ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം; നിലപാടറിയിച്ച് ബിസിസിഐ

By Web TeamFirst Published Feb 22, 2019, 3:34 PM IST
Highlights

സര്‍ക്കാര്‍ തീരുമാനം എന്താണോ അതിനൊപ്പം നില്‍ക്കാന്‍ ഇന്ന് ചേര്‍ന്ന് ബിസിസിഐ ഇടക്കാല ഭരണ സമിതി യോഗം തീരുമാനിച്ചു.

മുംബൈ: മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കണോ എന്ന കാര്യത്തില്‍ നിലപാടറിയിച്ച് ബിസിസിഐ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എന്താണോ അതിനൊപ്പം നില്‍ക്കാന്‍ ഇന്ന് ചേര്‍ന്ന് ബിസിസിഐ ഇടക്കാല ഭരണ സമിതി യോഗം തീരുമാനിച്ചു.

ഇതിനു പുറമെ ലോകകപ്പിലെ മത്സരങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം ആവശ്യപ്പെട്ടും ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഐസിസിക്ക് കത്തെഴുതാനും ഇടക്കാല ഭരണസിമിതി യഗം താരുമാനിച്ചു.വിനോദ് റായ്, ഡയാന എഡുല്‍ജി എന്നിവര്‍ക്കൊപ്പം സുപ്രീംകോടതി നിയോഗിച്ച പുതിയ അംഗം  ലഫ്.ജന.രവി തോഡ്ഗെയും യോഗത്തില്‍ പങ്കെടുത്തു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി ആരാധകരും മുന്‍കാല താരങ്ങളും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇടക്കാല ഭരണസമിതി ഇക്കാര്യം പരിഗണിച്ചത്.

പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. ഇതിന് പിന്നാലെയാണ് ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന ആവശ്യം ഉയര്‍ന്നത്. ഈ ആവശ്യത്തെ സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിംഗ് ഉള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങള്‍ പിന്തുണച്ചിരുന്നു. മെയ് 30ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ജൂണ്‍ 16-ാം തിയതിയാണ് ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം നടത്താന്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

click me!