസ്താഫിസൂറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന്‍റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ നസ്മുള്‍ ഹൊസൈന്‍ (6), മുഹമ്മദ് മിഥുന്‍ (1) എന്നിവരെ ബംഗ്ലാദേശിന് നഷ്ടമായി.
പിന്നീട് ലിറ്റണ്‍ ദാസ് (41), മുശ്ഫികുര്‍ റഹീം (33) എന്നിവര്‍ ബംഗ്ലാദേശിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. ഇവര്‍ക്ക് രണ്ട് പേര്‍ക്ക് പുറമെ ഷാക്കിബ് അല്‍ ഹസന്‍ കൂടി മടങ്ങിയത് അവര്‍ക്ക് തിരിച്ചടിയായി.
എങ്കിലും ഇമ്രുല്‍ കയിസ് (72*), മഹ്മുദുള്ള (74) എന്നിവരുടെ പ്രകടനം ബംഗ്ലാദേശിനെ 250നടുത്ത് എത്തിച്ചു. രണ്ട് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു മഹ്മുദുള്ളയുടെ ഇന്നിങ്‌സ്. അഫ്ഗാനായി അഫ്താബ് ആലം മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!